സ്ഥാനാർഥികളിൽ ജില്ലയിലെ കാരണവർ എ.കെ. ശശീന്ദ്രൻ
text_fieldsഎ.കെ. ശശീന്ദ്രൻ
കോഴിക്കോട്: ജില്ലയിലെ സ്ഥാനാർഥികളിൽ പ്രായംകൊണ്ടും നിയമസഭ അനുഭവംകൊണ്ടും കാരണവർ എ.കെ. ശശീന്ദ്രൻ. തന്റെ 27 വർഷത്തെ നിയമസഭ പാരമ്പര്യത്തിന് തുടർച്ചയായാണ് 17ാം നിയമസഭയിലേക്ക് തിങ്കളാഴ്ച നാമനിർദശേ പത്രിക സമർപ്പിക്കുന്നത്. എൺപത്തിയൊന്നാം വയസ്സിലേക്ക് കടക്കുന്ന എ.കെ. ശശീന്ദ്രൻ 1980ലാണ് പി.ആർ. കുറുപ്പിന്റെ പിൻഗാമിയായി ആദ്യമായി പെരിങ്ങളത്തു നിന്ന് നിയമസഭയിലെത്തുന്നത്. 1982ൽ എടക്കാടുനിന്നും നിയമസഭയിലെത്തി. ’87മുതൽ കോൺഗ്രസ് -എസിന്റെ മുഴുസമയ പ്രവർത്തകനായി മാറി പാർട്ടിയുടെയും അനുബന്ധ സംഘടനകളുടെയും ചുമതലകൾ വഹിച്ചു. പാർട്ടിയുടെയും പിന്നീട് എൻ.സി.പി.യുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച് 1999വരെ പാർട്ടിയെ നയിച്ചു.
തുടർന്ന് 2006ൽ എ.സി. ഷൺമുഖദാസിന്റെ പിൻഗാമിയായി ബാലുശേരിയിൽനിന്ന് നിയമസഭയിലെത്തി. എലത്തൂർ മണ്ഡലം പിറവികൊണ്ട 2011ൽ എലത്തൂരിൽ നിന്നു മത്സരിച്ച് നിയമസഭയിലെത്തി. 2016ൽ എലത്തൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയുമായി. 2017 മാർച്ച് 26ന് പുതുതായി സംപ്രേഷണം ആരംഭിച്ച സ്വകാര്യ ചാനൽ പുറത്തുവിട്ട വാർത്തയെ തുടർന്ന് ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ചു. കേസിൽ ശശീന്ദ്രനെ കുറ്റവിമുക്തനായി കോടതി പ്രഖ്യാപിച്ചതോടെ 2018 ഫെബ്രുവരി ഒന്നിന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായ 77കാരനായ ടി.പി. രാമകൃഷ്ണൻ 2001ലും 2016ലും 2021ലും ജയിച്ച് നിയമസഭയിൽ 15 വർഷം പൂർത്തിയാക്കി. നാലാം തവണയാണ് മത്സരിക്കുന്നത്. 2011ലും 2016ലും കൊയിലാണ്ടിയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 74 കാരനായ കെ. ദാസൻ മൂന്നാം തവണയാണ് കൊയിലാണ്ടിയിൽനിന്നു ജനവിധി തേടുന്നത്. എൽ.ഡി.എഫിലെ പ്രമുഖ സ്ഥാനാർഥികളെല്ലാം തന്നെ 70 വയസ്സ് പിന്നിട്ടവരാണ്. കോഴിക്കോട് നോർത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായ 79കാരനായ തോട്ടത്തിൽ രവീന്ദ്രനാണ് പ്രായത്തിൽ രണ്ടാമൻ. കുന്ദമംഗലത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയായ 77കാരനായ പി.ടി.എ. റഹീം നിയമസഭയിൽ 20 വർഷം പൂർത്തിയാക്കി. മത്സരാർഥികളിൽ ഏറ്റവും പ്രായംകുറവ് ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി മുപ്പതുകാരനായ വി.ടി. സൂരജാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

