സിദ്ദീഖ് വധം; വിശ്വസിക്കാനാവാതെ ഒളവണ്ണക്കാർ
text_fieldsപന്തീരാങ്കാവ്: ഒളവണ്ണ മാത്തറയിലെ ചിക്ക് ബേക്ക് ഹോട്ടലുടമ തിരൂർ ഏഴൂർ മേച്ചേരി വീട്ടിൽ സിദ്ദീഖിന്റെ (58) കൊലപാതക വാർത്തയുടെ നടുക്കത്തിലാണ് ഒളവണ്ണക്കാർ. മാത്തറയിലെ കെട്ടിടം വിലക്ക് വാങ്ങിയതു മുതൽ കഴിഞ്ഞ 25 വർഷമായി സിദ്ദീഖിന് ഈ നാടുമായി അടുത്ത ബന്ധമാണുള്ളത്. താഴത്തെ നിലയടക്കം മൂന്ന് നിലകളുള്ള സ്വന്തം കെട്ടിടത്തിലെ ഹോട്ടൽ രണ്ടുമാസം മുമ്പാണ് സിദ്ദീഖ് ഏറ്റെടുത്ത് നടത്താൻ തുടങ്ങിയത്.
പ്രവാസിയായിരുന്ന ഇദ്ദേഹം കോവിഡ് സമയത്താണ് ചിക്ക് ബേക്ക് എന്ന പേരിൽ ഹോട്ടൽ തുടങ്ങിയത്. ഇവിടെ ഉണ്ടായിരുന്ന മറ്റു ചില കടകൾ ഒഴിഞ്ഞശേഷം ഇവ കൂട്ടിയോജിപ്പിച്ചാണ് ഹോട്ടൽ തുടങ്ങിയത്.
രണ്ടുവർഷമായി മറ്റ് പലരുമായിരുന്നു ഹോട്ടൽ നടത്തിയിരുന്നത്. രണ്ടുമാസം മുമ്പാണ് സിദ്ദീഖുതന്നെ ഹോട്ടൽ ഏറ്റെടുത്ത് നടത്താൻ തുടങ്ങിയത്. കെട്ടിടത്തിലെ മുകൾ നിലയിലെ മുറിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
കൊലപാതക കേസിൽ പ്രതിയായ, ഹോട്ടൽ ജീവനക്കാരനായിരുന്ന ഷിബിലി ഏതാനും ദിവസം മാത്രമാണ് ഇവിടെ ജോലിചെയ്തതെന്ന് സമീപവാസികൾ പറയുന്നു. ഹോട്ടലിലെ പാചകക്കാരന്റെയും കാഷ് കൗണ്ടറിൽനിന്നും പണം നഷ്ടപ്പെട്ടതോടെ സിദ്ദീഖ് ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നുവെന്ന് മറ്റു ജീവനക്കാർ പറഞ്ഞു. ഇതിനുശേഷമാണ് സിദ്ദീഖിനെ കാണാതാവുന്നതും പിന്നീട് മൃതദേഹം അഗളിയിൽനിന്ന് കണ്ടെടുക്കുന്നതും.
സിദ്ദീഖിനെ കാണാതായതിനെ തുടർന്ന് മകൻ ഒളവണ്ണയിലെത്തിയിരുന്നു. വീണ്ടും രണ്ടു ദിവസം കൂടി ഹോട്ടൽ പ്രവർത്തിപ്പിച്ചിരുന്നു. മകന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയതും പിന്നീട് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയതും.