പരക്കെ യന്ത്രത്തകരാർ; വലഞ്ഞ് വോട്ടർമാർ
text_fieldsമെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ
വെയിലിൽ നിന്ന് രക്ഷ നേടാൻ കുട ചൂടിയപ്പോൾ - പി. അഭിജിത്ത്
കോഴിക്കോട്: വോട്ടുയന്ത്രം തകരാറിലായതോടെ വിവിധ ബൂത്തുകളിൽ പോളിങ് ഏറെനേരം തടസ്സപ്പെട്ടു. ആദ്യ മണിക്കൂറുകളിൽ ഏറെ നേരം കാത്തിരുന്ന ശേഷമാണ് പല ബൂത്തുകളിലെയും വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞത്. കോർപറേഷൻ പരിധിയിൽ ചെട്ടിക്കുളം സി.എം.സി ഗേൾസ് എൽ.പി സ്കൂളിലെ ബൂത്ത് രണ്ടിൽ രണ്ടു മണിക്കൂറാണ് പോളിങ് തടസ്സപ്പെട്ടത്. പോളിങ് ആരംഭിച്ച ശേഷമാണ് യന്ത്രം തകരാറിലായത്.
തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. തലക്കുളത്തൂർ സി.എം.എം ഹൈസ്കൂളിലെ ബൂത്ത് രണ്ടിൽ രണ്ടു തവണയാണ് യന്ത്രം തകരാറിലായത്. പാലത്ത് ജനത എ.യു.പി സ്കൂളിലെ ബൂത്ത് രണ്ടിൽ ഒരു മണിക്കൂൾ വൈകി. ഉണ്ണികുളം പഞ്ചായത്തിലെ വാർഡ് 12ലെ പൂനൂർ കേളോത്ത് ജി.എൽ.പി സ്കൂൾ ബൂത്ത് ഒന്നിൽ വോട്ടു യന്ത്രം തകരാർ കാരണം വോട്ടെടുപ്പ് വൈകി. വാണിമേൽ പഞ്ചായത്ത് ഒന്നാം വാർഡിൽ നിരത്തുമ്മൽ പീടിക അൻവാറുൽ ഇസ്ലാം മദ്റസയിലെ ബൂത്തിൽ ഭാഗം ഒന്നിലും രണ്ടിലും അരമണിക്കൂറിലധികം തടസ്സപ്പെട്ടു. പുതുപ്പാടി പഞ്ചായത്ത് പത്താം വാർഡിൽ പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ യന്ത്രതകരാർ കാരണം പോളിങ് നിർത്തിെവച്ചു.
പകരം മെഷീൻ എത്തിച്ചാണ് പോളിങ് പുനരാരംഭിച്ചത്. ചോറോട് പഞ്ചായത്ത് 23 ാം വാർഡിലെ ബൂത്ത് ഒന്നിൽ മോക്ക് പോളടക്കം വൈകി. കുരുവട്ടൂർ പഞ്ചായത്തിൽ ഏഴ്, 21 വാർഡുകളിൽ വോട്ടുയന്ത്രം തകരാറിലായി. 21ൽ ഒരു മണിക്കൂറോളം വൈകി. കടലുണ്ടിയിൽ ഒരു വാർഡിൽ മെഷീൻ പ്രവർത്തിച്ചില്ല. പകരം കൊണ്ടുവന്നതും പ്രവർത്തിച്ചില്ല. തുടർന്ന് വീണ്ടും മറ്റൊന്ന് എത്തിക്കുകയായിരുന്നു. 10 ഓടെയാണ് വോട്ടു ചെയ്യാനായത്. കാവിലുമ്പാറ പഞ്ചായത്ത് 13 വാർഡിൽ ഒന്നേകാൽ മണിക്കൂർ പോളിങ് വൈകി. കൊടുവള്ളി നഗരസഭ 26 ഡിവിഷൻ കടേക്കുന്നിൽ നരൂക്ക് മദ്റസയിലെ ബൂത്തിൽ വോട്ടു യന്ത്രം തകരാറിലായി. എട്ടു മണിയോടെ യന്ത്രം നന്നാക്കി വോട്ടിങ് പുനരാരംഭിച്ചു. കൊടുവള്ളി വെസ്റ്റിൽ ഡിവിഷൻ 31ൽ 50 മിനിറ്റോളം വൈകി. കിഴക്കോത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഈസ്റ്റ് കിഴക്കോത്ത് ബൂത്ത് ഒന്നിൽ യന്ത്രം തകരാറിലായി. പയ്യോളി നഗരസഭയിലെ 33 ഡിവിഷനിലെ ബൂത്തായ ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യം യു.പി. സ്കൂൾ, താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്ത് വാർഡ് 13 ആര്യങ്കുളം കുറത്തിൽ ഐൻ മദ്റസയിലെ ബൂത്ത്, കട്ടിപ്പാറ പഞ്ചായത്ത് വാർഡ് ഏഴിൽ ചുണ്ടൻ കുഴി ദാറുൽ ഉലൂം മദ്റസ ബൂത്ത്, പുതുപ്പാടി പഞ്ചായത്ത് വെസ്റ്റ് കൈതപ്പൊയിൽ വാർഡിലെ ബൂത്ത് ഒന്ന്, പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ യന്ത്രം തകരാറിലായി. താമരശ്ശേരി പരപ്പൻ പൊയിൽ നുസ്റത് സ്കൂളിലെ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് 20 മിനിറ്റോളം പോളിങ് നിർത്തിവെച്ചു.
പുതുപ്പാടി പഞ്ചായത്ത് കാവുംപുറം മദ്റസ ബൂത്തിൽ വൈദ്യുതി നിലച്ചതിനാൽ വെളിച്ചത്തിന്റെ കുറവ് കാരണം പോളിങ് അൽപസമയം നിർത്തിവെക്കേണ്ടി വന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ബൂത്ത് ഒന്നിലും പത്താം വാർഡിലെ ബൂത്ത് ഒന്നിലെ യും വോട്ടു യന്ത്രം അരമണിക്കൂറോളം തകരാറിലായി. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു. പി സ്കൂളിലെ ബൂത്തിലും കൂടരഞ്ഞിയിലെ രണ്ട് ബൂത്തുകളിലും വോട്ട് യന്ത്രം കേടായി വോട്ടിങ് തടസപ്പെട്ടു. മോക്പോൾ കൃത്യമായി പോൾചെയ്യാത്താത്തതിനാൽ നരിക്കുനി പഞ്ചായത്തിലെ നാലാം വാഡ് ബൂത്ത് രണ്ടിൽ വോട്ടെടുപ്പ് തുടങ്ങാൻ ഒന്നര മണിക്കൂർ വൈകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

