ലീവ് സറണ്ടർ പണമാക്കി മാറ്റൽ; വീഴ്ച പൂഴ്ത്തിവെക്കാൻ ഒഴുക്കൻ ഉത്തരവിറക്കി ധന വകുപ്പ്
text_fieldsകോഴിക്കോട്: ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പണമായി കൈപ്പറ്റിയത് സംബന്ധിച്ച് വീഴ്ച പൂഴ്ത്തിവെക്കാൻ ഒഴുക്കൻ ഉത്തരവിറക്കി ധനകാര്യ വകുപ്പ്. നിലവിലുണ്ടായിരുന്ന ഉത്തരവിന്റെ കാലാവധി തീർന്ന ഉടൻ ആനുകൂല്യം പണമായി മാറ്റിയത് വിവാദമായതോടെയാണ് പുതിയ ഉത്തരവ്. നിയന്ത്രണ ഉത്തരവുകളുടെ വിവരങ്ങൾ യഥാസമയം പരിശോധിച്ച് പുതുക്കേണ്ടവ പുതുക്കുകയും ഉപേക്ഷിക്കേണ്ടവ ഉപേക്ഷിക്കുകയും ചെയ്യുന്നതിലുള്ള ധനകാര്യ വകുപ്പിന്റെ വീഴ്ചയിലാണ് സംസ്ഥാനത്തെ ഒട്ടുമിക്ക ഗ്രാമപഞ്ചായത്തകളിലെയും സെക്രട്ടറിമാർ സംസ്ഥാന സർക്കാറിന് സാമ്പത്തിക പ്രതിസന്ധി തീർത്ത് ജീവനക്കാർക്ക് ആനുകൂല്യം പണമായി മാറി നൽകിയത്. നിലവിലുണ്ടായിരുന്ന ലീവ് സറണ്ടർ നിയന്ത്രണ ഉത്തരവിന്റെ കാലാവധി തീർന്ന് 10 ദിവസത്തിനുശേഷമാണ് ധനകാര്യ വകുപ്പിൽനിന്ന് ഇക്കാര്യത്തിൽ പുതിയ ഉത്തരവിറങ്ങിയത്.
നിയന്ത്രണ ഉത്തരവുണ്ടായിരുന്നുവെന്നും ഇത് പുനഃപരിശോധിച്ച് ഉത്തരവിറങ്ങുന്നതിനുമുമ്പ് ചില ഉദ്യോഗസ്ഥർ ലീവ് സറണ്ടർ അനുവദിച്ചുവെന്നും ഇതു തെറ്റാണെന്നും ഒഴുക്കൻ മട്ടിലാണ് പുതിയ ഉത്തരവ്. ഇനി എല്ലാ േഡ്രായിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർമാരും ഇത് കർശനമായി പാലിക്കണമെന്നും ഇതിൽ ആരെങ്കിലും വീഴ്ച വരുത്തിയാൽ ഗൗരവമായി കണക്കാക്കുമെന്നും മാത്രമാണ് ഉത്തരവിൽ പറയുന്നത്. നിയന്ത്രണ ഉത്തരവിന്റെ കാലാവധി അവസാനിച്ച തക്കംനോക്കി തിടുക്കത്തിൽ ജീവനക്കാർക്ക് ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ടിൽനിന്ന് പണം മാറി നൽകിയ സെക്രട്ടറിമാരുടെ മേൽ എന്തു നടപടി സ്വീകരിക്കുമെന്നോ മതിയായ ഉത്തരവുകൾ ഇല്ലാതെ ഈ ആനുകൂല്യം കൈപ്പറ്റിയ ജീവനക്കാരുടെ മേൽ എന്തു നടപടി കൈക്കൊള്ളുമെന്നോ സർക്കുലറിൽ ഒരുവിധ പരാമർശവുമില്ലെന്നാണ് ഒരു വിഭാഗം ജീവനക്കാരും സംഘടനകളും ആക്ഷേപം ഉന്നയിക്കുന്നത്. സാധാരണ ഓഫിസുകളിൽ ധനപരിപാലന വിനിയോഗങ്ങളിലെ നടപടികളിൽ പിശകുകൾ ഉണ്ടായാൽ പോലും അത് തലനാരിഴ കീറി പരിശോധിച്ച് നടപടികൾ കൈക്കൊള്ളുന്ന ധനകാര്യ വകുപ്പ് ഇക്കാര്യത്തിൽ ഉഴപ്പൻ സമീപനം സ്വീകരിച്ചത്, ഉത്തരവുകളുമായി ബന്ധപ്പെട്ട് യഥാസമയം കൈക്കൊള്ളേണ്ട നടപടികൾ ധനകാര്യ വകുപ്പ് ചെയ്യാത്തതിന്റെ വീഴ്ച പൂഴ്ത്തിവെക്കാനാണ് പുതിയ ഒഴുക്കൻ ഉത്തരവിറക്കി തടി രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

