പട്ടിത്താനം-മണർകാട് ബൈപാസ്; സിഗ്നലില്ല, വെളിച്ചമില്ല. പതിയിരിക്കുന്നത് അപായം
text_fieldsകഴിഞ്ഞദിവസം പട്ടിത്താനം-മണർകാട് ബൈപാസിൽ അപകടത്തിൽപെട്ട കാർ
ഏറ്റുമാനൂർ: വെളിച്ചമോ, സിഗ്നൽലൈറ്റുകളോ, മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാതെ വാഹനയാത്രികർക്ക് അപകടക്കളമായി തുടരുകയാണ് പട്ടിത്താനം-മണർകാട് ബൈപാസ്. പട്ടിത്താനം, തവളക്കുഴി, ഏറ്റുമാനൂർ ക്ഷേത്ര കിഴക്കേനട, വടക്കേനട, പാറക്കണ്ടം ജങ്ഷൻ എന്നിവിടങ്ങളാണ് പ്രധാന അപകടമേഖല. ചോര വീഴാതെ ഒരാഴ്ചപോലും കടന്നുപോയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഏത് സമയത്തും അപകടസാധ്യതയുള്ള അഞ്ച് പ്രധാന പോയന്റുകളാണ് ബൈപാസിലുള്ളത്.
സംഗമസ്ഥലമായ പട്ടിത്താനത്ത് ട്രാഫിക് സിഗ്നലുകളില്ലാത്തതാണ് അപകടത്തിന് പ്രധാനകാരണം. പോക്കറ്റ് റോഡുകളിൽ നിന്നുംവരുന്ന വാഹനങ്ങൾക്ക് പ്രധാനറോഡ് കാണാനാകാത്ത വിധം അനധികൃത പാർക്കിങ്ങും അപകടങ്ങൾക്ക് കാരണമാകുന്നു. തിരക്കുള്ള നാൽക്കവലയാണ് തവളക്കുഴി. വള്ളിക്കാട് കടപ്പൂർ ഭാഗത്തുനിന്ന് തവളക്കുഴിയിലേക്കുള്ള റോഡിന് കുറുകെയാണ് ബൈപാസ്.
ചെറുതും വലുതുമായ ഒട്ടേറെ പോക്കറ്റ് റോഡുകളാണ് ബൈപാസിലേക്കു തുറക്കുന്നത്. റോഡ് പരിചയമില്ലാത്ത യാത്രക്കാർക്ക് പോക്കറ്റ് റോഡുകൾ തിരിച്ചറിയാനാവില്ല. ഇവിടെയും സുരക്ഷാമാർഗങ്ങളൊന്നുമില്ല. പട്ടിത്താനം മുതൽ പാറേകണ്ടംവരെ ബൈപാസിന് 1.80 കിലോമീറ്ററോളമാണ് ദൂരം. 16 മീറ്റർ വീതിയിലാണ് നിർമാണം. എറണാകുളം, കുറവിലങ്ങാട് ഏറ്റുമാനൂർ റോഡുകളുടെ സംഗമകേന്ദ്രമാണ് പട്ടിത്താനം കവല. ഇവിടേക്കാണ് ബൈപാസ് തുറക്കുന്നത്.
രണ്ട് കിലോമീറ്റർ നിവർന്ന ബൈപാസിലൂടെ പാഞ്ഞുവരുന്ന വാഹനങ്ങൾ നേരെ പട്ടിത്താനം കവലയിലേക്കാണ് പ്രവേശിക്കുന്നത്. പ്രവേശിച്ചു കഴിയുമ്പോൾ മാത്രമാണ് ഇതൊരു പ്രധാന ജങ്ഷനാണെന്ന് യാത്രക്കാർക്ക് മനസ്സിലാകുക. ബൈപാസിൽ നിരവധി അപകടങ്ങൾക്ക് ഇതുവരെയും കുറവില്ല. അപകടങ്ങൾ ഒഴിവാക്കാൻ തക്ക നടപടികൾ സ്വീകരിക്കാൻ അനുബന്ധ വകുപ്പുകൾ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
കാറുകൾ കൂട്ടിയിടിച്ച് അപകടം
ഏറ്റുമാനൂർ: പട്ടിത്താനം-മണർകാട് ബൈപാസ് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. കോണിക്കൽ ജങ്ഷന് സമീപം രാത്രി 11.15ഓടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. കോണിക്കൽ ജങ്ഷന് സമീപം ബൈപാസിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം മടങ്ങുകയായിരുന്ന കുന്നത്തുപറമ്പിൽ ആകാശ് പ്രദീപിന്റെ കാറിന്റെ പിന്നിലേക്ക് പേരൂർ ഭാഗത്തുനിന്ന് എത്തിയ റാപിഡ് കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ എതിർദിശയിലേക്ക് തെന്നിമാറിയ അഖിലിന്റെ കാറിന് പിന്നിൽ ഏറ്റുമാനൂർ ഭാഗത്തുനിന്ന് കണ്ടംചിറയിലേക്ക് പോവുകയായിരുന്ന മറ്റൊരു കാറും ഇടിച്ചു. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

