പ്ലസ് ടു വിദ്യാർഥിയെ കാറിൽ കയറ്റി മർദിച്ച സംഭവം; അക്രമിസംഘത്തിലെ നാലുപേർ കീഴടങ്ങി
text_fieldsപൊൻകുന്നം: പ്ലസ്ടു വിദ്യാർഥിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച സംഘത്തിലെ നാലുപേർ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി.
ഈ മാസം അഞ്ചിനാണ് ചിറക്കടവ് തെക്കേത്തുപടി-വാണിയേടത്ത് സ്കൂൾ റോഡിൽ പറഞ്ഞകാട്ട് ഉത്രജ് രാജീവിനെ(16) മർദിച്ചത്. ഉത്രജിന്റെ സുഹൃത്തുക്കളും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് അവരുടെ ഫോൺ നമ്പർ ചോദിച്ചെത്തിയപ്പോഴാണ് സംഭവം. ചിറക്കടവ് വാണിയിടം ഭാഗത്ത് കൂതയ്ക്കൽ കെ.വി. അഭിജിത്ത് (35), പുല്ലുപാലത്ത് വീട്ടിൽ വിഷ്ണു ബിനു (19), കുഴിപ്പള്ളാത്ത് ബിനു ചന്ദ്രൻ (35), ചിറക്കടവ് പാലയ്ക്കൽ പി.എസ്. ശ്രീജിത്ത് (32) എന്നിവരാണ് കീഴടങ്ങിയത്. നാലുപേരെയും റിമാൻഡ് ചെയ്തു. ഒന്നാംപ്രതി ചിറക്കടവ് കാരിപ്പൊയ്ക വലിയപറമ്പിൽ അരുൺ വിശ്വനെ (37) നേരത്തെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഉത്രജിനെ ബൈക്കിൽ വീട്ടിൽ കൊണ്ടുവിട്ട് മടങ്ങിയ രണ്ട് സുഹൃത്തുക്കൾ വഴിയിലുണ്ടായിരുന്ന അരുണും സംഘവുമായി വാക്കേറ്റമുണ്ടായി. ഉത്രജിന്റെ സുഹൃത്തുക്കൾ ബൈക്കിൽ മടങ്ങുകയും ചെയ്തു. ബൈക്കിലെത്തിയ സുഹൃത്തുക്കളുടെ ഫോൺ നമ്പർ ചോദിച്ച് അരുണും സംഘവും ഉത്രജിന്റെ വീട്ടിലെത്തി. ഉത്രജ് നമ്പർ നൽകാതെ വന്നതോടെ ഇവർ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചെന്നും വഴിയിൽ ഇറക്കിവിട്ടെന്നുമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

