സീനിയോറിറ്റി പരിഗണിക്കാതെ എഎംവിഐമാർക്ക് സ്ഥലംമാറ്റം; മോട്ടോർ വാഹന വകുപ്പിൽ മുറുമുറുപ്പ്
text_fieldsകോഴിക്കോട്: സീനിയറായ എ.എം.വി.ഐമാരെ പരിഗണിക്കാതെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് മോട്ടോർ വാഹന വകുപ്പിൽ അസ്വാരസ്യത്തിന് വഴിമരുന്നിട്ടു. മോട്ടോർ വാഹന എൻഫോഴ്‌സ്മെന്റ് വിഭാഗത്തിൽ നിന്നും ഓഫിസുകളിലേക്ക് മാനദണ്ഡങ്ങൾ മറികടന്ന് കഴിഞ്ഞദിവസം ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവാണ് വിവാദമാകുന്നത്. ഉത്തരവിനെതിരെ അസോസിയേഷൻ രംഗത്തെത്തി.
ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള അസിസ്റ്റൻസ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ഗതാഗത മന്ത്രി സി.പി. ജോണിന് നിവേദനവും നൽകി. മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ നിന്നും 23 ഉദ്യോഗസ്ഥരെ വിവിധ ഓഫിസുകളിലേക്ക് മാറ്റി ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവിറക്കിയിരുന്നു.
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർക്കും അസോസിയേഷനുമുള്ള ആക്ഷേപം. എൻഫോഴ്സ്മെന്റിൽ രണ്ടു തവണയായി രണ്ടര മുതൽ മൂന്നു വർഷത്തോളം സേവനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ പരിഗണിക്കാതെ, 10 മാസം ട്രെയിനിങ് കാലയളവ് ഉൾപ്പെടെ രണ്ടു വർഷത്തിൽ താഴെ മാത്രം എൻഫോഴ്‌സ്മെന്റ് സേവനപരിചയമുള്ള ഉദ്യോഗസ്ഥരെയാണ് ഓഫിസുകളിലേക്ക് നിയമിച്ചിരിക്കുന്നതെന്നാണ് ആരോപണം.
നിലവിൽ ഒഴിവില്ലാത്ത റാന്നി സബ് ആർ.ടി ഓഫിസിലേക്ക് രണ്ട് എ.എം.വി.ഐമാർക്ക് സ്ഥലംമാറ്റം നൽകിയിട്ടുണ്ട്. ട്രാൻസ്പോർട്ട് കമീഷണറേറ്റിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കുപുറമെ നീക്കം ഗൂഢവുമാണ്. ഉത്തരവ് റദ്ദാക്കണമെന്നും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സീനിയറായ എ.എം.വി.ഐമാർക്ക് ഓഫിസുകളിലേക്ക് മാറ്റം നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

