മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ചട്ടങ്ങൾ മറികടന്ന് ഫണ്ടുകൾ വകമാറ്റി
text_fieldsകോഴിക്കോട്: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണ സുതാര്യത ഉറപ്പാക്കുന്നതിനായി രൂപവത്കരിച്ച മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരള (MGN SASK) ചട്ടങ്ങൾ മറികടന്ന് തുക വകമാറ്റുന്നതായി ആക്ഷേപം. ഗവേണിങ് കൗൺസിലിലെ അനൗദ്യോഗിക അംഗങ്ങളും ചെയർമാനും സർക്കാറിന്‍റെ നോമിനികളായതിനാൽ എന്തു തീരുമാനങ്ങളും പാസാക്കി നടപ്പിലാക്കാം എന്നതിനാൽ നിരവധി ചട്ടവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തം.
സംസ്ഥാന സർക്കാർ നടപ്പാക്കിയ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിന് ഈ സൊസൈറ്റിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഫണ്ട് ലഭ്യമാകാൻ കാലതാമസം വന്നുവെന്നുമുള്ള കാരണത്താൽ കേന്ദ്രസർക്കാറിന്‍റെ പ്രധാനമന്ത്രി ആവാസ് യോജനയുടെ സോഷ്യൽ ഓഡിറ്റ് ഫണ്ടിൽ നിന്നും 24 ലക്ഷം രൂപയാണ് അഡ്വാൻസായി എടുത്ത് വിനിയോഗിച്ചിരിക്കുന്നത്.
കൂടാതെ, 2025-26 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് ഫണ്ട് ഒരു ഗഡുപോലും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൽ നിന്നും ലഭിക്കാത്തിനാൽ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിൽ നിന്നും രണ്ടു കോടി രൂപ വായ്പയായി എടുത്താണ് സൊസൈറ്റി വകമാറി പ്രവർത്തനം നടത്തിയിരിക്കുന്നത്.
കേന്ദ്രഗ്രാമവികസന മന്ത്രാലയം സോഷ്യൽ ഓഡിറ്റ് ഫണ്ട് 2025 ഒക്ടോബർ മാസം വരെ ഒരു ഗഡുപോലും നൽകാത്തതിന് കാരണം കേന്ദ്ര നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചതാണെന്നാണ് ആക്ഷേപം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഫണ്ട് നൽകാതിരുന്നിട്ടും അതേ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന തൊഴിലുറപ്പുമിഷന്‍റെ പ്രവർത്തനങ്ങൾക്കായി കേന്ദ്രം അനുവദിച്ച തുക മുൻസർക്കാറിന്‍റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വകമാറ്റി വിനിയോഗിച്ചു എന്നതാണ് വസ്‌തുത.
മുൻ സർക്കാറിന്‍റെ കാലവധി തീരാറായ വേളയിൽ പുതിയ ഡയറക്ടർ നിയമനത്തിനായി യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരുന്നു. എന്നാൽ തുടർ നടപടികൾ കൈകൊള്ളാതെ 2025 മേയ് രണ്ടിന് പ്രായപരിധി കഴിഞ്ഞതിനാൽ നിർദിഷ്ട കാലാവധി പൂർത്തികരിച്ച സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ഡയറക്ടർ 13 മാസം കഴിഞ്ഞിട്ടും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

