കരുതലിന്റെ കവചമൊരുക്കി ഹാൽസിയോൺ ടവർ
text_fieldsതെക്കേപ്പുറം ഹാൽസിയോൺ ടവർ
കോഴിക്കോട്: വൃക്കരോഗികൾക്ക് കരുതലിന്റെ കവചമൊരുക്കുന്ന തെക്കെപ്പുറം ഹാൽസിയോണിന്റെ സ്വന്തം കെട്ടിടം ‘പി.ടി. അബ്ദുൽ കരീം മെമ്മോറിയൽ ഹാൽസിയോൺ ടവർ’ 27ന് നാടിന് സമർപ്പിക്കും. തെക്കെപ്പുറം, കുറ്റിച്ചിറ പ്രദേശത്തുള്ള നിർധനരായ വൃക്കരോഗികളെ സ്വന്തം വാഹനത്തിൽ ഇഖ്റ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡയാലിസിസ് നടത്തിക്കൊടുത്ത് 2008ൽ പി.ടി. അബ്ദുൽ കരീം തുടങ്ങിയ കാരുണ്യപ്രവർത്തനമാണ് 2011ൽ ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരണത്തിലേക്ക് നയിച്ചത്.
പിന്നീട് ഉദാരമനസ്കൻ സൗജന്യമായി നൽകിയ കെട്ടിടത്തിൽ സ്വദേശത്തുനിന്നും വിദേശത്തുനിന്നുമുള്ള ഉദാരമനസ്കരുടെയും ഇഖ്റ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ 2015 െഫബ്രുവരി രണ്ടിന് കുറ്റിച്ചിറയിൽ ഹാൽസിയോൺ ഡയാലിസിസ് സെന്റർ നിലവിൽ വന്നു. നാലു രോഗികൾക്ക് ഡയാലിസിസ് ചെയ്തുതുടങ്ങിയ സ്ഥാപനത്തിൽ നിലവിൽ മൂന്നു ഷിഫ്റ്റുകളിലായി 66 പേർക്ക് ഡയാലിസിസ് ചെയ്യുന്നു.
സാമ്പത്തിക ശേഷിയുള്ളവരിൽനിന്ന് 250 രൂപ മാത്രമാണ് ഈടാക്കുന്നത്. സാമ്പത്തിക ശേഷിയില്ലാത്തവർക്ക് അൽ ഹിന്ദ് ഗ്രൂപ്പിന്റെ സഹകരണത്തോടെ സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കുന്നു.കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിന് സമീപം പതിമൂന്നര സെന്റ് ഭൂമിയിലാണ് ഹാൽസിയോൺ ടവർ സ്ഥാപിച്ചത്. ടവർ യാഥാർഥ്യമാകുന്നതോടെ പി.ടി. അബ്ദുൽ കരീമിന്റെ ചിരകാല സ്വപ്നംകൂടിയാണ് പൂവണിയുന്നത്. ടവർ ഉദ്ഘാടനം 27ന് വൈകീട്ട് നാലിന് ആസ്റ്റർ മിംസ് എം.ഡി ഡോ. ആസാദ് മൂപ്പൻ നിർവഹിക്കും. ഡയാലിസിസ് സെന്റർ ഉദ്ഘാടനം യു.എ.ഇ ഫാത്തിമ ഹെൽത്ത് കെയർ എം.ഡി ഡോ. കെ.പി. ഹുസയിൻ നിർവഹിക്കും. കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

