കുരുക്കും കുഴികളും: കുറ്റ്യാടി ടൗണിൽ വാഹനയാത്ര ദുഷ്കരം
text_fieldsകുറ്റ്യാടി വയനാട് റോഡിലെ വാഹനക്കുരുക്ക്
കുറ്റ്യാടി: ഇടതടവില്ലാത്ത കുരുക്ക്. ചില റോഡുകളിൽ വാരിക്കുഴികൾ. കുറ്റ്യാടി ടൗണിൽ വാഹനയാത്ര ദുഷ്കരമാവുന്നു. അഞ്ചു റോഡുകൾ ഒരേ കവലയിൽ ചേരുന്ന ടൗണിലൂടെ കടന്നുപോകാൻ യാത്രക്കാർക്ക് നീണ്ട കാത്തിരിപ്പു വേണ്ടിവരുകയാണ്. പ്രധാന റോഡായ വയനാട് റോഡിൽ പരക്കെ കുഴികളുമായി.
റോഡിൽ ഓവുചാൽ നിർമാണം നീണ്ടുപോകുന്നതിനാൽ കുഴികൾ അടക്കുന്നില്ല. ജല അതോറിറ്റി പൈപ്പ് ലൈനിട്ട സ്ഥലത്താണ് കുഴികൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വ്യാപാരികൾ വാഴ നട്ട് പ്രതിഷേധിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽ വീണ് പരിക്കേൽക്കുന്നത് പതിവാണ്. കുരുക്കിന് പരിഹാരമായ ബൈപാസിന്റെ ടെൻഡർ നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. കോഴിക്കോട് -നാദാപുരം റോഡുകളെ ബന്ധിപ്പിച്ചാണ് ബൈപാസ് നിർമിക്കുക.

