35 വർഷത്തിനിപ്പുറം പോളിങ് ബൂത്തിന് മുന്നിൽ അപൂർവ കൂടിക്കാഴ്ച
text_fieldsസിദ്ദീഖും കോയക്കുട്ടിയും പോളിങ് ബൂത്തിന് മുന്നിൽ കണ്ടു മുട്ടിയപ്പോൾ
കുന്ദമംഗലം : നിയമസഭ തെരെഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിൽ വ്യത്യസ്തമായ ഒരു കൂടിക്കാഴ്ച അരങ്ങേറി. ബൂത്ത് 15 ചൂലാംവയൽ മാക്കൂട്ടം എ.എം.യു.പി സ്കൂളിലാണ് സംഭവം. നാട്ടുകാരും ബന്ധുക്കളുമായ രണ്ടു പേർ 35 വർഷത്തിന് ശേഷം കണ്ടുമുട്ടിയപ്പോൾ കണ്ടു നിന്നവർ സന്തോഷത്തിന്റെ ഈറനണിഞ്ഞു. 41 വർഷത്തിലേറെയായി കിടപ്പിലായ ചൂലാംവയൽ അമ്പലപ്പറമ്പിൽ സിദ്ദീഖും ഇദ്ദേഹത്തിന്റെ അയൽവാസിയും ബന്ധുവുമായ അമ്പലപ്പറമ്പിൽ കോയക്കുട്ടിയുമാണ് ഏതാണ്ട് 35 വർഷങ്ങൾക്കിപ്പുറം വോട്ട് ചെയ്യാൻ വന്നപ്പോൾ അവിചാരിതമായി കണ്ടുമുട്ടിയത്. 41 വർഷം മുമ്പ് ഒരു വേദന വന്ന് കിടപ്പിലായതാണ് സിദ്ദീഖ്. അതിന് ശേഷം രണ്ട് മൂന്ന് തവണ കോയക്കുട്ടി ഇദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ചിരുന്നു.
പിന്നീട് ഇരുവരും തമ്മിൽ കാണാതായി. പ്രായാധിക്യവും രോഗവും കാരണം കോയക്കുട്ടിയും പുറത്തിറങ്ങാതായി. ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ദിവസം രാഷ്ട്രീയ പ്രവർത്തകർ ഇരുവരേയും വോട്ട് ചെയ്യാൻ കൊണ്ടു വന്നപ്പോഴാണ് ഇവർക്ക് തമ്മിൽ കണ്ടു മുട്ടാൻ അവസരം വന്നത്. രണ്ടു പേരും പോളിങ് ബൂത്തിന് മുന്നിൽ നിന്നു. ഇവർക്ക് ബൂത്തിലേക്ക് കയറാൻ കഴിയില്ല. അവിടെ കോയക്കുട്ടി വന്നതറിഞ്ഞു സിദ്ദീഖ് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ''കോയക്കുട്ടിക്കാനെ എനിക്കൊന്ന് കാണണം'' എന്ന വാക്ക് കേട്ട് കൊണ്ടു വന്നവർ അവസരം ഒരുക്കി. അപൂർവ കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാൻ കഴിഞ്ഞതിൽ രാഷ്ട്രീയ പ്രവർത്തകരും സംതൃപ്തിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

