എൻ.സി.പി പിളർപ്പിനു പിന്നാലെ ഷൺമുഖദാസ് അനുസ്മരണവും ചേരിതിരിഞ്ഞ്
text_fieldsഎ.സി. ഷൺമുഖദാസ്
കോഴിക്കോട്: എൻ.സി.പി പിളർപ്പിനു പിന്നാലെ എ.സി. ഷൺമുഖദാസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിലും ഭിന്നിപ്പ്. സംസ്ഥാനത്ത് എൻ.സി.പി പി.എം. സുരേഷ്ബാബു നേതൃത്വം നൽകുന്ന ശരത് പവാർ ഗ്രൂപ്, എ.കെ. ശശീന്ദ്രൻ വിഭാഗം എന്നീ രണ്ടു വിഭാഗമായി പിളർന്നതിനു പിന്നാലെയാണ് എ.സി. ഷൺമുഖദാസ് അനുസ്മരണവും അവാർഡ് ദാനവും രണ്ടു പാർട്ടികളും ചേരിതിരിഞ്ഞ് സംഘടിപ്പിക്കുന്നത്. പവാർ വിഭാഗം ജൂൺ 27നും ശശീന്ദ്രൻ വിഭാഗം 28നുമാണ് കോഴിക്കോട്ട് എ.സി. ഷൺമുഖദാസ് അനുസ്മരണവും അവാർഡ് ദാനവും സംഘടിപ്പിക്കുന്നത്.
പാർട്ടി പിളർന്നെങ്കിലും ഷൺമുഖദാസിന്റെ പേരിൽ ഭിന്നിപ്പ് വേണ്ട എന്നനിലയിൽ ഒരുമിച്ച് നടത്താനായിരുന്നു ഇരു കൂട്ടരും തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി എ.സി. ഷൺമുഖദാസിന്റെ കുടുംബം ഏർപ്പെടുത്തിയ എ.സി. ഷൺമുഖദാസ് അവാർഡ് ഇത്തവണ മുതിർന്ന ജനത ദൾ നേതാവ് കൃഷ്ണൻകുട്ടിക്ക് പൊതുസേവന രംഗത്തെ സമഗ്ര സംഭാവന മുൻനിർത്തി നൽകാനും തീരുമാനമായി. ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിന് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ക്ഷണിക്കുകയും ജൂൺ 28ന് എ.കെ.ജി ഹാളിൽ പരിപാടി സംഘടിപ്പിക്കാനും ഇരു വിഭാഗം നേതാക്കളുടെയും സാന്നിധ്യത്തിൽ തീരുമാനമാകുകയും ചെയ്തു.
ഷൺമുഖദാസിന്റെ ചരമ ദിനമായ 27ന് പിണറായി വിജയന് അസൗകര്യമായതിനാൽ 28ലേക്ക് മാറ്റുകയായിരുന്നുവത്രെ. അനുസ്മരണവുമായി മുന്നോട്ടു പോകവെ പരിപാടിയിൽ സംസാരിക്കുന്നവരുടെ പട്ടികയിൽ എൻ.സി.പി ശരത് പവാർ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.എം. സുരേഷ് ബാബുവിന്റെ പേർ ചേർക്കണമെന്ന് നിർദേശിച്ചു. എന്നാൽ, അതു വേണ്ടെന്ന് ശശീന്ദ്രൻ വിഭാഗത്തിലെ ഒരു നേതാവ് വാശിപിടിച്ചു. ഇക്കാര്യം മറ്റൊരു ദിവസം ചർച്ച ചെയ്ത് അറിയിക്കാമെന്ന് എസ്.പി വിഭാഗം നേതാക്കളെ അറിയിച്ച് യോഗം പിരിഞ്ഞു.
എന്നാൽ, സുരേഷ് ബാബുവിനെ പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ശശീന്ദ്രൻ വിഭാഗം അടുത്ത ദിവസം അറിയിച്ചതോടെ 27ന് ശരത് പവാർ വിഭാഗം ഷൺമുഖദാസ് അനുസ്മരണം സ്വന്തം നിലക്ക് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടത്താൻ തീരുമാനിച്ചു. ഉദ്ഘാടകനായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ ക്ഷണിക്കുകയും സമഗ്ര സംഭാവന മുൻനിർത്തി അവാർഡിന് മുതിർന്ന ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനും മന്ത്രിയുമായിരുന്ന ടി.കെ. ഹംസയെ തിരഞ്ഞെടുക്കുകയും ചെയ്തു. എ.കെ. ശശീന്ദ്രനുമായി ഏറെ അടുപ്പം ഉണ്ടെങ്കിലും അവാർഡ് നൽകുന്നതിന് കുടുംബം സഹകരിക്കുന്നത് ശരത് പവാർ വിഭാഗത്തോടാണ്. എങ്കിലും ഇരു പരിപാടികളിലും പങ്കെടുക്കുമെന്ന് ഷൺമുഖദാസിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

