മുൻ ജനകീയ എം.എൽ.എക്ക് ഇനി പുതിയ നിയോഗം
text_fieldsഎ. പ്രദീപ് കുമാർ
കോഴിക്കോട്: കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് ഉദാഹരണ സഹിതം മലയാളിക്ക് കാണിച്ചുതന്ന എ. പ്രദീപ് കുമാറിന് ഇനി പുതിയ ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെത്തുന്ന ഫയലുകളിൽ മുൻഗണനക്രമം നിശ്ചയിക്കലും പരിശോധന നടത്തി സമർപ്പിക്കലുമടക്കം പ്രൈവറ്റ് സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ് മുൻ ജനകീയ എം.എൽ.എ ഇനി നിർവഹിക്കുക.
വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യ വത്കരണത്തിനെതിരെ വലിയ ജനകീയ പ്രക്ഷോഭം നയിച്ച പോരാളിയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രദീപ് കുമാർ. ലാഭകരമല്ലെന്ന പേരിൽ പൊതു വിദ്യാലയങ്ങളിൽ പലതും അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് പൊലീസിന്റെ ക്രൂരമർദനങ്ങളേറ്റുവാങ്ങി. എന്നാൽ, പതിറ്റാണ്ടിനപ്പുറം കോഴിക്കോട് നോർത്ത് എം.എൽ.എ ആയപ്പോൾ ‘പ്രിസം’ പദ്ധതി ആവിഷ്കരിച്ച് സർക്കാർ വിദ്യാലയങ്ങളെ സംരക്ഷിച്ച് മികവിന്റെ കേന്ദ്രമാക്കി മാതൃക പ്രവർത്തനവും കാഴ്ചവെച്ചു.
ആളുകൾ പൊതുവിദ്യാലയങ്ങളിലേക്ക് മക്കളെ പറഞ്ഞയക്കാന്‍ മടിച്ച വേളയിലാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞ് സ്വകാര്യ സംരഭകരുടെ കൂടെ സഹായത്തോടെ നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ആഗോള നിലവാരമുള്ള പശ്ചാത്തല സൗകര്യം ഒരുക്കിയത്. തുടർന്ന് കാരപ്പറമ്പ്, മെഡിക്കൽ കോളജ് കാമ്പസ് തുടങ്ങി മണ്ഡലത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളെയും നവീകരിച്ചു.
നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ബീച്ച് ഫ്രീഡം സ്ക്വയർ, മാവൂർ റോഡ് സ്മൃതിപഥം, ബീച്ച് സമുദ്ര ഓഡിറ്റോറിയം തുടങ്ങിയവയുടെ നിർമിതിയിലും കൈയൊപ്പ് ചാർത്തി. രാജ്യാന്തര തലത്തിൽ നടക്കാവ് സ്കൂൾ ശ്രദ്ധനേടിയതോടെ ഒട്ടനവധി ഏജൻസികളും ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ അടക്കമുള്ളവരും പ്രദീപിനെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. എം.എൽ.എ എന്ന നിലയിൽ പൊതു വിദ്യാഭ്യാസ രംഗത്ത് പ്രദീപ് നടത്തിയ മാതൃക ഇടപെടലാണ് പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞമെന്ന പിണറായി സർക്കാറിന്റെ പ്രധാന മുന്നേറ്റത്തിന് അടിസ്ഥാനമായത്.
യുവജന നേതാവ് എന്ന നിലയിൽ ഏറെ സ്വീകാര്യതയുണ്ടായിരുന്ന പ്രദീപ് സി.പി.എം മലപ്പുറം സമ്മേളനത്തിൽ വി.എസ്. പക്ഷത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരിച്ചതോടെ നേതൃത്വത്തിന് അനഭിമതനാവുകയായിരുന്നു. പിന്നീട് തിരുവനന്തപുരം സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലെത്തിയെങ്കിലും മൂന്നുതവണ കോഴിക്കോട് നോർത്ത് എം.എൽ.എയായിട്ടും മന്ത്രിസഭയിലേക്ക് പാർട്ടി പരിഗണിച്ചില്ല. വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച പ്രദീപിനെ വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന് പ്രമുഖരടക്കം ആവശ്യമുന്നയിച്ചിരുന്നു.
വലിയ ഉത്തരവാദിത്തം -എ. പ്രദീപ് കുമാർ
പാർട്ടി ഏൽപിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും അത് ഭംഗിയായി നിർവഹിക്കുമെന്നും എ. പ്രദീപ് കുമാർ. നിലവിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ ശക്തമായി പ്രവർത്തിക്കുന്നൊരു മികച്ച സംവിധാനം നിലവിലുണ്ട്. അതിന്റെ ഭാഗമാവുകയാണ്. മുഖ്യമന്ത്രി ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നു. മേയ് 21ന് പുതിയ ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

