ജില്ലയിൽ ഭീതിപടർത്തി ‘കുറുനരികൾ’?
text_fieldsകുറുനരി എന്ന് സംശയിക്കുന്ന ജീവി
കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ‘കുറുനരികൾ’ എന്ന് സംശയം ജനിപ്പിക്കുന്ന ജീവികളുടെ സാന്നിധ്യം പ്രകടം. ഇത് ജനങ്ങളിൽ ഭീതിയുണത്തി. ആദ്യ കാഴ്ചയിൽ നായാണെന്ന് തോന്നിപ്പിക്കും. ഇവ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നെന്നും പറയപ്പെടുന്നു. അടുത്തിടെ ജില്ലയിലെ പല ഭാഗങ്ങളിലെയും കോഴിവളർത്തൽ കേന്ദ്രങ്ങളിൽ കയറി കോഴികളെ കൂട്ടക്കൊല ചെയ്തതും ഈ വിഭാഗത്തിൽപെട്ട മൃഗങ്ങളാണെന്നും ആക്ഷേപമുണ്ട്.
ഏഴ് വർഷത്തിലേറെയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുറുനരിയുടെ സജീവസാന്നിധ്യം പ്രകടമാണ്. അന്ന് കാഴ്ചയിൽ വളരെ കുഞ്ഞായിരുന്നു ഇവയിൽ ഏറെയും. എന്നാൽ, കുറച്ചുകാലങ്ങളായി മുമ്പ് കണ്ടിരുന്നവയിൽനിന്ന് വ്യത്യസ്തമായ കുറുനരികളെയാണ് കാണുന്നതെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നു. പണ്ട് കുറുനരികൾ മനുഷ്യരെ കണ്ടാൽ ഓടിയൊളിക്കുകയായിരുന്നു പതിവ്. ഇന്ന് അതിൽ മാറ്റം വന്നെന്നും അവർ പറയുന്നു. ഓടി ഒളിക്കുന്നതിന് പകരം ഈ ജീവികൾ പലപ്പോഴും മനുഷ്യരെ ആക്രമിക്കാൻ തയാറാകുന്നുണ്ടത്രേ.
സാധാരണ കണ്ടുവന്നവയേക്കാൾ ഉയരവും മനുഷ്യരെ കണ്ടാൽ തിരിഞ്ഞോടാതെ നിൽക്കുകയും ചെയ്യുന്ന കുറുനരികളെയാണ് ഇപ്പോൾ മിക്കയിടങ്ങളിലും കാണുന്നത്. പകലെന്നോ രാവെന്നോ വ്യത്യാസമില്ലാതെ ഈ ജീവികൾ സ്വൈരവിഹാരം നടത്തുകയാണെന്നും നാട്ടുകാർ പറയുന്നു. പണ്ട് കുറുനരികൾ രാത്രികാലങ്ങളിലാണ് ഏറെയും പുറത്തിറങ്ങിയിരുന്നത്. പൊന്തക്കാടുകളിലായിരുന്നു അവർ ഒളിച്ചിരുന്നതും.
വന്യജീവി മേഖലയിലെ വിദഗ്ധർ വിഷയത്തിൽ പഠനം നടത്തി ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. ‘ഹൈബ്രിഡ് കുറുനരികൾ’ എന്ന് സംശയിക്കുന്ന തരം കുറുനരിയെ കഴിഞ്ഞ ദിവസം നെടുങ്ങോട്ട്മലക്ക് സമീപം കണ്ടതായും ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ ജില്ലയിൽ പലയിടങ്ങളിലും നായ്ക്കളുടെ ആക്രമണങ്ങളും കൂട്ടത്തോടെയുള്ള സാന്നിധ്യവും പ്രകടമാണ്. മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുന്ന തെരുവുനായ്ക്കൾ എന്ന ഗണത്തിൽ ഇത്തരം ഹൈബ്രിഡ് കുറുനരികൾ കടന്നുകൂടിയിട്ടുണ്ടോ എന്ന ആശങ്കയുമുണ്ട്. നായ്ക്കളേക്കാൾ വലുപ്പവും ആക്രമണകാരികളുമാണ് ഇപ്പോൾ കാണപ്പെടുന്ന ജീവിയെന്നും പറയപ്പെടുന്നു.
നാളുകളായി മനുഷ്യർക്കുനേരെ നടന്ന ആക്രമണങ്ങളുടെ സ്വഭാവം എടുത്താൽ കുറുനരികളുടെ സാന്നിധ്യമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്. അതിനാൽ തെരുവുനായ്ക്കളുടെ ഗണത്തിൽ ഈ ജീവികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന പഠനവും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതിൽ വ്യക്തത വരുത്താൻ അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

