കോഴിക്കോട് കോർപറേഷൻ കാത്തിരിക്കുന്നത് കനത്ത പോരാട്ടം; ഇരുമുന്നണികൾക്കും മേയർ സ്ഥാനാർഥികൾ
text_fieldsമുസാഫർ അഹമ്മദ്, പി .എം. നിയാസ്
കോഴിക്കോട്: അര നൂറ്റാണ്ടോളമായി എൽ.ഡി.എഫ് ഭരണം കൈയാളുന്ന കോഴിക്കോട് കോർപറേഷനിൽ ഇത്തവണ പ്രതീക്ഷിക്കുന്നത് കടുത്ത പോരാട്ടം. 76 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഭരണം നിലനിർത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. യു.ഡി.എഫ് ആകട്ടെ പതിവിലേറെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രധാന മുന്നണികളെല്ലാം മേയർസ്ഥാനാർഥിയുടെ കാര്യത്തിൽ ഏതാണ്ട് ധാരണയിലെത്തിയിട്ടുണ്ട്.
എൽ.ഡി.എഫ് നിലവിലെ ഡെപ്യൂട്ടിമേയർ സി.പി. മുസാഫർ അഹമ്മദിനെയാണ് മേയർ സ്ഥാനാർഥിയാക്കുകയെന്ന് ഏതാണ്ട് ഉറപ്പായി. ഡെപ്യൂട്ടി മേയർസ്ഥാനത്തേക്ക് നിലവിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. എസ്. ജയശ്രീ, അല്ലെങ്കിൽ പുതുമുഖത്തെ അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. മുൻ എം.എൽ.എ എ. പ്രദീപ് കുമാറിന്റെ മകൾ അമിതയുടെ പേരും സജീവ ചർച്ചയിലുണ്ട്.
യു.ഡി.എഫ് അഡ്വ. പി.എം. നിയാസിനെയാണ് മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നത്. അഡ്വ. വിദ്യ ബാലകൃഷ്ണന്റെ പേരും ചർച്ചയിലുണ്ട്. യു.ഡി.എഫിന്റെ സീറ്റ് വിഭജന ചർച്ച പുരോഗമിക്കുകയാണ്. ലീഗ് 24 സീറ്റിലാണ് മത്സരിച്ചിരുന്നത്. ഇത്തവണ രണ്ട് സീറ്റ് കൂടി ലീഗ് ആവശ്യപ്പെടുന്നുണ്ട്. ഒന്നു കൂടി ലീഗിന് കൊടുക്കുമെന്നാണ് സൂചന. സി.എം.പിക്കും ആർ.എം.പിക്കും ഇത്തവണ സീറ്റ് നൽകുന്നുണ്ട്. പത്താം തീയതിയോടെ ഏതാണ്ട് 35 ഓളം സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിക്കും. ഇത്തവണ യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും മികച്ച പരിഗണന ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എൽ.ഡി.എഫിന്റെ സീറ്റ് വിഭജനചർച്ചയും അന്തിമഘട്ടത്തിലാണ്. അഞ്ച് സീറ്റ് സി.പി.ഐക്ക് നൽകും. ആർ.ജെ.ഡി നാല് സീറ്റിന് അവകാശവാദമുന്നയിക്കുന്നു. ഐ.എൻ.എൽ മുഖദാർ സീറ്റ് ചോദിക്കുന്നുണ്ട്. അബ്ദുൽ വഹാബ് നേതൃത്വം നൽകുന്നു നാഷനൽ ലീഗ്, കോൺഗ്രസ് -എസ് വിഭാഗങ്ങളും സീറ്റിനുവേണ്ടി അവകാശവാദമുന്നയിക്കുന്നുണ്ട്. നേരത്തേ 75 വാർഡുകളാണ് കോഴിക്കോട് കോർപറേഷനിലുണ്ടായിരുന്നത്. ഇത്തവണ വാർഡ്പുനർവിഭജനത്തിനുശേഷം 76 ആയിട്ടുണ്ട്. മാവൂർ റോഡ് എന്നാണ് പുതിയ വാർഡിന്റെ പേര്. ബി.ജെ.പി ഇത്തവണ കൂടുതൽ സീറ്റ് പിടിച്ചടക്കാൻ രംഗത്തുണ്ട്. ജില്ലയിലെ പ്രമുഖനേതാക്കൾവരെ മത്സരിക്കുമെന്നാണ് സൂചന.
ജില്ല പഞ്ചായത്ത്: യു.ഡി.എഫിൽ സീറ്റ് ധാരണ
കോഴിക്കോട്: കോഴിക്കോട് ജില്ല പഞ്ചായത്തില്‍ യു.ഡി.എഫിൽ സീറ്റ് ധാരണയായി. ആകെ 28 ഡിവിഷനുകളില്‍ 14 സീറ്റിൽ കോണ്‍ഗ്രസും, 11 സീറ്റിൽ മുസ്ലിം ലീഗും മത്സരിക്കും. സി.എം.പിയും കേരള കോണ്‍ഗ്രസും ആര്.എം.പിയും ഒരോ സീറ്റിൽ മത്സരിക്കും. എടച്ചേരി, കായക്കൊടി, മേപ്പയൂര്‍, പുതുപ്പാടി, കോടഞ്ചേരി, ചാത്തമംഗലം, കുന്ദമംഗലം, കക്കോടി, നരിക്കുനി, ബാലുശ്ശേരി, കാക്കൂര്‍, അരിക്കുളം, പയ്യോളി അങ്ങാടി, ചോറോട് ഡിവിഷനുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
നാദാപുരം, മൊകേരി, ഉള്ള്യേരി, പനങ്ങാട്, താമരശ്ശേരി, കാരശ്ശേരി, ഓമശ്ശേരി, കടലുണ്ടി, ചേളന്നൂര്‍, അത്തോളി, മണിയൂര്‍ ഡിവഷനുകളില്‍ ലീഗ് മത്സരിക്കും. പന്തീരാങ്കാവ് ഡിവിഷനില്‍ സി.എം.പിയും പേരാമ്പ്രയില്‍ കേരള കോണ്‍ഗ്രസും അഴിയൂരില്‍ ആര്.എം.പിയും മത്സരിക്കും. അടുത്ത ദിവസങ്ങളില്‍ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് ജില്ല ചെയര്മാന് കെ. ബാലനാരായണനും കണ്‍വീനര്‍ അഹമ്മദ് പുന്നക്കലും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

