കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം എല്ലാം പഴയ പടി; വേണം, അധികൃതരുടെ ശ്രദ്ധ
text_fieldsകോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന്റെ പരാധീനതകൾ അവസാനിക്കുന്നില്ല. തിരുവനന്തപുരത്തെയും തൃശൂരിലെയും മാനസികാരോഗ്യ കേന്ദ്രങ്ങളെ അപേക്ഷിച്ച് അൽപം മെച്ചമാണെങ്കിലും മാറാതെ കിടക്കുന്ന പലതുമുണ്ട് അവിടെ. ഗേറ്റ് കടന്ന് വരുന്ന ഓരോ മനുഷ്യനെയും, തന്നെ കൊണ്ടുപോകാൻ വരുന്നവരാണോ എന്ന പ്രതീക്ഷയോടെ നോക്കുന്ന അന്തേവാസികളാണ് അതിൽ ഒന്നാമത്. 10 വർഷം കഴിഞ്ഞാലും ഈ കാഴ്ച ഇങ്ങനെ തുടരാനാണ് സാധ്യതയും.
നിലവിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ 400ലേറെ അന്തേവാസികളുണ്ടെന്ന് സൂപ്രണ്ട് ഡോ. സരള നായർ പറഞ്ഞു. പുരുഷ അന്തേവാസികളാണ് കൂടുതലുള്ളത്. എണ്ണത്തിൽ കൂടുതലുള്ള ഇതരസംസ്ഥാനക്കാരായ അന്തേവാസികളുടെ പുനരധിവാസമാണ് നേരിടുന്ന മറ്റൊരു പ്രശ്നം.
രോഗം ഭേദമായിട്ടും സ്വന്തം നാട്ടിലേക്ക് പോകാനാകാതെ കാത്തിരിപ്പു തുടരുകയാണ് പലരും. ഇവരെ കുടുംബത്തോടു ചേർക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിട്ട. ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ കോട്ടൂളി സ്വദേശി എം. ശിവന്റെ നേതൃത്വത്തിൽ പുനരധിവാസപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ശിവൻ മുൻകൈയെടുത്ത് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ 400ലേറെ ഇതരസംസ്ഥാനക്കാരായ അന്തേരാസികളുടെ പുനരധിവാസം സാധ്യമാക്കിയിട്ടുണ്ട്. പലതരക്കാരാണ് ആളുകൾ. രേഷ്മ(55) എന്ന ഛത്തിസ്ഗഢ് സ്വദേശിയുടെ പുനരധിവാസം ഉടൻ നടക്കും. ഇടക്കിടെ ദേഷ്യപ്പെടുന്ന, ചിലപ്പോൾ മിണ്ടാതിരിക്കുന്ന, പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന ഇവരുടെ ഭാഷകൾ മനസ്സിലാക്കി നിരന്തരം സംസാരിച്ചാണ് ശിവൻ മനസ്സിന്റെ നൂലു പൊട്ടിപ്പോയ ഈ മനുഷ്യർ ഏതു നാട്ടുകാരാണെന്ന് കണ്ടെത്തുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് വഴിതെറ്റിയെത്തി അലഞ്ഞുനടക്കുന്ന ആളുകളെ പൊലീസും സന്നദ്ധസംഘടനകളിൽ പെട്ടവരുമാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നത്. ഇവിടത്തെ 150ഓളം അന്തേവാസികൾ മലയാളികളാണ്.
അവരിൽ വിദ്യാസമ്പന്നരടക്കം ഉണ്ട്. ഒരിക്കൽ മനോരോഗിയായി മുദ്രചാർത്തിയാൽ ഇവർക്ക് കുടുംബങ്ങളിലേക്കുള്ള മടക്കം അസാധ്യമാണ്. ഇത്തരത്തിൽ രോഗം മാറി 80 ഓളം പേർ കുടുംബം ഏറ്റെടുക്കാത്തവരായി ഇവിടെ തുടരുന്നുണ്ട്. ദീർഘകാലം ഇവർക്ക് അഭയം നൽകാനുള്ള സംവിധാനം ഈ ആരോഗ്യകേന്ദ്രത്തിന് ഇല്ലതാനും. ഇങ്ങനെ നോക്കുമ്പോൾ ചികിത്സ പ്രതിസന്ധിയേക്കാൾ വലിയ പ്രശ്നമാണ് പുനരധിവാസം. അന്തേവാസികളുടെ വിവരങ്ങൾ പുറംലോകത്തിന് അന്യമാണ്. ഇവിടേക്ക് കടക്കാനും കടമ്പകൾ ഒരുപാടുണ്ട്.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണ് മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന മറ്റൊരു പ്രശ്നം. 400ലേറെ അന്തേവാസികളുടെ സുരക്ഷക്കായി ആവശ്യത്തിന് സുരക്ഷ ജീവനക്കാരില്ല. 20 സുരക്ഷ ജീവനക്കാർ വേണ്ടിടത്ത് നിലവിൽ നാലോ അഞ്ചോ ആളുകൾ മാത്രമാണുള്ളത്. സുരക്ഷ വീഴ്ചകൾ കാരണം കൊലപാതക കേസ് പ്രതികളടക്കം മതിൽ ചാടി രക്ഷപ്പെടുന്ന സംഭവങ്ങൾ ഉണ്ടാകുന്നു.
നിലവിലുള്ള ജീവനക്കാർക്ക് വലിയ ജോലിഭാരമാണ് അനുഭവപ്പെടുന്നത്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക സുരക്ഷ ജീവനക്കാരെ നിയമിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ശമ്പളം ആകർഷകമല്ലാത്തതിനാൽ പലരും ജോലിക്ക് കയറാൻ താൽപര്യപ്പെടുന്നില്ല. മാനസികാരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥ നേരിട്ടറിയാൻ രണ്ട് ഹൈകോടതി ജഡ്ജിമാർ അടുത്തിടെ സന്ദർശനം നടത്തിയിരുന്നു. അവരുടെ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
1872ൽ സ്ഥാപിതമായ ഈ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇപ്പോഴും ആധുനിക സൗകര്യങ്ങളുടെ ലഭ്യത വളരെ കുറവാണ്. ഈ സാഹചര്യത്തിൽ കുതിരവട്ടത്തെ ആഗോള മാതൃകയിലുള്ള സന്തോഷ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിശദമായ പദ്ധതി രേഖ അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. 400 കോടിയുടെ വികസന മാസ്റ്റർ പ്ലാൻ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗവേഷണ-ചികിത്സ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള നാല് ഘട്ടങ്ങളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടം പൂർത്തിയാക്കാൻ 100 കോടി രൂപ വേണം. ആധുനിക ഒ.പി വിഭാഗം, കുട്ടികൾക്കായി ചൈൽഡ് സൈക്യാട്രി സെന്റർ, തടവുകാരായ അന്തേവാസികൾക്ക് പ്രത്യേക വാർഡുകൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് അതിൽ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

