ജങ്കാർ സർവിസ് നിർത്തി; യാത്രക്കാർക്ക് ദുരിതമായി
text_fieldsബേപ്പൂർ-ചാലിയം കടവിൽ സർവിസ് നടത്തിയിരുന്ന ജങ്കാർ
ബേപ്പൂർ: ബേപ്പൂർ-ചാലിയം ജങ്കാർ സർവിസ് മുന്നറിയിപ്പില്ലാതെ നിർത്തിവെച്ചത് യാത്രക്കാർക്ക് ദുരിതമായി. നിലവിലുള്ള ജങ്കാർ പഴക്കം ചെന്നതും താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് സർവിസ് നടത്തുന്നതെന്നും അതിനാൽ അപകട സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി കലക്ടർക്ക് ഒരു സാമൂഹിക പ്രവർത്തകൻ പരാതി നൽകിയിരുന്നു. തുടർന്ന് ബേപ്പൂർ പോർട്ട് ഓഫിസർ സർവിസ് നിർത്തിവെക്കാൻ അടിയന്തരമായി ഉത്തരവിടുകയായിരുന്നു. പരാതി സംബന്ധിച്ച്, അന്വേഷിച്ച് റിപ്പോർട്ട് നൽകാനും നടപടി സ്വീകരിക്കാനും കലക്ടർ നിർദേശിച്ചതിനെ തുടർന്നാണ് പോർട്ട് ഓഫീസറുടെ നടപടി.
ജങ്കാർ സർവിസിന്റെ നിയന്ത്രണം കടലുണ്ടി പഞ്ചായത്തിനാണ്. കൊച്ചിൻ ഫെറി സർവിസാണ് ജങ്കാർ സർവിസ് കരാർ എടുത്തത്. ബേപ്പൂരിനെ ചാലിയം കരയുമായി ബന്ധിപ്പിക്കുന്നതും തിരൂർ, പൊന്നാനി വഴി കൊച്ചി യാത്രക്ക് ഏറെ എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായകവുമാണ് ബേപ്പൂർ വഴിയുള്ള ജങ്കാർ.
മത്സ്യബന്ധന തുറമുഖങ്ങളായ ബേപ്പൂർ, ചാലിയം ഫിഷ് ലാൻഡിങ് സെന്ററുകളിലേക്ക് മത്സ്യങ്ങൾ അയക്കുന്നതിനും വിദ്യാർഥികളും തൊഴിലാളികളുമടക്കമുള്ളവരുടെ തീരദേശ റോഡിലൂടെയുള്ള ദീർഘദൂര വാഹനയാത്രക്കാരും ജങ്കാർ നിലച്ചതോടെ ഏറെ പ്രയാസത്തിലായി. കിലോമീറ്ററുകൾ ചുറ്റി ചെറുവണ്ണൂർ, ഫറോക്ക്, രാമനാട്ടുകര മേഖലകളിലൂടെ ഏറെ സമയം ചിലവഴിച്ച് പോകേണ്ടിവരുന്നു. ചെറുവണ്ണൂരിലെ മേൽപ്പാല നിർമാണത്തോടനുബന്ധിച്ച് നിലവിൽ ഈ മേഖല വാഹനക്കുരുക്കിലാണ്. ജങ്കാർ സർവിസ് മുടങ്ങിയതോടെ വാഹന യാത്രക്കാർ റോഡ് വഴി ഈ ഭാഗങ്ങളിലൂടെ സഞ്ചരിച്ചതോടെ കുരുക്ക് പതിന്മടങ്ങ് വർധിച്ചു.
യാത്രക്കാരുടെ പ്രയാസങ്ങൾ പരിഗണിച്ച് ചാലിയം-ബേപ്പൂർ കടവിൽ പുതിയ ജങ്കാർ ആരംഭിക്കുമെന്ന് കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ അറിയിച്ചു. ഇതിനായി കരാറുകാർ എത്തിച്ച ‘റോ-റോ’ ജങ്കാർ ഉപയോഗപ്പെടുത്തും. അതേസമയം റോ റോ ജങ്കാർ കടവിലേക്ക് അടുപ്പിക്കുന്നതിന് ജെട്ടി അനുയോജ്യമല്ലെന്ന് പറയപ്പെടുന്നു. അടിയന്തരമായി നിലവിലെ ഇരു കരകളിലെയും ജെട്ടി പാകപ്പെടുത്തി നിർമിക്കേണ്ടിവരും. ആഴക്കുറവിനാൽ റോറോ ജങ്കാറിന്റെ പ്രോപ്പുലർഫാൻ പുഴയുടെ അടിഭാഗം തട്ടുന്നതും പരിഹരിക്കേണ്ടിവരും.
ഇത്തരം സാങ്കേതിക പിഴവുകൾ ശരിപ്പെടുത്തി തുറമുഖ വകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ സർവിസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ജങ്കാർ സർവിസ് നിലച്ച വിവരം മുന്നറിയിപ്പില്ലാത്തതിനാൽ ഒട്ടേറെ യാത്രക്കാരും വാഹനങ്ങളും ഇരുകരകളിലുമെത്തി തിരിച്ചുപോകേണ്ടിവരുന്നത് പ്രതിഷേധത്തിനിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

