കുന്ദമംഗലം ഇത്തവണ ഇളകുമോ?
text_fields1. ഷാഫി പറമ്പിൽ എം.പിയുടെ നേതൃത്വത്തിൽ നടന്ന എം.എ. റസാഖ് മാസ്റ്ററുടെ റോഡ്ഷോ 2. അഡ്വ. പി.ടി.എ. റഹീം വോട്ട് അഭ്യർഥിക്കുന്നു 3. വി.കെ. സജീവൻ വനിത പ്രവർത്തകർക്കൊപ്പം വോട്ടഭ്യർഥനയിൽ
കുന്ദമംഗലം: കഴിഞ്ഞ മൂന്ന് തവണയും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ അഡ്വ. പി.ടി.എ. റഹീമാണ് ഇത്തവണയും എൽ.ഡി.എഫിന് വേണ്ടി ഗോദയിലുള്ളത്. മണ്ഡലം തിരിച്ചുപിടിക്കാൻ എം.എ. റസാഖ് മാസ്റ്ററെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്. മണ്ഡലത്തിൽ സുപരിചിതരായ രണ്ട് പ്രമുഖർ ഏറ്റുമുട്ടുമ്പോൾ പ്രവചനം അസാധ്യമാവുകയാണ്. എൻ.ഡി.എ സ്ഥാനാർഥി വി.കെ. സജീവനും പ്രചാരണത്തിൽ സജീവമാണ്.
സ്ഥാനാർഥികളുടെ പ്രചാരണം രണ്ടാഴ്ച പിന്നിട്ടപ്പോൾ പോരാട്ടം കടുക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ പി.ടി.എ. റഹീം അനൗദ്യോഗികമായി പ്രചാരണം ആരംഭിച്ചിരുന്നു. പ്രഖ്യാപന ദിവസം തന്നെ മണ്ഡലത്തിൽ റോഡ് ഷോ നടത്തി. ആദ്യഘട്ടത്തിൽ വീടുകൾ കയറിയും പ്രധാന വ്യക്തികളെയും നേതാക്കളെയും കണ്ട് വോട്ട് അഭ്യർഥിച്ചുമായിരുന്നു റഹീമിന്റെ പ്രചാരണം. രണ്ടാം ഘട്ടത്തിൽ മണ്ഡലം തല പൊതു പര്യടനമായിരുന്നു. മുഖ്യമന്ത്രിയടക്കം ഇടതുപക്ഷത്തെ ദേശീയ സംസ്ഥാന തല പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങളും വിവിധ പരിപാടികളും നടക്കും. കഴിഞ്ഞ 10 വർഷംകൊണ്ട് 2,762 കോടിയുടെ വികസനങ്ങൾ നടത്തിയെന്ന് പി.ടി.എ. റഹീം പറയുന്നു. മണ്ഡലത്തിൽ വിവിധ റോഡുകളും പാലങ്ങളും നിർമിച്ചു. മിനി സിവിൽ സ്റ്റേഷൻ, മാവൂർ അഗ്നിരക്ഷ നിലയം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് എടുത്തു കാട്ടുന്നത്.
പ്രധാന വ്യക്തികളെയും കുടുംബങ്ങളെയും കണ്ടായിരുന്നു എം.എ. റസാഖ് മാസ്റ്ററുടെ പ്രചാരണം ആരംഭിച്ചത്. കവലകളിൽ വാഹന പ്രചാരണം നടത്തുകയും വിവിധ പ്രദേശങ്ങളിൽ സ്ഥാനാർഥി നേരിട്ടെത്തി വോട്ട് അഭ്യർഥിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ കുടുംബ യോഗങ്ങൾ, പൊതുയോഗങ്ങൾ എന്നിവയായിരുന്നു. മൂന്നാം ഘട്ടത്തിൽ പഞ്ചായത്ത് റാലികളും റോഡ് ഷോകളും നടക്കും.
പാണക്കാട് സാദിഖലി തങ്ങൾ, ശശി തരൂർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന പൊതുയോഗങ്ങളുമുണ്ടാകും. മണ്ഡലത്തിലെ സമഗ്ര വികസനത്തിന് പൊതുജങ്ങളിൽനിന്ന് നിർദേശം സ്വീകരിച്ച് എ.എ. റസാഖ് മാസ്റ്റർ തയാറാക്കിയ മാസ്റ്റർ പ്ലാൻ ശശി തരൂർ പ്രകാശനം ചെയ്യും. മാവൂർ ഗ്രാസിം ഭൂമി ഏറ്റെടുത്ത് യുവാക്കൾക്ക് തൊഴിൽ സാധ്യതയുള്ള പദ്ധതികൾ ആരംഭിക്കും. ചാലിയാർ, ഇരുവഴിഞ്ഞി തുടങ്ങിയ പുഴകൾ ഉപയോഗപ്പെടുത്തി ടൂറിസം പദ്ധതികളും വെള്ളമില്ലാത്ത ഭാഗത്ത് വെള്ളാമെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കും. തെങ്ങിലക്കടവ് കാൻസർ സെന്റർ ഉപയോഗപ്രദമാക്കും. ചെറൂപ്പ ഹെൽത്ത് സെന്ററിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പ്രദേശവാസികൾക്ക് ഗുണപ്രദമായ രീതിയിൽ ആധുനിക സംവിധാനങ്ങളോടെ സജ്ജീകരിക്കുമെന്നുമൊക്കെ റസാഖ് മാസ്റ്ററുടെ പ്രധാന വാഗ്ദാനങ്ങൾ.
