മെഡിക്കൽ കോളജിലെ തീ; ആര് മറുപടി പറയും?
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിന്റെ ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിൽ തുടർച്ചയായി തീയും പുകയും ഉയർന്നപ്പോൾ ചർച്ചയാവുന്നത് നിർമാണത്തിലെ അപാകതകളും പരിപാലന വീഴ്ചകളും. നിർമാണത്തിലെ വീഴ്ചകളിൽ കേന്ദ്രസർക്കാർ ഏജൻസികളാണ് ഉത്തരവാദികളെങ്കിൽ ജീവനക്കാരെ നിയമിക്കാതെയുള്ള നടത്തിപ്പിൽ സംസ്ഥാന സർക്കാറും പ്രതിസ്ഥാനത്താണ്. പി.എം.എസ്.എസ്.വൈ പദ്ധതിയിൽനിന്ന് 200 കോടിയോളം രൂപ ചെലവഴിച്ച് എച്ച്.എൽ.എൽ ആണ് നിർമാണം നടത്തിയത്. എച്ച്.എൽ.എല്ലിനുവേണ്ടി കോട്ടയത്തെ ചെറിയാൻ ഏജൻസിയാണ് നിർമാണം നടത്തിയത്.
സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയത് എച്ച്.എൽ.എല്ലിന്റെ ടെക്നിക്കൽ വിഭാഗമായ ഹൈറ്റ്സും. നിർമാണത്തിലെ അപാകതകളും അസൗകര്യങ്ങളും വയറിങ്ങിൽ അടക്കമുള്ള വീഴ്ചകളും സ്ഥാപിച്ച യന്ത്രങ്ങളുടെ പരിമിതികളും മെഡിക്കൽ കോളജ് അധികൃതരും പി.ഡബ്ല്യു.ഡി, ബയോ മെഡിക്കൽ എൻജിനീയറിങ് വിഭാഗവും കരാറുകാരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും പ്ലാനിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കരാറുകാർ. ഇലക്ട്രിഫിക്കേഷൻ അടക്കമുള്ളവ കൺസീൽഡ് വർക്ക് ആയതിനാൽ പി.ഡബ്ല്യുഡി വിഭാഗത്തിന് ഒരു അധിക പ്ലഗ് പോലും സ്ഥാപിക്കാൻ കഴിയില്ലെന്നും ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ഏഴുനില കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി പ്രവർത്തനം ആരംഭിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും ഒരു തസ്തിക പോലും സൃഷ്ടിക്കാൻ സംസ്ഥാന സർക്കാറും തയാറായിരുന്നില്ല. മെഡിക്കൽ കോളജിലെ നിലവിലുള്ള ഡോക്ടർമാരെയും മറ്റും പുനർവിന്യസിച്ചും താൽക്കാലിക നിയമനം നടത്തിയുമായിരുന്നു ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുനീങ്ങിയത്. നിരന്തര ആവശ്യങ്ങൾ അവഗണിച്ച ആരോഗ്യ വകുപ്പ് കഴിഞ്ഞ വെള്ളിയാഴ്ച ആദ്യ പൊട്ടിത്തെറി നടന്ന ശേഷമാണ് അത്യാഹിത വിഭാഗത്തിലേക്ക് 151 തസ്തികകൾ അനുവദിച്ചത്.
ബി.എം.എസ് നോക്കുകുത്തി
അത്യാധുനിക സംവിധാനങ്ങളോടെയുള്ള കെട്ടിടത്തിൽ സുരക്ഷ ഉറപ്പുവരുത്താൻ ബിൽഡിങ് മാനേജ്മെന്റ് സിസ്റ്റവും (ബി.എം.എസ്) ഉൾപ്പെടുന്നതായിരുന്നു പദ്ധതി. അത് ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച എല്ലാ കാര്യങ്ങളെയും ഒരു സർവറുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണ് ബി.എം.എസ്. സർവറിനെ ഫയർ യൂനിറ്റുമായി ബന്ധിപ്പിക്കുന്നതിനാൽ ഫയർ ഫോഴ്സിനും തൽസമയം അലാറം ലഭിക്കും.
ഇതിനുള്ള ഭൗതിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത് പൂർണമായി നടപ്പാക്കിയാൽ ചെറിയ തോതിലുള്ള സുരക്ഷ വീഴ്ചകൾ വരെ മുൻകൂട്ടി കണ്ടെത്താനും പ്രതിരോധിക്കാനും സാധിക്കും. നിലവിൽ സി.സി.ടി.വികൾ മാത്രമാണ് സർവറുമായി കണക്ട് ചെയ്തത്. എച്ച്.എൽ.എല്ലിന്റെ ടെക്നിക്കൽ വിഭാഗമായ ഹൈറ്റ്സ് ആണ് ഇത് പൂർത്തിയാക്കി ആശുപത്രി അധികൃതർക്ക് കൈമാറേണ്ടിയിരുന്നത്. ഹൈറ്റ് ഇതുവരെ അതിന് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

