ഫണ്ടും ജീവനക്കാരുമില്ല; കോഴിക്കോട്ടെ ജെൻഡർപാർക്കിന് മരണമണി
text_fieldsവെള്ളിമാടുകുന്നിൽ ആർക്കും വേണ്ടാത്ത തന്റേടം ജെൻഡർ പാർക്കിന്റെ ഭാഗമായുള്ള കൺവൻഷൻ സെന്റർ
കോഴിക്കോട്: കോടികൾ ചെലവിട്ട് കോഴിക്കോട് വെള്ളിമാടുകുന്നിൽ നിർമിച്ച രാജ്യത്തെ ആദ്യത്തെ ജെൻഡർ പാർക്ക് അകാലമൃത്യവിന്റെ വക്കിൽ. സ്ത്രീകളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സർഗാത്മക ഇടമായി മാറേണ്ടിയിരുന്ന ഈ വിശാലയിടം വെറുമൊരു ‘ഓഫിസോ’ ‘സെമിനാർ ഹാളോ’ മാത്രമായി ഒതുങ്ങി. 2021 ഫെബ്രുവരി 14നായിരുന്നു ജെൻഡർ പാർക്കിന്റെ ഉദ്ഘാടനം. തന്റേടം ജെൻഡർ പാർക്ക് എന്നായിരുന്നു പദ്ധതിയുടെ അന്നത്തെ പേര്. 2013 മാർച്ച് എട്ടിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് പാർക്കിന് തറക്കല്ലിട്ടത്. ഉമ്മൻചാണ്ടി സർക്കാറിൽ സാമൂഹിക-ക്ഷേമ മന്ത്രിയായിരുന്ന എം.കെ. മുനീറിന്റെ ആശയമായിരുന്നു തന്റേടം ജെൻഡർ പാർക്ക്. പിന്നീടത് വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രധാന ജെൻഡർ ഹബായി വികസിപ്പിച്ചു.
24 ഏക്കര്‍ വിസ്തൃതിയില്‍ ജെന്‍ഡര്‍ മ്യൂസിയം, ജെന്‍ഡര്‍ ലൈബ്രറി, കോണ്‍ഫറന്‍സ് സെന്‍റര്‍, ആംഫി തിയറ്റര്‍ എന്നിവയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയത്. ലൈബ്രറിയിലേക്ക് ഗവേഷകർ അടക്കമുള്ളവർ എത്താറുണ്ട് എന്നതൊഴിച്ചാൽ ഇപ്പോൾ ഈ പാർക്കിൽ ആളനക്കമില്ല. ഐക്യരാഷ്ട്ര സഭയുടെ വനിതാ വിഭാഗത്തിന്‍റെ സഹകരണത്തോടെ പാർക്ക് കൂടുതൽ വികസിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ, ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ചുള്ള പദ്ധതികളൊന്നും നിലവിൽ ജെൻഡർ പാർക്കിൽ ഇല്ല. തുടക്കത്തിൽ വിഭാവനം ചെയ്ത അന്താരാഷ്ട്ര വനിത ട്രേഡ് സെന്റർ, വിപുലമായ ഗവേഷണ കേന്ദ്രം തുടങ്ങിയ പല വലിയ പദ്ധതികളും വിചാരിച്ച വേഗതയിൽ മുന്നോട്ടു പോയില്ല. ഫണ്ടിന്റെ കുറവും കൃത്യമായ മേൽനോട്ടമില്ലായ്മയും തന്നെയായിരുന്നു കാരണം.
മാത്രമല്ല, പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ ആദ്യഘട്ടത്തിൽ ഇതിന് വലിയ പ്രാധാന്യം നൽകാത്തതും തിരിച്ചടിയായി. ശതകോടികൾ മുടക്കി വലിയ കെട്ടിടസമുച്ചയങ്ങൾ നിർമിച്ചെങ്കിലും അവയുടെ ദൈനംദിന നടത്തിപ്പിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ആവശ്യമായ തുടർ ഫണ്ട് സർക്കാറിൽ നിന്ന് കൃത്യമായി ലഭിച്ചില്ല. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കണക്ടിവിറ്റി, വൈദ്യുതീകരണ ജോലികൾ തുടങ്ങിയ സാങ്കേതിക കാര്യങ്ങൾ പൂർത്തിയാക്കാൻ വൈകിയതും കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കാൻ കാരണമായി.
