നാട്ടിലെത്താൻ തിരക്കോട് തിരക്ക്; ദീർഘദൂര യാത്രക്കാരെ കാണാതെ റെയിൽവേ
text_fieldsകോട്ടയം: പ്രത്യേക ട്രെയിനുകൾ അനുവദിച്ചെങ്കിലും ഓണാവധിക്ക് നാടെത്താനുള്ള ബുദ്ധിമുട്ടിൽ വലഞ്ഞ് യാത്രക്കാർ. ആഘോഷ നാളുകളിൽ മലബാറിലേക്ക് സ്പെഷൽ ട്രെയിനെന്നത് ഏറെനാളായുള്ള യാത്രക്കാരുടെ ആവശ്യമാണ്. എന്നാൽ ഇത്തവണയും ഈ ആവശ്യത്തോട് തലതിരിച്ച് തന്നെയാണ് റെയിൽവേ. ഇതോടെ തിങ്ങിനിറഞ്ഞ് ഒറ്റക്കാലിൽ യാത്രചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാർ. നിലവിൽ ബംഗളരൂവിലേക്ക് ഒരു സ്പെഷൽ ട്രെയിൻ മാത്രമാണ് അനുവദിച്ചത്.
ഓണാവധി അടുത്തതോടെ ട്രെയിൻയാത്ര യാത്രക്കാർക്ക് കൂടുതൽ ദുരിതമായി. കോട്ടയത്തുനിന്ന് മലബാറിലേക്കും ബംഗളൂരുവിലേക്കും തിങ്ങിഞെരുങ്ങിയാണ് മിക്കവരും യാത്ര ചെയ്യുന്നത്. ഓണത്തിരക്ക് തുടങ്ങും മുമ്പ് തന്നെ ട്രെയിനുകളിൽ കാലുകുത്താനിടമില്ല. തിരുവനന്തപുരം- മംഗലാപുരം മലബാർ എക്സ്പ്രസ്, തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് എന്നീ ട്രെയിനുകൾ മാത്രമാണ് മലബാറിലേക്ക് എല്ലാ ദിവസവുമുള്ള രാത്രികാല ട്രെയിനുകൾ.
ഇതിന്റെ ടിക്കറ്റുകൾ ദിവസങ്ങൾക്ക് മുന്നേ ബുക്കിങ് പൂർത്തിയായതിനാൽ മറ്റ് വഴികൾ തേടേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബംഗളൂരുവിലേക്കുള്ള സ്ഥിതിയും വ്യത്യസ്തമല്ല. പുതുതായി ഒരു ട്രെയിൻ അനുവദിച്ചത് അൽപം ആശ്വാസമായെങ്കിലും പൂർണ പരിഹാരമല്ല. സെപ്റ്റംബർ 16വരെയാണ് പ്രത്യേക ട്രെയിനുകളുടെ സർവീസ്.
പിഴിഞ്ഞ് ബസ് ലോബി
ട്രെയിനുകളിലെ തിരക്ക് ഏറെ മുതലെടുക്കുന്നത് സ്വകാര്യ ബസുകളാണ്. സാധാരണ നിരക്കിൽ നിന്നും ഇരട്ടിയാണ് ഓണം, ക്രിസ്മസ് പോലുള്ള വിശേഷ നാളുകളിൽ ടിക്കറ്റ് ചാർജ് ഈടാക്കുന്നത്. നിലവിലുള്ള ടിക്കറ്റ് മുഴുവൻ തീർന്നത് ബസ് ലോബികൾക്ക് അനുകൂലമായി. റിസർവേഷൻ ചെയ്ത് അവസാന നിമിഷത്തിൽ നാട്ടിലേക്കുള്ള ടിക്കറ്റ് കിട്ടാതെ വരുന്ന യാത്രക്കാർ വേറെ വഴിയില്ലാതെയാണ് സ്വകാര്യബസുകളെ ആശ്രയിക്കുന്നത്.
ബസുകളിലും സീറ്റില്ലെന്ന് പറഞ്ഞ് അമിതചാർജ് ഈടാക്കുന്നതാണ് ഇവരുടെ രീതി. ഉത്രാടദിനം വരെ കാത്തുനിൽക്കുന്ന പതിവിൽ നിന്ന് മാറി ഒരുമാസം മുമ്പേ കേരളത്തിലേക്ക് ഓണം സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും സ്വകാര്യ ബസ് നിരക്കിനെ പിടിച്ചുകെട്ടാൻ ഉപകാരപ്പെടുന്ന മട്ടില്ല. ബംഗളുരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് കോട്ടയത്തു നിന്ന് കെ.എസ്.ആർ.ടി.സിയുടെ ചുരുക്കം ബസുകളാണ് സർവീസ് നടത്തുന്നത്.
‘ഇന്റർസിറ്റി കോട്ടയത്തേക്ക് നീട്ടണം’
ബംഗളുരു-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് കോട്ടയം വരെ നീട്ടണമെന്ന ആവശ്യം യാത്രക്കാരിൽ ശക്തമാണ്. ഇന്റർസിറ്റി എക്സ്പ്രസിന് ബംഗളൂരുവിൽ നിന്നും എറണാകുളം വരെയുള്ള ചാർജ് വെറും 220 രൂപയാണ്. ജില്ലയിൽ നിന്നും ബംഗളുരു, ചെന്നൈ തുടങ്ങിയ മെട്രോ സിറ്റികളിലേക്ക് പഠനാവശ്യത്തിനും ജോലിക്കുമായി നിരവധിപേരാണ് പോകുന്നത്. ബസുകളുടെ അമിത ടിക്കറ്റ് ചാർജ് വിദ്യാർഥികൾക്ക് വലിയ ബാധ്യതയാണ്. അവധി നാളുകളിൽ ചാർജ് ഇരട്ടിയാണ് ചുമത്തുന്നത്. എന്നാൽ കോട്ടയത്തേക്ക് ഇന്റർസിറ്റി എക്സ്പ്രസ് നീട്ടിയാൽ ചുരുങ്ങിയ ചിലവിൽ യാത്രചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

