ഈ തെരുവിൽ ചോര വീഴാതിരിക്കാൻ ജാഗ്രത
text_fieldsട്രാഫിക് അസി. കമീഷണർ എ.ജെ. ജോൺസൺ മാനാഞ്ചിറ മൈതാനത്തിനരികിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന മരക്കൊമ്പുകൾ വെട്ടാൻ നിർദേശം നൽകുന്നു
കോഴിക്കോട്: ബൈക്ക് യാത്രികരായ വൃദ്ധദമ്പതികളുടെ ദാരുണ മരണം നടന്ന മാനാഞ്ചിറയിലെ എൽ.ഐ.സി ജങ്ഷനിൽ ട്രാഫിക് പരിഷ്കാരത്തിന് നടപടി തുടങ്ങി. ആൾത്തിരക്കും ബസുകളുടെ പരക്കംപാച്ചിലും അശാസ്ത്രീയമായ ഡിവൈഡറും ബസ് ബേയിൽ കയറാെത പുറത്തുനിർത്തി ആളെ കയറ്റുന്ന കെ.എസ്.ആർ.ടി.സി ബസുകളും ചേർന്ന് സൃഷ്ടിക്കുന്ന ‘ഭീകരാന്തരീക്ഷ’വും ജീവനും കൈയിൽപിടിച്ച് ഓടിരക്ഷപ്പെേടണ്ടിവരുന്ന കാൽനടക്കാരുടെ പങ്കപ്പാടും കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ട്രാഫിക് അസി. കമീഷണർ എ.ജെ. ജോൺസൺ സ്ഥലത്ത് നേരിട്ടെത്തിയാണ് ട്രാഫിക് മാറ്റങ്ങൾക്ക് നിർദേശം നൽകിയത്. ഇതനുസരിച്ച് ബുധനാഴ്ച മുതൽ മാറ്റങ്ങൾ ആരംഭിച്ചു. കൂടുതൽ ഡിവൈഡറുകൾ നിരത്തി ബസ് ബേയുടെ നീളവും വീതിയും കൂട്ടി. സിറ്റി ബസ്, സിറ്റിക്ക് പുറത്തേക്ക് പോകുന്ന ബസ്, കെ.എസ്.ആർ.ടി.സി ബസ് എന്നിങ്ങനെ നേരത്തെ മൂന്നുവരിയിലൂടെ ബസ് സ്റ്റോപ്പിൽനിന്ന് ആളെ കയറ്റിയിരുന്ന രീതി നിർത്തലാക്കി. എല്ലാ വാഹനങ്ങളും ഇനി ഒരൊറ്റ വരിയിലൂടെ അകത്ത് കടന്ന് ആളെ കയറ്റി അതേ വരിയിലൂടെതന്നെ പുറത്തേക്ക് പോകണം. ബസുകൾ നിർത്തിയിടാൻ പാടില്ല. ആളെ കയറ്റി എത്രയുംവേഗം ബസ് ബേയിൽനിന്ന് പുറത്തുകടക്കണം. ഇത് നിയന്ത്രിക്കാൻ രണ്ട് പൊലീസുകാരെയും വിന്യസിച്ചു.
മാനാഞ്ചിറ മൈതാനത്തിന്റെ തെക്കുവശത്തുള്ള നടപ്പാതയോട് ചേർന്നുനിൽക്കുന്ന മരങ്ങളുടെ കൊമ്പുകൾ ചില്ലിൽ തട്ടുന്നത് ഒഴിവാക്കാൻ ബസുകൾ അകറ്റി എടുക്കുന്നത് കാൽനടക്കാർക്ക് ഭീഷണിയാവുന്നുണ്ട്. ഇത് പരിഹരിക്കാൻ മരങ്ങളുടെ കൊമ്പ് അടിയന്തരമായി വെട്ടിമാറ്റണമെന്ന് അസി. കമീഷണർ നിർദേശിച്ചിട്ടുണ്ട്. പട്ടാളപ്പള്ളിക്കുമുന്നിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ നീക്കംചെയ്തു. കമീഷണർ ഓഫിസിനുമുന്നിലൂടെ കിഡ്സൺ കോർണറിലേക്ക് വാഹനങ്ങൾ അമിതവേഗത്തിൽ വരുന്നത് തടയാൻ മാനാഞ്ചിറ മൈതാനത്തിന്റെ പ്രവേശന കവാടത്തിനു മുന്നിൽ ഹംപ് സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് അസി. കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

