രൂപം മാറി; ആൾ മാറുമോ? പോൾക്കളം - കാഞ്ഞിരപ്പള്ളി
text_fieldsകാഞ്ഞിരപ്പള്ളി: പഴയ വാഴൂർ നിയോജക മണ്ഡലത്തിലെ ആറു പഞ്ചായത്തുകൾക്കൊപ്പം പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് നിലവിലെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം രൂപം കൊണ്ടത് 2011ലാണ്. 2006ൽ വാഴൂരിന്റെ പ്രതിനിധിയായിരുന്ന കേരള കോൺഗ്രസ് എമ്മിലെ എൻ. ജയരാജ് 2011 മുതൽ കാഞ്ഞിരപ്പള്ളിയിൽനിന്ന് തുടർച്ചയായി മൂന്നു വട്ടം തെരഞ്ഞെടുക്കപ്പെട്ടു.
യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലം കേരള കോൺഗ്രസ് എം മുന്നണി മാറിയപ്പോൾ ഇടതുപക്ഷത്തായി. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും മാറിമാറി പിന്തുണച്ച പാരമ്പര്യമാണ് വാഴൂരിന്. എങ്കിലും കൂടുതൽ തവണ യു.ഡി.എഫിനൊപ്പമായിരുന്നു. ഡോ. എൻ. ജയരാജിന്റെ പിതാവും കേരള കോൺഗ്രസ് എം നേതാവുമായിരുന്ന പ്രഫ. കെ. നാരായണ കുറുപ്പും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രനും പ്രതിനിധീകരിച്ച മണ്ഡലമാണ് വാഴൂർ. പ്രഫ. കെ. നാരായണക്കുറുപ്പ് ആറു തവണ വാഴൂരിന്റെ എം.എൽ.എയായിരുന്നു. 1954ൽ പ്രജ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയായാണ് കുറുപ്പ് ജയിച്ചത്. 1982ലും 1987ലുമായിരുന്നു കാനത്തിന്റെ ജയം.
മണ്ഡലത്തിന്റെ ഘടന
കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല, ചങ്ങനാശ്ശേരി താലൂക്കിലെ കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, വെള്ളാവൂർ, കോട്ടയം താലൂക്കിലെ പള്ളിക്കത്തോട് എന്നീ ഒമ്പത് പഞ്ചായത്തുകൾ ചേരുന്നതാണ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം. ചിറക്കടവ്, വാഴൂർ, വെള്ളാവൂർ പഞ്ചായത്തുകൾ എൽ.ഡി.എഫും കാഞ്ഞിരപ്പള്ളി, മണിമല, പള്ളിക്കത്തോട്, കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തുകൾ യു.ഡി.എഫുമാണ് ഭരിക്കുന്നത്. കറുകച്ചാലിൽ ഇരുമുന്നണികൾക്കും എട്ടു സീറ്റ് വീതമായിരുന്നെങ്കിലും നറുക്കെടുപ്പ് യു.ഡി.എഫിനെ തുണച്ചു.
നേട്ടങ്ങൾ
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് 16. 50 കോടി ചെലവിൽ ആറു നില മന്ദിരം.
10.50 കോടിയുടെ കാത്ത് ലാബ്.
കാഞ്ഞിരപ്പള്ളിയിൽ നഴ്സിങ് കോളജ്.
കേരളത്തില്‍ ആദ്യമായി കുട്ടികളുടെ ലൈബ്രറി.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊന്‍കുന്നം-പ്ലാച്ചേരി റീച്ച് 270 കോടി ചെലവിട്ട് മികച്ച നിലവാരത്തില്‍ പൂര്‍ത്തീകരിച്ചു. 171.2 കിലോമീറ്റര്‍ റോഡ് ബി.എം.ബി.സി നിലവാരത്തിലാക്കാൻ 247 കോടിയുടെ അനുമതി ലഭ്യമാക്കി. കങ്ങഴയില്‍ 45 കോടിയുടെ ലളിതാംബിക അന്തര്‍ജന സ്മാരക സാംസ്കാരിക സമുച്ചയത്തിന് അനുമതി.
ഒമ്പതിൽ ആറു പഞ്ചായത്തിലും കളിക്കളങ്ങൾ. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്കൂളില്‍ സ്പോർട്സ് സ്കൂളിന് 27.7 കോടി അനുവദിച്ചു. വാഴൂര്‍ പുളിക്കല്‍ കവലയില്‍ മൂന്നു കോടിയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം പൂർത്തിയാകും. കറുകച്ചാല്‍ പഞ്ചായത്തില്‍ ഒരു കോടി രൂപക്ക് പുതിയ ടർഫ്.
ഡോ. എൻ. ജയരാജ് എം.എൽ.എ
പോരായ്മകൾ
- ഏറെ പഴയ സ്വപ്നമായ കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിർമാണം എങ്ങുമെത്തിയില്ല.
- വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയുന്ന മണിമല മേജർ കുടിവെളഉ പദ്ധതി പ്രവർത്തനക്ഷമമായില്ല
- മലയോര മേഖലയിലെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ല.
- പല ഗ്രാമീണ റോഡുകളും ടാറിങ് പൊളിഞ്ഞ് തകർന്നു കിടക്കുന്നു.
ഇക്കുറി ആരാകും സ്ഥാനാർഥി
ഡോ. എൻ. ജയരാജിലൂടെ മണ്ഡലം നിലനിർത്താനാണ് കേരള കോൺഗ്രസ് എം ശ്രമം. ഡി.സി.സി ജനറൽ സെക്രട്ടറി പ്രഫ. റോണി, കെ. ബേബി, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ജിജി അഞ്ചാനി, ജില്ല പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ എന്നിവരാണ് യു.ഡി.എഫ് പരിഗണനയിൽ. കേന്ദ്രസഹ മന്ത്രി ജോർജ് കുര്യൻ, വി.എൻ. മനോജ്, നോബിൾ മാത്യു, എൻ. ഹരി എന്നിവരെയാണ് എൻ.ഡി.എ പരിഗണിക്കുന്നത്.
2021 വോട്ടുനില
എൻ. ജയരാജ് (എൽ.ഡി.എഫ്) - 60,299
ജോസഫ് വാഴയ്ക്കൻ (യു.ഡി.എഫ്) - 46,596
അൽഫോൺസ് കണ്ണന്താനം (എൻ.ഡി.എ) - 29,157
എൽ.ഡി.എഫ് ഭൂരിപക്ഷം - 13,703
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

