Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആരെ ഏറ്റും ഏറ്റുമാനൂർ?

ആരെ ഏറ്റും ഏറ്റുമാനൂർ?

text_fields
bookmark_border
ആരെ ഏറ്റും ഏറ്റുമാനൂർ?
cancel

കോട്ടയം: ജില്ലയിൽ സി.പി.എമ്മിന്‍റെ കൈവശമുള്ള ഏക മണ്ഡലമാണ് ഏറ്റുമാനൂർ. മന്ത്രി വി.എൻ. വാസവന്‍റെ തട്ടകമെന്ന നിലക്കാണ് ഇത്തവണ ഏറ്റുമാനൂരിന് പ്രാധാന്യമേറുന്നത്. കോൺഗ്രസിനെയും കേരള കോൺഗ്രസിനെയും ജനത മുന്നണിയെയും സ്വതന്ത്രനെയും വരെ വിജയിപ്പിച്ച മണ്ഡലമാണിത്.

കേരള കോൺഗ്രസിന്‍റെ തണലിൽ കാലങ്ങളോളം യു.ഡി.എഫിനൊപ്പം നിന്നിരുന്ന മണ്ഡലം 2011ൽ സുരേഷ് കുറുപ്പാണ് ഇടത്തേക്ക് ഗതിമാറ്റുന്നത്. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ 2011ലെ മണ്ഡല പുനർനിർണയത്തിനുശേഷം ഏറ്റുമാനൂരിനൊപ്പം ചേർന്നതോടെയാണ് മണ്ഡലത്തിന് ഇടതുസ്വഭാവം കൈവന്നത്. കേരള കോൺഗ്രസ് എമ്മിനും മണ്ഡലത്തിൽ നിർണായക സ്വാധീനമുണ്ട്.

ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കാര്യമായ പരിക്കേറ്റെന്നത് ശ്രദ്ധേയമാണ്. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയും അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, കുമരകം, തിരുവാർപ്പ്, നീണ്ടൂർ എന്നീ ആറു പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് നിയോജകമണ്ഡലം.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആർപ്പൂക്കരയും അതിരമ്പുഴയും ഒഴികെയുള്ള പഞ്ചായത്തുകളിൽ എൽ.ഡി.എഫിനായിരുന്നു ഭരണം.

ഇത്തവണ തിരുവാർപ്പിൽ മാത്രമേ ഭരണം നിലനിർത്താനായുള്ളൂ. കാലങ്ങളായി കൂടെ നിന്ന കുമരകത്ത് പ്രസിഡന്‍റ് സ്ഥാനം യു.ഡി.എഫ് പിന്തുണയോടെ വിമതൻ സ്വന്തമാക്കി. അയ്മനം എൻ.ഡി.എയും പിടിച്ചെടുത്തു. ജില്ല പഞ്ചായത്തിൽ കുമരകം ഡിവിഷനിലും പരാജയം രുചിച്ചു.

സ്വതന്ത്രനെ ജയിപ്പിച്ച ചരിത്രം

ഒരു മുന്നണിയെയും അന്ധമായി ചേർത്തുപിടിച്ചിട്ടില്ല ഏറ്റുമാനൂർ. 1957ലും 1960ലും കോൺഗ്രസിലെ ജോർജ് ജോസഫ് പൊടിപാറ ആയിരുന്നു വിജയി. 1965ൽ എം.എം. ജോസഫ് (കേരള കോൺഗ്രസ്), 1967ൽ പി.പി. വിത്സൺ (എസ്.എസ്.പി), 1970 ൽ പി.ബി.ആർ. പിള്ള (എസ്.എസ്.പി)എന്നിവരും വിജയിച്ചു. 1980ൽ വൈക്കം വിശ്വന് അവസരം നൽകിയെങ്കിലും തുടർച്ചയുണ്ടായില്ല. പിന്നീട് സി.പി.എമ്മിന് മണ്ഡലം കിട്ടിയത് 2011ൽ മാത്രമാണ്. അതിനിടെയാണ് സ്വതന്ത്രനായി മത്സരിച്ച ജോർജ് ജോസഫ് പൊടിപാറയെ ജയിപ്പിച്ചത്. 1991 മുതൽ തോമസ് ചാഴികാടന്‍റെ ജൈത്രയാത്ര ആയിരുന്നു. സുരേഷ് കുറുപ്പിന്‍റെ വരവാണ് അതിന് കടിഞ്ഞാണിട്ടത്. 2016ലും സുരേഷ് കുറുപ്പ് വിജയം തുടർന്നു. 2021ൽ കോൺഗ്രസിനോടു കലഹിച്ച് തല മുണ്ഡനം ചെയ്ത് മത്സരത്തിനിറങ്ങിയ ലതിക സുഭാഷിന്‍റെ സാന്നിധ്യം മണ്ഡലത്തെ ദേശീയ ശ്രദ്ധയിലേക്കെത്തിച്ചു.