എൻ.ഡി.എ സ്ഥാനാർഥി വി.കെ. സജീവൻ ആദ്യ ഘട്ടത്തിൽ വീടുകൾ കയറിയും പ്രധാന വ്യക്തികളെ കണ്ടുമാണ് പ്രചാരണം ആരംഭിച്ചത്. പ്രവർത്തക കൺവെൻഷനുകൾ സംഘടിപ്പിച്ചു. മണ്ഡലം പര്യടനം, പൊതുയോഗങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് മെഷിനറി താഴെതട്ടു മുതൽ ശക്തമാണ്. ടീം യു.ഡി.എഫ് ആകട്ടെ മുമ്പൊന്നുമില്ലാത്ത കെട്ടുറപ്പോടെയാണ് പ്രചാരണം. 2016ൽ കൊടുവള്ളിയിൽ എം.എ. റസാഖ് മാസ്റ്ററെ എൽ.ഡി.എഫ് ബാനറിൽ മത്സരിച്ച് പരാജയപ്പെടുത്തിയ കാരാട്ട് റസാഖ് ലീഗിൽ തിരിച്ചെത്തി എം.എ. റസാഖ് മാസ്റ്റർക്കു വേണ്ടി തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് വോട്ടഭ്യർഥിച്ചത് വേറിട്ട കാഴ്ചയായി. സോഷ്യൽ മീഡിയയിൽ പ്രചാരണം തകർക്കുകയാണ്.
അഡ്വ. പി.ടി.എ. റഹീം
നിലവിൽ കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ. നാലാം തവണയാണ് കുന്ദമംഗലത്ത് നിന്ന് മത്സരിക്കുന്നത്. കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കൊടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സംസ്ഥാന ഹജ്ജ് കമിറ്റി മെംബർ, സംസ്ഥാന ഹജ്ജ് കമിറ്റി ചെയര്മാന്, വഖഫ് ബോര്‍ഡ് മെംബർ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പി.എം.ജെ.വി.കെ സംസ്ഥാനതല കമ്മിറ്റി അംഗം, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെംബർ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിക്കുന്നു.
കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നിന്ന് 2006 ല്‍ കെ. മുരളീധരനെ 7,506 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി. ബി-കോം, എല്‍.എല്‍.ബി, അഭിഭാഷകന്. ഭാര്യ: സുബൈദ, രണ്ട് പെണ്മക്കളും ഒരു മകനുമടങ്ങിയ കുടുംബം. പീടികതൊടുകയില് ഇസ്മായില്‍കുട്ടി ഹാജിയുടെയും ആയിഷയുടെയും മകനായി 1949ൽ കൊടുവള്ളിയില്‍ ജനനം.
എം.എ. റസാഖ് മാസ്റ്റർ
മുസ്ലിം ലീഗ് ജില്ല പ്രസിഡന്റാണ്. ചന്ദ്രിക ഗവേണിങ് ബോഡി കോഴിക്കോട് യൂനിറ്റ് ചെയർമാൻ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ഡി എസ്) മെംബർ, ലീഗ് ജില്ല ജനറൽ സെക്രട്ടറി, സി.എച്ച് സെന്റർ ജന. സെക്രട്ടറി, യു.ഡി.എഫ് ജില്ല കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം, സ്ഥിരം സമിതി അധ്യക്ഷൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു.
സർക്കാർ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ് ചെയർമാനായിരുന്നു. കൊടുവള്ളി എളേറ്റിൽ വട്ടോളി മുതുവാട്ടുശ്ശേരി സ്വദേശി. പിതാവ്: പരേതനായ ബീരാൻ കുട്ടി ഹാജി, മാതാവ്: ഖദീജ ഹജ്ജുമ്മ. ഭാര്യ: ബുഷ്റ. മക്കൾ: അബീഷ് റഹ്മാൻ, ഹസ്ന റസാഖ്, ഹാഫിസ് റസാഖ്.
വി.കെ.സജീവൻ
നിലവിൽ ബി.ജെ.പി കോഴിക്കോട് മേഖല പ്രഭാരിയും സംസ്ഥാന സെൽ കോഡിനേറ്ററുമാണ്. വടകരക്കടുത്ത് വള്ള്യാട് സ്വദേശി. കോഴിക്കോട് ബാറിലെ അഭിഭാഷകൻ. യുവമോർച്ച മേപ്പയൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, കൊച്ചി എളമക്കരയിലെ ആർ.എസ്.എസ് സംസ്ഥാന കാര്യാലയത്തിൽ സഹ കാര്യാലയ പ്രമുഖ് എന്ന ചുമതല വഹിച്ചു. യുവമോർച്ചയിൽ കാസർകോട്, കോട്ടയം ജില്ലകളുടെ ഓർഗനൈസിങ് സെക്രട്ടറി, വിവിധ മേഖലകളുടെ
ഓർഗനൈസിങ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ സമിതിയംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു. ബി.ജെ.പി ഔദ്യോഗിക വക്താവ്, സംസ്ഥാന സെക്രട്ടറി, കോഴിക്കോട് റവന്യൂ ജില്ല പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: സി.സരിത. മകൾ : മിത്ര ലക്ഷ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

