വികസന വിപ്ലവമെന്ന് എൽ.ഡി.എഫ്; പൊള്ളയെന്ന് യു.ഡി.എഫ്
text_fields2011ലെ പിറവി മുതൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനും എ.കെ. ശശീന്ദ്രനും ഒപ്പംനിന്ന എലത്തൂർ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിന് ന്യായീകരണങ്ങൾ ഏറെയുണ്ട്. കഴിഞ്ഞ 15 വർഷമായി എലത്തൂർ നിയമസഭാ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വികസനമെത്തിക്കാനും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാനും കഴിഞ്ഞുവെന്നതും തുടങ്ങിവെച്ച വികസന വിപ്ലവം പൂർത്തിയാക്കാനും വീണ്ടും മത്സരിക്കുകയാണെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നത്.
തുടർച്ചയായി മത്സരിക്കുന്നതിൽനിന്ന് ജില്ലയിലെ ചില സി.പി.എം നേതാക്കളിൽനിന്നുപോലും എതിർപ്പുകൾ ഉയർന്നിട്ടും അതിനെ തടയിട്ടത് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചാണ്. എന്നാൽ, രണ്ടുതവണ മന്ത്രിയും ഒരുതവണ എം.എൽ.എ ആയിരുന്നിട്ടും എലത്തൂർ മണ്ഡലം പതിറ്റാണ്ടുകൾ പിന്നിലാണെന്നാണ് എതിരാളികൾ വിലയിരുത്തുന്നത്. സ്ഥാനമോഹത്തിൽ കവിഞ്ഞ ഒന്നും മണ്ഡലകാര്യത്തിൽ ഇല്ലെന്ന അക്കമിട്ട് നിരത്തുകയാണ് പ്രതിപക്ഷ പാർട്ടികളും അണികളും.
പരമ്പരാഗത വ്യവസായവും കൃഷിയും മുരടിപ്പിന്റെ അടിത്തറ കണ്ടു. ടൂറിസ സാധ്യതകളെക്കുറിച്ച് വാതോരാതെ പറയുകയല്ലാതെ ഒന്നും കടന്നുവന്നില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.
പ്രധാന വികസനങ്ങൾ
ദേശീയപാതയില്‍ കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ കോരപ്പുഴക്ക് കുറുകെ കിഫ്ബിയിൽനിന്നും 28 കോടി രൂപ വകയിരുത്തി പുതിയ പാലം നിർമിച്ചതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി. കക്കോടി കുടുംബാരോഗ്യ കേന്ദ്രം ആധുനിക സൗകര്യങ്ങളോടെ വികസിപ്പിച്ചു.
ജില്ല ആയുര്‍വേദ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായി തലക്കുളത്തൂര്‍ പഞ്ചായത്തിലെ പുറക്കാട്ടിരിയില്‍ പ്രവര്‍ത്തിക്കുന്ന എ.സി. ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആൻഡ് അഡോളസെന്റ് കെയര്‍ സെന്റര്‍ സര്‍ക്കാര്‍ മേഖലയില്‍ കുട്ടികള്‍ക്കും കൗമാര പ്രായക്കാര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക ആയുര്‍വേദ കേന്ദ്രമാണ്.
വിദ്യാഭ്യാസ മേഖലയില്‍ ആധുനികവത്കരണത്തിന് പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ജി.എച്ച്.എസ്.എസ് പയിമ്പ്രയില്‍ അഞ്ച് കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിർമിച്ചു. പറമ്പില്‍ ജി.എച്ച്.എസ്.എസില്‍ മൂന്നു കോടി ചെലവില്‍ പുതിയ കെട്ടിടം നിർമിച്ചു. എലത്തൂര്‍ ജി.എല്‍.പി സ്‌കൂളിലും പടിഞ്ഞാറ്റുംമുറി ജി.എല്‍.പി സ്‌കൂളിലും ഒരു കോടി വീതം അനുവദിച്ച് കെട്ടിടം നിർമിച്ചു. ബാലുശ്ശേരി- കോഴിക്കോട് റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. 152 കോടി രൂപ നഷ്ടപരിഹാരം നല്‍കുന്നതിനായി അനുവദിച്ച് വിതരണംചെയ്യുന്നു.
