ഗ്രാമീണ റോഡുകളുടെ നവീകരണം സെപ്റ്റംബറിനകം തീർക്കണം -മുഖ്യമന്ത്രി
text_fieldsകോട്ടയം തെള്ളകം ഡി.എം കൺവെൻഷൻ സെന്ററിൽ നടന്ന എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികൾ സംബന്ധിച്ച മേഖലതല അവലോകനയോഗത്തിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, വി.എൻ. വാസവൻ, റോഷി അഗ്സറ്റിൻ സമീപം
കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളുടെ നവീകരണം സെപ്റ്റംബറിനകം പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൽജീവൻ മിഷനുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾക്ക് മുൻഗണന നൽകി പരിഹാരമുണ്ടാക്കണമെന്നും നിർദേശം നൽകി. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികൾ സംബന്ധിച്ച മേഖലതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലൈഫ് മിഷനിൽ 4.5 ലക്ഷം വീടുകൾ പൂർത്തീകരിക്കാനായി. ബാക്കി വീടുകളുടെ നിർമാണം വേഗത്തിലാക്കണം. മത്സ്യത്തൊഴിലാളികൾക്കുവേണ്ടി നിർമിച്ച പുനർഗേഹം ഭവനപദ്ധതിയിൽ ചില ഫ്ലാറ്റുകൾ ഒഴിവുണ്ട്. ഗുണഭോക്താക്കളായവരിൽ ചിലർ ഏറ്റെടുക്കാൻ തയാറാകുന്നില്ല. മത്സ്യത്തൊഴിലാളികൾ അല്ലാത്തവർക്ക് വീട് നൽകുന്നത് പരിഗണിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ എന്തുചെയ്യാൻ പറ്റുമെന്ന് ചർച്ച ചെയ്യാം.
ജലാശയങ്ങളിലെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പരിശോധന ഉണ്ടാകണം. സാധാരണക്കാർക്ക് കിണർവെള്ളം ചുരുങ്ങിയ ചെലവിൽ പരിശോധിക്കുന്നതിനാണ് സ്കൂളുകളിൽ ലാബുകൾ സജ്ജമാക്കിയത്. എന്നാൽ, ഇക്കാര്യത്തിൽ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്ഥാപനങ്ങളും ജില്ല കലക്ടർമാരും ഇടപെട്ട് പുരോഗതി വിലയിരുത്തണം.
അന്തർസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഇടപെടൽ വേണം. സുരക്ഷിത സ്ഥലത്താണോ ഇവർ താമസിക്കുന്നത് എന്ന് ഉറപ്പാക്കണം. മഴക്കാലത്ത് അപകടമുണ്ടാകാനുള്ള സാധ്യത പ്രത്യേകം കണക്കിലെടുക്കണം. പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിനായി 2016ൽതന്നെ തീരുമാനിച്ച കെട്ടിടനിർമാണങ്ങൾ മുടങ്ങാൻ പാടില്ല. ഇവ പ്രത്യേക താൽപര്യമെടുത്ത് പൂർത്തിയാക്കണം. ലഹരിവിരുദ്ധ കാമ്പയിന്റെ പ്രധാന പ്രവർത്തനം സ്കൂളുകളിലാണ് നടക്കുന്നത്.
നല്ലരീതിയിലുള്ള വ്യായാമങ്ങളും കലാസാംസ്കാരിക പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകണം. ഇതുസംബന്ധിച്ച് ചില വിവാദങ്ങൾ ചില കോണുകളിൽ നിന്നുയർന്നുവന്നെങ്കിലും പെട്ടെന്ന് അവസാനിച്ചെന്നാണ് തോന്നുന്നത്. അത്തരം കാര്യങ്ങളിൽ ശരിയായ ദിശാബോധത്തോടെ പോകണം. ഒരുമാറ്റവും വരുത്തേണ്ട ആവശ്യമില്ല. കുട്ടികൾ പ്രസരിപ്പോടെ സ്കൂളിൽ പോകേണ്ടതാണ് നമ്മുടെ ആവശ്യം.
അതിദരിദ്രരില്ലാത്ത കേരളപ്രഖ്യാപനം നവംബർ ഒന്നിന് സാധ്യമാകും. കോട്ടയം ജില്ലയിൽ അതിദരിദ്രരില്ലാതായി. മറ്റു ജില്ലകളിലും ഉടൻ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, വി.എൻ. വാസവൻ, പി. രാജീവ്, സജി ചെറിയാൻ, എം.ബി. രാജേഷ്, ഒ.ആർ. കേളു, പി. പ്രസാദ്, വീണ ജോർജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ല കലക്ടർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

