ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ രണ്ടുപേർ അറസ്റ്റിൽ
text_fieldsഹരിദാസ്, ദിപിൻ രാംദാസ് ശിർക്കാർ
ഏറ്റുമാനൂർ: ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ ഹരിദാസ് (38), മഹാരാഷ്ട്ര സ്വദേശിയായ ദിപിൻ രാംദാസ് ശിർക്കാർ (39) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് തെള്ളകം സ്വദേശിയായ ഗൃഹനാഥനെ എലൈറ്റ് ക്യാപ്പിറ്റൽ എഫ്.എക്സ് എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചാൽ നിക്ഷേപിക്കുന്ന തുകക്ക് ഒരു ശതമാനം ലാഭം കിട്ടുമെന്ന് പറഞ്ഞ് ഇയാളുടെ വാട്സ്ആപ്പിലൂടെ ബന്ധപ്പെട്ട് 11 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ട ഗൃഹനാഥൻ പൊലീസിൽ പരാതി നൽകിയതിനെ തുടര്ന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ പരിശോധനയിലൂടെ ഗൃഹനാഥന്റെ പണം ഇവരുടെ അക്കൗണ്ടിലേക്കും ചെന്നതായി കണ്ടെത്തുകയും ഇവരെ ഹരിയാനയിൽനിന്ന് പിടികൂടുകയുമായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി. മറ്റ് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