കാക്കൂര്‍, ചേളന്നൂര്‍, കക്കോടി വില്ലേജുകള്‍ ഒഴികെ നഷ്ടപരിഹാര തുക വിതരണം നടന്നുവരുന്നു. റോഡ് നിർമാണത്തിനായി 115 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ഏഴ് അംബേദ്കര്‍ നഗറുകള്‍ക്കായി ഏഴു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അംശക്കച്ചേരി- ചെറുകുളം റോഡിന്റെ ഭൂമി ഏറ്റെടുക്കലിന് 23.5 കോടി രൂപ നഷ്ടപരിഹാരം നല്‍കി പൂര്‍ത്തീകരിച്ചു. അഞ്ച് കോടി രൂപ ചെലവില്‍ പെരുംപൊയില്‍- കണ്ടോത്ത്പാറ റോഡ് നവീകരണം. വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് 459 ഗ്രാമീണ റോഡുകള്‍ നവീകരിച്ചു. കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്നതിനുള്ള ഡ്രഡ്ജിങ് പ്രവൃത്തികള്‍ക്കായി 3.75 കോടി രൂപ അനുവദിച്ചു. 14.75 കോടി രൂപ ചെലവഴിച്ച് എലത്തൂര്‍, ബാലുശ്ശേരി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കൂമുള്ളി- കൊളത്തൂര്‍- കാരാട്ടുപാറ- കോക്കല്ലൂര്‍ റോഡ് ആധുനിക രീതിയില്‍ നവീകരിച്ചു. 30 കോടി ചെലവില്‍ പൂളക്കടവ് ആര്‍.സി.ബി നിർമാണം- അപ്രോച്ച് റോഡിനുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുകയാണ്. തലക്കുളത്തൂരില്‍ ഏഴു കോടി ചെലവില്‍ 0.65 മെഗാവാട്ടിന്റെ സൗരോർജ പദ്ധതി പൂര്‍ത്തീകരിച്ചു.
എന്തു വികസനം?
15 വർഷമായിട്ടും മണ്ഡലത്തിൽ ഒരു പുതിയ വിദ്യാഭ്യാസ സ്ഥാപനമോ പത്തുപേർക്ക് തൊഴിൽ ലഭ്യമാക്കുന്ന കേന്ദ്രം സ്ഥാപിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് എലത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അറോട്ടിൽ കിഷോർ പറഞ്ഞു. കാലാകാലം സർക്കാർ അനുവദിക്കുന്ന ഫണ്ട് വീതംവെച്ചു നൽകുകയാണ്. പുരോഗമനാത്മകമായ ഒരു പ്രവർത്തനവും മുൻഗണനാപ്രകാരം ചെയ്യാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങളായി പറഞ്ഞുവരുന്ന ബാലുശ്ശേരി- കോഴിക്കോട് റോഡ് കടലാസിലും മന്ത്രിയുടെ വാക്കുകളിലും മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. നഷ്ടപരിഹാരത്തിനായി 152 കോടി വകയിരുത്തി എന്നു പറയുകയല്ലാതെ കക്കോടി, ചേളന്നൂർ, കാക്കൂർ വില്ലേജുകളിൽ ഒരാൾക്ക്പോലും നഷ്ടപരിഹാരം ലഭിക്കാൻ നടപടികളായിട്ടില്ല.
സ്ഥലം കണ്ടെത്തി നൽകിയിട്ടും ചേളന്നൂരിലെ ഫയർ സ്റ്റേഷൻ കടലാസിൽപോലും ഇല്ലാത്ത അവസ്ഥയാണ്. കക്കോടി മൂട്ടോളിയിൽ പുതിയ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും എവിടെയുമെത്തിയില്ല. കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്നതിനുള്ള കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തികളിൽ വൻ അഴിമതിയാണ് നടക്കുന്നത്. അഴിമതി പുറത്തായതോടെ പ്രവൃത്തി നിർത്തിവെക്കാൻ ഉത്തരവിടേണ്ടി വന്നു. കഴിഞ്ഞ തവണത്തെ പ്രകടനപത്രികയിലെ പ്രധാന പദ്ധതിയായി എടുത്തുകാണിച്ച നാരായൺചിറ പാടെ മറന്നുവെന്നും അറോട്ടിൽ കിഷോർ പറഞ്ഞു.
ഇത്തവണ എ.കെ. ശശീന്ദ്രനെ നേരിടാൻ അഡ്വ. വിദ്യ ബാലകൃഷ്ണനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിൽ സ്ഥാനാർഥി പ്രഖ്യാപനത്തോടെ തന്നെ പോര് മുറുകി. ഇടതുപക്ഷത്തെ തുണച്ച മണ്ഡലം ഇത്തവണ ആർക്കൊപ്പമെന്നത് ആർക്കും പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലേക്കെത്തി. പാളയത്തിൽതന്നെ പടമുറുകിയതും കുതികാൽവെട്ടിന്റെ സൂചനയും എ.കെ. ശശീന്ദ്രന് വെല്ലുവിളിതന്നെയാണ്. ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ല പ്രസിഡന്റ് ടി. ദേവദാസ് മാസ്റ്ററാണ് എലത്തൂരിൽ എൻ.ഡി.എയുടെ സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

