സോഷ്യൽ ഓഡിറ്റ് ഡയറക്ടർ നിയമനത്തിൽ വഴിവിട്ട നീക്കം
text_fieldsകോഴിക്കോട്: തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ വരുന്ന സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയുടെ ഡയറക്ടർ ആയി വേണ്ടപ്പെട്ടയാളെ നിയമിക്കുന്നതിന് സംസ്ഥാന തൊഴിലുറപ്പ് മിഷൻ നടത്തിയത് സമാനതകളില്ലാത്ത നടപടിക്രമങ്ങൾ. സംസ്ഥാന തൊഴിലുറപ്പ് മിഷന് താൽപര്യമുള്ളവരെ നിയമിക്കാൻ ഒന്നിലധികം വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
സർക്കാർ സർവിസുകളിൽ ഉദ്യോഗസ്ഥരായിരുന്നവർ റിട്ടയർ ചെയ്ത് അഞ്ചു വർഷം കഴിഞ്ഞതിന് ശേഷം മാത്രമേ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാവൂ എന്ന കേന്ദ്ര സർക്കാർ നിബന്ധനയും ഒരു തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തണമെങ്കിൽ കുറഞ്ഞത് മൂന്നു പേരെങ്കിലും ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയും സംസ്ഥാന തൊഴിലുറപ്പ് മിഷൻ സർക്കാറിൽ നിന്ന് മറച്ചുവച്ചാണ് മുന്നോട്ട് പോകുന്നത്.
തസ്തികയിലേക്ക് നിരവധി അപേക്ഷകൾ ലഭിച്ചിരുന്നെങ്കിലും മിഷന് താൽപര്യമുള്ളവർക്ക് നാലു വർഷം പൂർത്തിയാകാത്തതിനാൽ ഇന്റർവ്യൂ നടത്തിയില്ല. ഉദ്യോഗാർത്ഥികളുടെ കുറവ് എന്ന വാദം ഉയർത്തി വീണ്ടും നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചാണ് ചില പ്രത്യേക വ്യക്തികൾക്ക് അവസരം ഒരുക്കിയത്. രണ്ട് നോട്ടിഫിക്കേഷനിലുമായി വിവിധ ജില്ലകളിലുള്ള അർഹരായ നിരവധി അപേക്ഷകൾ ലഭിച്ചെങ്കിലും അവരെയെല്ലാം ഒഴിവാക്കി വേണ്ടപ്പെട്ട രണ്ടുപേരുടെ പേര് മാത്രം ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റ് ചെയ്ത് നാലു ദിവസം മുമ്പ് കൂടിക്കാഴ്ച നടത്തി. നിയമാനുസൃത സമയക്രമങ്ങൾ പാലിക്കാതെയാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട രണ്ടു പേരിൽ ഒരാൾ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്ട്രേഷനിൽ ജോലിയിലിരിക്കെ ഡെപ്യൂട്ടേഷനിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ ആയി നിയമനം ലഭിക്കുകയും അതിനു ശേഷം കിലയിലേക്ക് തിരികെ പോയി ഒരു വർഷം മുമ്പ് മാത്രം റിട്ടയർ ചെയ്തയാളാണ്.
മറ്റൊരാൾ തദ്ദേശഭരണ വകുപ്പിൽ തൊഴിലുറപ്പ് പദ്ധതിയുടെ ജോയന്റ് പ്രോഗ്രാം കോഓഡിനേറ്ററായിരുന്ന് നാലു വർഷം മുമ്പ് മാത്രം റിട്ടയർ ചെയ്യുകയും അതിനു ശേഷം സോഷ്യൽ ഓഡിറ്റ് സൊസൈറ്റിയിൽ കൺസൾട്ടന്റ് ആയി പ്രവർത്തിച്ചു വരവേ സ്വയം പിരിഞ്ഞു പോകുകയും പിന്നീട് തൊഴിലുറപ്പ് പദ്ധതിയുടെ ജില്ല ഓംബുഡ്സ്മാൻ ആയി ജോലിയിൽ തുടരുന്ന ആളും ആണ്.
സോഷ്യൽ ഓഡിറ്റ് സൊസൈറ്റിയിൽ നടന്ന കോടികളുടെ സാമ്പത്തിക തിരിമറി മൂടിവെക്കാനും നിയമവിരുദ്ധമായി ചെലവഴിച്ച തുകകൾ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം തിരികെ ഈടാക്കുന്നതിന് തടയിടാനും പുതുതായി നടപ്പാക്കിവരുന്ന വിബിജി റാം ജിയിൽ സംസ്ഥാന ജില്ല മിഷനുകളിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നടക്കുന്ന ചട്ടവിരുദ്ധ നടപടികളും അഴിമതികളും സോഷ്യൽ ഓഡിറ്റിലൂടെ പുറത്തുവരാതെ മറച്ചുവെക്കാനുമാണ് വഴിവിട്ട രീതിയിലുള്ള നിയമനമെന്നാണ് ആരോപണം.
നിലവിലെ സോഷ്യൽ ഓഡിറ്റ് ഡയറക്ടറുടെ പ്രായപരിധി കഴിഞ്ഞതിനാൽ ഈ തസ്തികയിൽ തുടരാൻ കഴിയില്ലെന്ന് ഒരു വർഷം മുമ്പ് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിനെ അറിയിച്ചതിനെ തുടർന്നാണ് പുതിയ ഡയറക്ടറെ നിയമിക്കേണ്ട സാഹചര്യം ഉണ്ടായത്. എന്നാൽ മുൻ സർക്കാരും സംസ്ഥാന തൊഴിലുറപ്പ് മിഷനും ചേർന്ന് ഡയറക്ടർക്ക് ചട്ടവിരുദ്ധമായി പരമാവധി കാലം തുടരാൻ അവസരമൊരുക്കിയെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

