പുതുവത്സരാഘോഷം; ഇന്ന് നഗരത്തിൽ നിയന്ത്രണം
text_fieldsകോഴിക്കോട്: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി 31ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സാധാരണപോലെ ചരക്കുവാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടാവില്ല.
ഡ്രൈവർ മാത്രമായി യാത്ര ചെയ്യുന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാവും. ഇവ നഗരപരിധിക്ക് പുറത്തുള്ള ഏരിയയിൽ പാർക്ക് ചെയ്യണം. പുതുവത്സരാഘോഷം സുഗമമാക്കുന്നതിന് വൈകീട്ട് മൂന്നിനുശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാവും. സൗത്ത് ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പാർക്കിങ് അനുവദിക്കില്ല.
അനധികൃത പാർക്കിങ് യഥാസമയങ്ങളിൽ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്ത് പിഴയീടാക്കും. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരായി നടപടി സ്വീകരിക്കുന്നതിനായി നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 10 സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനയുണ്ടാവും.
നിയമലംഘകരുടെ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെ നടപടിയെടുക്കും.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നതരത്തിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങളും മറ്റും നടത്തുന്നവരുടെ പേരിൽ കർശന നടപടി സ്വീകരിക്കും.
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം
താമരശ്ശേരി: പുതുവത്സരാഘോഷം മുൻനിർത്തി താമരശ്ശേരി ചുരത്തിൽ ഞായറാഴ്ച രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. വൈകീട്ട് ആറു മുതൽ പുലർച്ച അഞ്ചു വരെ വലിയ വാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് ചുരത്തിൽ ഒരിടത്തും വാഹനങ്ങളുടെ പാർക്കിങ് അനുവദിക്കില്ല. ചുരത്തിലെ കടകൾ രാത്രി ഏഴിനുശേഷം തുറക്കാൻ പാടില്ലെന്നും പൊലീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