കൃത്യമായ സ്റ്റാഫ് പാറ്റേൺ വേണം
മുഴുവൻ സമയ ഡയറക്ടറും നടത്തിപ്പിനായി സ്ഥിര ജീവനക്കാരും ഇല്ല എന്നതാണ് പാർക്കിന്റെ സ്ഥിതി അവതാളത്തിലാകാനുള്ള പ്രധാന കാരണം. ആസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റിയതോടെയാണ് പാർക്കിന്റെ മുഴുവൻ സമയ മേൽനോട്ടത്തിന് ആളില്ലാതായത്. ദിവസവേതനത്തിൽ ജോലി ചെയ്യുന്ന താൽകാലിക ജീവനക്കാർ മാത്രമാണ് ഇവിടെ ഉള്ളത്. പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഡയറക്ടറും സ്ഥിരം സ്റ്റാഫ് പാറ്റേണും നിർബന്ധമാണ്. ആദ്യഘട്ടത്തിൽ ജെൻഡർ പാർക്കിന് മുഴുവൻ സമയ ഡയറക്ടർ ഉണ്ടായിരുന്നു. പിന്നീടാണ് വനിത ശിശു ക്ഷേമ വകുപ്പിലെ ഡയറക്ടർക്ക് ചുമതല കൊടുത്തത്. ഇപ്പോൾ വി. വിഘ്നേശ്വരി ഐ.എ.എസിനാണ് ചുമതല. തിരുവനന്തപുരത്തിരുന്ന് അവർക്ക് കോഴിക്കോട്ടെ പാർക്കിന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ പ്രയാസമുണ്ട്.
ആർക്കും വേണ്ടാത്ത കൺവെൻഷൻ സെന്റർ
27 കോടി ചെലവഴിച്ച് നിർമിച്ച കൺവെൻഷൻ സെന്ററിൽ നിന്ന് 10 ലക്ഷം രൂപയുടെ വരുമാനം പോലും കിട്ടിയിട്ടില്ല എന്നതും ഇതോട് ചേർത്ത് വായിക്കണം. സർക്കാറിന്റെ പരിപാടികൾ നടത്താനാണെന്നുപറഞ്ഞാണ് കൺവെൻഷൻ സെന്റർ ഉണ്ടാക്കിയത്. എന്നാൽ, നാമമാത്ര പരിപാടികൾ മാത്രമാണ് ഇവിടെ നടന്നത്. ഫെബ്രുവരിയിൽ കൺവെൻഷൻ സെന്ററിൽ ചില പരിപാടികൾ നടന്നതല്ലാതെ ഈ വർഷം മറ്റൊന്നുമുണ്ടായിട്ടില്ല. നഗരത്തിൽ നിന്ന് ഒരുപാട് മാറി പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്താണ് കൺവെൻഷൻ സെന്റർ എന്നതും തിരിച്ചടിയാണ്. പാർക്കിങ് സൗകര്യവുമില്ല ഇവിടെ.
പുറത്ത്നിന്ന് വരുന്നവർക്ക് താമസിക്കാൻ ഗെസ്റ്റ് ഹൗസും ഇല്ല. അതേസമയം, സെൻസിറ്റീവ് ഏരിയ ആയതിനാൽ പുറത്തുനിന്നുള്ളവർ കയറിയാൽ കുഴപ്പമാകും എന്നാണ് പരിപാടികൾ നടക്കാത്തതിന് അധികൃതർ പറയുന്ന ന്യായം. ജനറേറ്ററിലാണ് കൺവെൻഷൻ സെന്ററിന്റെ പ്രവർത്തനം. മലാപ്പറമ്പിലെ സ്പേസ് ആർട്ട് ആയിരുന്നു ആർക്കിടെക്റ്റർ. യു.എൽ.സി.സിക്ക് നിർമാണ ചുമതലയും. ആദ്യമുണ്ടാക്കിയ എസ്റ്റിമേറ്റിൽ നിന്ന് വ്യതിചലിച്ചാണ് പിന്നീടുള്ള ജോലികൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

