റെജിമോന്റെ ചികിത്സക്ക് നാട് ഒന്നിക്കുന്നു
text_fieldsറെജിമോൻ
പൊൻകുന്നം: എലിക്കുളത്തെ രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ 40 വർഷമായി നിറസാന്നിധ്യമായിരുന്ന മുട്ടത്തുകുന്നേൽ എം. റെജിമോന്റെ ചികിത്സക്ക് നാട് ഒരുമിക്കുന്നു. കുടൽ സംബന്ധമായ അസുഖംബാധിച്ച് ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.
ജന്മനാ ഓട്ടിസം ബാധിച്ച് നടക്കാനും സംസാരിക്കാനും കഴിവില്ലാത്ത ഏകമകന്റെ ചികിത്സക്കായി സമ്പത്ത് മുഴുവൻ ചെലവഴിച്ച റെജിമോന്റെ ചികിത്സക്ക് വഴികാണാതെ കുടുംബം ബുദ്ധിമുട്ടിയപ്പോഴാണ് സഹായമൊരുക്കാൻ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ തീരുമാനിച്ചത്.
അഞ്ചുലക്ഷം രൂപയിലേറെ സമാഹരിക്കണം. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് കൺവീനറായും ഏഴുമുതൽ 10 വരെ വാർഡുകളിലെ അംഗങ്ങളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉൾപ്പെട്ട സമിതിയാണ് ഇതിനായി പ്രവർത്തിക്കുന്നത്. ഞായറാഴ്ച ഭവനസന്ദർശനത്തിലൂടെ പരമാവധി തുക സ്വരൂപിക്കാനാണ് ശ്രമം. കൂടാതെ എസ്.ബി.ഐ ഇളങ്ങുളം ശാഖയിൽ ചികിത്സാസഹായ സമിതിയുടെ ജോയിന്റ് അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ-43078343110, ഐ.എഫ്.എസ്.സി.എസ്.ബി.ഐ.എൻ. 0070360.

