എ.കെ. ശശീന്ദ്രനെ തടയിടാൻ വിമത പക്ഷം; പോരിനുറച്ച് ശശീന്ദ്രപക്ഷം
text_fieldsഎ.കെ. ശശീന്ദ്രൻ
കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കളുടെ നീക്കങ്ങൾക്കിടയിലും സ്ഥാനാർഥിത്വം നേടിയെടുക്കാൻ ശശീന്ദ്രപക്ഷം. തെരഞ്ഞെടുപ്പിനുമുമ്പുതന്നെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് പാർട്ടിയിൽതന്നെ പോരു മുറുകിയതോടെ ഇരുപക്ഷവും അരയും തലയും മുറുക്കി സംസ്ഥാന-ദേശീയ നേതാക്കളെ കാണുന്നതിനും സ്വാധീനിക്കുന്നതിനും നെട്ടോട്ടമോടുകയാണ്.
മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ ശനിയാഴ്ച അർധരാത്രിവരെ നീണ്ട ചർച്ച വിമതപക്ഷത്തെ കൂടുതൽ ചൊടിപ്പിച്ചു. തനിക്കൊപ്പം നിൽക്കുന്ന സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.എം. സുരേഷ് ബാബുവിനെയും സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. എം. ആലിക്കോയ ഉൾപ്പെടെയുള്ള നേതാക്കളെയും പങ്കെടുപ്പിച്ചായിരുന്നു യോഗം ചേർന്നത്.
ശശീന്ദ്രൻതന്നെ ഗ്രൂപ് യോഗം ചേർന്നതിനെതിരെ വേലിതന്നെ വിളവുതിന്നുന്നതിന് തുല്യമാണെന്നാണ് എൻ.വൈ.സി എലത്തൂർ ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തിയത്. ഗെസ്റ്റ് ഹൗസിൽ ചേർന്നത് ഗ്രൂപ് യോഗമല്ലെന്നും നേതൃയോഗം മാത്രമാണെന്നും ശശീന്ദ്രൻ വിഭാഗം അറിയിച്ചു.
മന്ത്രി എ.കെ. ശശീന്ദ്രൻ എട്ടു തവണ തുടർച്ചയായി മത്സരിക്കുക എന്നത് രാഷ്ട്രീയപരമായും ധാർമികപരമായും തെറ്റായ പ്രവണതയാണെന്നും പുതുതലമുറക്കുവേണ്ടി മാറിനിൽക്കണമെന്നും എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദിനെ പാർട്ടി സ്ഥാനാർഥിയായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് എൻ.വൈ.സി എലത്തൂർ ബ്ലോക്ക് കമ്മിറ്റി ഞായറാഴ്ച പ്രമേയത്തിലൂടെ പാർട്ടി സംസ്ഥാന-ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിച്ചു.
ദേശീയ വർക്കിങ് പ്രസിഡന്റായ പി.സി. ചാക്കോ എറണാകുളത്തെത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് കാണാൻ ഇരു വിഭാഗത്തിലെ അംഗങ്ങളും ഞായറാഴ്ച എറണാകുളത്ത് എത്തിയെങ്കിലും അദ്ദേഹം മുംബൈക്ക് പോയതിനാൽ കാണാൻ കഴിഞ്ഞില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയിൽ എ.കെ. ശശീന്ദ്രൻ വിഭാഗമാണ് ഭൂരിപക്ഷമെന്നതിനാൽ പി.സി. ചാേക്കായെ സ്വാധീനിക്കാനാണ് വിമത നീക്കം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം പരിഗണിക്കാതെ എ.കെ. ശശീന്ദ്രനെ തെരഞ്ഞെടുപ്പിൽനിന്ന് മാറ്റിനിർത്തിയാൽ പാർട്ടി പിളർപ്പിലേക്കാകുമെന്നതും ഏറക്കുറെ ഉറപ്പായി.
എൻ.സി.പിയിൽനിന്നുള്ള ഒരു വിഭാഗം എ.കെ. ശശീന്ദ്രന് വീണ്ടും സീറ്റ് നൽകരുെതന്ന് സി.പി.എം ജില്ല നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില സി.പി.എം നേതാക്കൾ എ.കെ. ശശീന്ദ്രൻ മത്സരിക്കരുതെന്ന താഴേത്തട്ടിലുള്ള വികാരം ജില്ല കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, എ.കെ. ശശീന്ദ്രനായാൽ എലത്തൂർ ഇത്തവണയും നഷ്ടമാകില്ലെന്ന ഉറപ്പും ഭൂരിഭാഗം സി.പി.എം നേതാക്കൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