സ്ഥാനാർഥി സാധ്യത

ഇത്തവണയും മന്ത്രി വി.എൻ. വാസവൻ തന്നെയാണ് ഇടതുസ്ഥാനാർഥി. യു.ഡി.എഫിൽ സീറ്റുതർക്കം പരിഹരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ തവണ കേരള കോൺഗ്രസിന്‍റെ പ്രിൻസ് ലൂേക്കാസ് ആയിരുന്നു സ്ഥാനാർഥി. ഇത്തവണ സീറ്റ് വിട്ടുനൽകണമെന്ന ആവശ്യത്തിലുറച്ചുനിൽക്കുകയാണ് കോൺഗ്രസ്. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, ജില്ല പഞ്ചായത്തംഗം പി.കെ. വൈശാഖ് എന്നിവരുടെ പേരുകളാണ് കോൺഗ്രസിൽ ഉയർന്നുകേൾക്കുന്നത്. ജോസഫ് ഗ്രൂപ്പിൽ തോമസ് ഉണ്ണിയാടനും സാധ്യതയുണ്ട്.

നേട്ടങ്ങൾ

അഞ്ചു വർഷം മണ്ഡലത്തിലെ വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി 4000 കോടിയോളം രൂപ വിനിയോഗിച്ചു.

ഏറ്റുമാനൂരിൽ മിനി സിവിൽ സ്റ്റേഷൻ നടപടികൾ പുരോഗമിക്കുന്നു.

എം.ജി യൂനിവേഴ്‌സിറ്റിയുടെ കീഴിൽ സ്‌പോർട്‌സ് കോംപ്ലക്‌സിനു ശിലയിട്ടു.

ഗ്രാമീണ റോഡുകളുടെ വികസനം മുതല്‍ മെഡിക്കൽ കോളജ് ഭൂഗര്‍ഭപാത വരെയുള്ള പദ്ധതി നടപ്പാക്കി.

കുമരകം ടൂറിസം പദ്ധതിയുടെ ഭാഗമായി ഹെലിപോർട്ടിന് അഞ്ചു കോടി.

കുമരകം റോഡിലെ കുപ്പിക്കഴുത്തായ കോണത്താറ്റ് പാലം പൊളിച്ചുപണിതു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത പുരോഗതി കൈവരിക്കാനും സ്‌കൂളുകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനും സാധിച്ചു.

സംസ്ഥാനത്ത് ആദ്യമായി മണ്ഡലം പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളുമായി ചര്‍ച്ച നടത്തി വികസന പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നു.

-മന്ത്രി വി.എൻ. വാസവൻ

കോട്ടങ്ങൾ

ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് ഫണ്ട് അനുവദിച്ച പ്രവൃത്തികൾ മാത്രമാണ് ചെയ്തത്.

മിനി സിവിൽ സ്റ്റേഷൻ 2021ലെ ബജറ്റിലുള്ള പദ്ധതി ആയിരുന്നു. 2025ലെ ബജറ്റിനു ശേഷമാണ് നടപടികൾ ആരംഭിക്കാനായത്.

ഏറ്റുമാനൂർ കോടതി സമുച്ചയം പണി ഉടൻ ആരംഭിക്കും എന്ന് നാലുവർഷമായി പറയുന്നു. ഇതുവരെ ആരംഭിച്ചിട്ടില്ല.

ഏറ്റുമാനൂരിലെ ഏറ്റവും വലിയ പ്രശ്നം ഗതാഗതക്കുരുക്കാണ്. ഇത് പരിഹരിക്കാൻ റിങ് റോഡിന് ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് കല്ലിട്ടു. പിന്നീടൊന്നും ചെയ്തിട്ടില്ല. പാറോലിക്കലിൽ നിന്ന് തവളക്കുഴി അപ്പുറം ചെല്ലുന്ന ഫ്ലൈ ഓവർ ഒന്നുമായില്ല.

കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനായില്ല.

കുമരകത്ത് ഉൾറോഡുകളെല്ലാം തകർന്നുകിടക്കുന്നു.

ചീപ്പുങ്കൽ- മണിയാപറമ്പ് റോഡ് വികസനം വർഷങ്ങളായി മുടങ്ങിക്കിടക്കുന്നു.

-കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ്

അഡ്വ. ജെയ്സൺ ജോസഫ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionEttumanurlocalnews
News Summary - Who shall be favored by Ettumanoor?
Next Story