ഗസ്സ: വംശഹത്യയുടെ നടുക്കുന്ന കാഴ്ചകളുമായി ഡോ. എസ്.എസ്. സന്തോഷ് കുമാർ
text_fieldsകോഴിക്കോട് ലളിതകല അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന ഡോ.എസ്.എസ് സന്തോഷ് കുമാറിന്റെ ഗസ്സയില്‍ നിന്നുള്ള ' അവസാനത്തെ ആകാശം ' എന്ന ഫോട്ടോ പ്രദർശനത്തിൽ നിന്ന്
കോഴിക്കോട്: തകർന്നടിഞ്ഞ കെട്ടിടങ്ങൾ, കട്ടിൽ പോയിട്ട് നിലത്തു കിടക്കാൻപോലും സൗകര്യങ്ങളില്ലാത്ത ആശുപത്രികൾ, ചികിത്സകിട്ടാതെ വലയുന്ന രോഗികൾ... വായിച്ചും കേട്ടും അറിഞ്ഞതിനപ്പുറം ഗസ്സയിൽ ഇസ്രായേൽ നത്തുന്ന വംശഹത്യയുടെ ഹൃദയഭേദക കാഴ്ചകളുമായി ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ ചിത്രപ്രദർശനം. ഗസ്സ യുദ്ധഭൂമിയിൽ ഐക്യരാഷ്ട്ര സഭയുടെ എമർജൻസി മെഡിക്കൽ ടീമിന് നേതൃത്വം നൽകിയ ഡോ. എസ്.എസ്. സന്തോഷ് കുമാർ പകർത്തിയ ചിത്രങ്ങളാണ് ലളിതകല അക്കാദമി ഗാലറിയിലെ പ്രദർശനത്തിലുള്ളത്.
ബോംബുവർഷത്തിൽ തകർന്ന ആശുപത്രികൾ, സർജിക്കൽ ഉപകരണങ്ങൾ ലഭിക്കാത്തതിനാൽ പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾക്കൊണ്ട് ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാർ, ഭക്ഷണത്തിനായി നെട്ടോട്ടമോടുന്ന ജനം... വംശഹത്യ ഗസ്സയെ എങ്ങിനെയെല്ലാം തകർത്തുവെന്നതിന്റെ നേർസാക്ഷ്യമാണ് ചിത്ര പ്രദർശനം. ‘അവസാനത്തെ ആകാശം’ എന്നു പേരിട്ട പ്രദർശനം എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുക്രെയ്നിലെ യുദ്ധഭൂമിയിൽ നിന്നാണ് ഡോ. സന്തോഷ് 2023 നവംബറിൽ ആദ്യം ഗസ്സയിലെത്തിയത്. തുടർന്ന് രണ്ടു കാലയളവുകളിൽ കൂടി അദ്ദേഹം അവിടെ യു.എൻ എമർജൻസി മെഡിക്കൽ ടീമിന്റെ ഭാഗമായി. 200ലധികം ദിവസം യുദ്ധമുഖത്ത് ചികിത്സാ രംഗത്ത് സജീവമായി.
ഈ സമയത്ത് മൊബൈൽ ഫോണിൽ പകർത്തിയ രണ്ടായിരത്തോളം ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 60 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ചിത്രങ്ങൾക്കു പിന്നിലെ സംഭവങ്ങൾ ലഘുവിവരണങ്ങളായി നൽകിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ഡോ. സന്തോഷ് കുമാർ യുദ്ധവും പ്രകൃതിദുരന്തങ്ങളും കലാപവും മറ്റുമുണ്ടാകുന്ന മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഭാഗമായി നാൽപതിലേറെ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് കാസർകോട്ടേയും മുംബൈയിലേയും പ്രത്യേക ആശുപത്രികൾ സജ്ജമാക്കിയതും സന്തോഷിന്റെ നേതൃത്വത്തിലാണ്. പ്രദർശനം 22 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

