ഫുട്ബാൾ ഭ്രാന്തന്മാരുടെ നാട്; പന്തുരുളും മുമ്പേ പൂരത്തിലായി നഗരം
text_fieldsകോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ കേരള സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റ് കാലിക്കറ്റ് എഫ്.സിയും മലപ്പുറം എഫ്.സിയും തമ്മിൽ നടന്ന മത്സരം കാണാൻ തിങ്ങിനിറഞ്ഞ ഗാലറി
കോഴിക്കോട്: കാലിക്കറ്റ് എഫ്.സിയും മലപ്പുറം എഫ്.സിയും നേർക്കുനേർ എത്തിയ സൂപ്പർ ലീഗ് കേരള പോരാട്ടത്തിന് വേദിയായപ്പോൾ നഗരം സാക്ഷിയായത് വലിയ ആഘോഷക്കാഴ്ചക്ക്. മത്സരവേദിയിലേക്കൊഴുകിയെത്തിയ ആയിരക്കണക്കിന് ആരാധകരുടെ ആവേശത്തിൽ കോഴിക്കോട് നഗരം ഒരിക്കൽകൂടി അടയാളപ്പെടുത്തി ഇത് ഫുട്ബാൾ ഭ്രാന്തന്മാരുടെ നാടാണെന്ന്.
കാലിക്കറ്റിന്റെയും മലപ്പുറത്തിന്റെയും ആരാധകപ്പടയുടെ ബാൻഡ് മേളവും താളവും ആർപ്പുവിളികളും സ്റ്റേഡിയത്തെയും പരിസരത്തെയും ആവേശഭരിതമാക്കിയപ്പോൾ, വെടിക്കെട്ടിന്റെ വർണപ്രഭ മത്സരവേദിക്ക് ഉത്സവച്ചായ പകർന്നു. 32000ത്തോളം കാണികൾ എത്തിയപ്പോൾ നഗരം തിരക്കിലമർന്നു. വാഹനം നിർത്താൻ കോർപറേഷൻ സ്റ്റേഡിയത്തിനു സമീപത്തൊന്നും ഇടമില്ലാതായതോടെ പൊലീസിനുപോലും റോഡിൽ വാഹനം നിർത്താൻ അനുവദിക്കേണ്ടി വന്നു. ഗോളും ഗോളാവേശവും മൈതാനത്ത് മിന്നിത്തെളിഞ്ഞപ്പോൾ ഗാലറികളിൽ ആവേശം തിരമാലയായി.
ഓരോ പന്തും വലയിൽ വീണപ്പോൾ വെടിക്കെട്ട് ആകാശത്ത് വിസ്മയം തീർത്തു. ഇതോടെ ഫുട്ബാൾ പ്രണയത്തിന്റെ നിറങ്ങൾ നഗരപരിധിയിൽ പടർന്നു. കളിയാരാധകർ കൈകളിൽ ഉയർത്തിയ പതാകകളുടെ നിറപ്പകിട്ടും ജഴ്സികളുടെ ആവേശവും കോഴിക്കോട് നഗരം ഫുട്ബാൾ ഭ്രാന്തന്മാരുടേതാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. അവസാന നിമിഷം വരെ തിരിച്ചുവരവിനായി പൊരുതിയെങ്കിലും കാലിക്കറ്റിന്റെ പ്രതിരോധക്കോട്ട തകർക്കാനാതെ മലപ്പുറം എഫ്.സി മടങ്ങിയത് ആരാധകരിൽ നിരാശ പടർത്തി. വിജയത്തോളമെത്തിയ പരാജയമെന്നാണ് കളിയാരാധകർ മലപ്പുറത്തിന്റെ പരാജയത്തെ വിലയിരുത്തുന്നത്. സീസണിൽ രണ്ടാമത്തെ പരാജയമാണ് മലപ്പുറം എഫ.സിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

