വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ; തെരുവുനായ്ക്കളും കുറുക്കനും ഭീഷണി
text_fieldsനെടുംകുന്നം പഞ്ചായത്തിലെ നെടുമണ്ണിൽ ക്ഷീരകർഷകനായ മാത്യു വർഗീസ് പുല്ലൂരിന്റെ പശു പേവിഷബാധയേറ്റ് ചത്ത നിലയിൽ
കോട്ടയം: ജില്ലയിൽ വളർത്തുമൃഗങ്ങൾ പേവിഷബാധയേറ്റ് ചാകുന്നത് വ്യാപകമാവുന്നു. തെരുവുനായ്ക്കൾക്കു പുറമെ കുറുക്കനും വളർത്തുമൃഗങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. നെടുംകുന്നം പഞ്ചായത്തിലെ നെടുമണ്ണിൽ ക്ഷീരകർഷകനായ മാത്യു വർഗീസ് പുല്ലൂരിന്റെ പശുവാണ് അവസാനം ചത്തത്. ഏഴുമാസം ഗർഭിണിയായിരുന്നു ഈ പശു. രണ്ടാഴ്ച മുമ്പാണ് കുറുക്കൻ കടിച്ചതെന്നു കരുതുന്നു.
പകൽ പറമ്പിൽ കെട്ടിയിരുന്ന പശുവിന്റെ കരച്ചിൽ കേട്ട് മാത്യു വർഗീസ് നോക്കിയപ്പോൾ നാല് കുറുക്കൻമാരെ പരിസരത്തു കണ്ടിരുന്നു. എന്നാൽ പശുവിന്റെ ശരീരത്തിൽ കടിച്ച പാട് കണ്ടില്ല. കുറച്ചുദിവസം കഴിഞ്ഞാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത്. പരിശോധനയിൽ ഡോക്ടർ പേ വിഷബാധ സ്ഥിരീകരിച്ചു. പശുവിനെ പരിചരിച്ചിരുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധവാക്സിൻ എടുത്തു. മേഖലയിൽ കുറുക്കന്റെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
കാടുമൂടിയ പറമ്പുകളും റബർ എസ്റ്റേറ്റുകളുമാണ് കുറുക്കൻമാരുടെ കേന്ദ്രം. വാഴൂരിൽ കഴിഞ്ഞ വർഷം ക്ഷീരകർഷകയുടെ മൂന്നുപശുക്കൾക്കാണ് കുറുക്കന്റെ കടിയേറ്റത്. പേവിഷബാധ ലക്ഷണം കാണിച്ചതോടെ രണ്ടു പശുക്കളെയും ഒരു കിടാവിനെയും കുത്തിവെച്ചു കൊല്ലുകയായിരുന്നു. പാമ്പാടിയിൽ പേവിഷബാധ ലക്ഷണങ്ങൾ കാണിച്ച് പോത്ത് ചത്തിരുന്നു. രണ്ടുമാസം മുമ്പാണ് മറവൻതുരുത്ത് പഞ്ചായത്തിലെ കോഴിഫാമിൽ 450 ഓളം കോഴികളെ തെരുവു നായ്ക്കൾ കടിച്ചു കൊന്നത്. വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങുന്നത് ചെറുകിട കർഷകർക്ക് വലിയ തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

