അധ്യാപകനാവാൻ കൊതിച്ച നിഥിൻ ലോട്ടറി വിൽപനയിൽ
text_fieldsനിഥിൻ ലോട്ടറി വിൽപനക്കിടെ
കക്കോടി: അധ്യാപകനാവാൻ ആഗ്രഹിച്ച് യോഗ്യത നേടിയ നിഥിൻ അവസാനം ലോട്ടറി വിൽപനക്കാരനായി. ബിരുദത്തിനും ബി.എഡിനും ഒന്നാം ക്ലാസോടെ പാസായ ഭിന്നശേഷിക്കാരനായ കക്കോടി സ്വദേശി പരേതനായ ഊരാളുവീട്ടിൽ മീത്തൽ രാമകൃഷ്ണെൻറ മകൻ നിഥിെൻറ ജീവിതം പോരാട്ടമാണ്.
75 ശതമാനം കാഴ്ച നഷ്ടപ്പെട്ട 29കാരനായ നിഥിൻ നാലംഗ കുടുംബത്തെ പോറ്റാൻ പെട്ട പാട് ചെറുതൊന്നുമല്ല. അർബുദ രോഗിയായ പിതാവ് മരിക്കുന്നതുവരെ ചികിത്സ മുടങ്ങാതെ നൽകാൻ കൂടുതൽ സമയം ജോലി ചെയ്യുമായിരുന്നു. ജ്യേഷ്ഠൻ ഷിബിന് തീരെ കാഴ്ചയില്ല.
മലബാർ ക്രിസ്ത്യൻ കോളജിൽ ബി.എ മലയാളമെടുത്തു പഠിക്കുമ്പോഴേയുള്ള നിഥിെൻറ ആഗ്രഹമായിരുന്നു അധ്യാപകനാവണമെന്നത്. കോഴിക്കോട് ടീച്ചർ ട്രെയ്നിങ് സെൻററിൽനിന്ന് ബി.എഡ് പാസായതോടെ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പിതാവിെൻറ രോഗവും കുടുംബച്ചെലവും നടത്തിയെടുക്കാൻ ജോലി തേടി നടന്നു.
മനസ്സലിവു തോന്നിയ കോഴിക്കടക്കാരൻ ജോലി നൽകി. വെള്ളം കൊണ്ടുനൽകലും കവറു പിടിക്കലും പണം വാങ്ങലുമായിരുന്നു ജോലി. രാവിലെ ആറര മുതൽ വൈകീട്ട് ഏഴരവരെ ജോലി ചെയ്താൽ 450 രൂപ കൂലി കിട്ടുമായിരുന്നു. ഇതിനിടയിൽ കുറെക്കാലം പെയിൻറിങ് ജോലി ചെയ്തു. തുടർന്ന് ലോട്ടറി വിൽപനയായിരുന്നു.
ലോട്ടറി കടയിൽനിന്ന് ഇപ്പോൾ 650 രൂപ കൂലി കിട്ടും. രണ്ടു തവണ പി.എസ്.സി ലിസ്റ്റിൽപെട്ടെങ്കിലും ഭാഗ്യവിൽപനക്കാരനെ ഭഗ്യം കടാക്ഷിച്ചില്ല. അനിയെൻറ പാതയിലാണ് ഷിബിനും. സാമ്പത്തിക ദുരിതങ്ങൾക്കിടയിലും ഒരിക്കൽപോലും താൻ ലോട്ടറി എടുത്തിട്ടില്ലെന്നും മെച്ചപ്പെട്ട ജോലിയിലൂടെയുള്ള ഭാഗ്യാന്വേഷണമാണ് താൻ തേടുന്നതെന്നും നിഥിൻ പറയുന്നു.