സ്ഥാനാർഥിപ്പട്ടികയായി; ജില്ലയിൽ ഇക്കുറി സി.പി.എമ്മിന് വനിതകളില്ല
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ സി.പി.എമ്മിന് ഇക്കുറി വനിതകളില്ല. കോഴിക്കോട് മുൻ മേയർ ബീന ഫിലിപ്പ്, വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി എന്നിവരുടെ പേരുകൾ ആദ്യഘട്ടത്തിൽ ഉയർന്നുവന്നിരുന്നു. എന്നാൽ അന്തിമ പട്ടികയിൽ ഇവരാരും ഇടംപിടിച്ചില്ല.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ചു വിജയിച്ച കാനത്തിൽ ജമീലയായിരുന്നു ജില്ലയിൽ സി.പി.എമ്മിന്റെ വനിത മുഖം. 8472 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കാനത്തിൽ ജമീല കൊയിലാണ്ടിയിൽ നിന്ന് ജയിച്ചുകയറിയത്. അതോടെ ജില്ലയിൽ നിന്ന് നിയമസഭയിലെത്തിയ ആദ്യമുസ്ലിം വനിത എം.എൽ.എയെന്ന പദവിയും കാനത്തിൽ ജമീല സ്വന്തമാക്കി. തദ്ദേശസ്ഥാപനങ്ങളിലെ പ്രവർത്തനമികവുമായി വന്ന കാനത്തിൽ ജമീല സി.പി.എമ്മിന്റെ മികച്ച സ്ഥാനാർഥിയുമായിരുന്നു. എം.എൽ.എയായിരിക്കെ അന്തരിച്ച കാനത്തിൽ ജമീലയുടെ അഭാവം നികത്താൻ ഇക്കുറി സി.പി.എമ്മിന് മറ്റൊരു കരുത്തുറ്റ വനിത സ്ഥാനാർഥിയെ മണ്ഡലത്തിൽ മത്സരിപ്പിക്കാനായില്ല. ഇത്തവണ കൊയിലാണ്ടിയിൽ കെ. ദാസനാണ് എൽ.ഡി.എഫിന്റെ സ്ഥാനാർഥി.
1991മുതലാണ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സി.പി.എം വനിതകളെ തുടർച്ചയായി രംഗത്തിറക്കിയത്. എൻ.കെ. രാധയാണ് ജില്ലയിലെ സി.പി.എമ്മിന്റെ ആദ്യ വനിത എം.എൽ.എ. പേരാമ്പ്രയിൽ നിന്നാണ് 1991ലും 1996ലും അവർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2001ൽ കോഴിക്കോട് -ഒന്നിൽ പി. സതീദേവി സി.പി.എം ടിക്കറ്റിൽ മത്സരിച്ചുവെങ്കിലും യു.ഡി.എഫിന്റെ എ. സുജനപാലിനോട് പരാജയപ്പെട്ടു. 2006ൽ മേപ്പയ്യൂരിൽ നിന്ന് കെ.കെ. ലതിക നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2011ൽ കുറ്റ്യാടിയിൽ നിന്ന് കെ.കെ. ലതിക വീണ്ടും എം.എൽ.എയായി. 2016ലും കുറ്റ്യാടിയിൽ നിന്ന് ജനവിധി തേടിയെങ്കിലും അവർ യു.ഡി.എഫിന്റെ പാറക്കൽ അബ്ദുല്ലയോട് പരാജയപ്പെട്ടു. 2021ൽ കാനത്തിൽ ജമീലയും നിയമസഭയിലെത്തി. ഇക്കുറി നാദാപുരത്ത് നിന്ന് ജനവിധി തേടുന്ന സി.പി.ഐയുടെ അഡ്വ. പി.വസന്തമാണ് എൽ.ഡി.എഫിന്റെ ഒരേയൊരു വനിത മുഖം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

