'കുട്ടൻചേട്ടൻ' ഇനി ഓർമ; സംരക്ഷണത്തിൽ 325 കുട്ടികൾ
text_fieldsകുട്ടന് എന്ന ചന്ദ്രശേഖരന്‍നായര്‍ അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കൾക്കൊപ്പം (ഫയൽചിത്രം)
ഏറ്റുമാനൂര്‍: അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്ക് രക്ഷകനായി മാറിയ കുട്ടനെന്ന ചന്ദ്രശേഖരന്‍നായര്‍ ഇനി ഓർമ. കേരളത്തില്‍ ജോലിക്കെത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ വിദ്യാഭ്യാസം ലഭിക്കാതെ തെരുവില്‍ അലഞ്ഞുതിരിയാന്‍ പാടില്ലെന്നതായിരുന്നു സി.പി.ഐ നേതാവ് കൂടിയായിരുന്ന ഏറ്റുമാനൂര്‍ വടക്കേനട ഗീതാസില്‍ പി.കെ. ചന്ദ്രശേഖരനെന്ന (61)കുട്ടെൻറ പോളിസി. 11 വര്‍ഷം മുമ്പാണ് ഒരു അന്തർ സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ കുട്ടന് മുന്‍കൈയെടുത്ത് സ്കൂളില്‍ ചേര്‍ത്തത്.
തുടർന്ന് നിരവധിപേർക്ക് അക്ഷരവെളിച്ചം പകർന്നു. ജില്ലയില്‍ മാത്രം 325 അന്തർ സംസ്ഥാന കുട്ടികളുടെ രക്ഷാകര്ത്താവായിരിക്കെയാണ് കുട്ടെൻറ അന്ത്യം. രണ്ടുവർഷം മുമ്പുണ്ടായ അപകടത്തെതുടർന്നു കിടപ്പിലായെങ്കിലും പാർട്ടിയിലെ മറ്റു ചില അംഗങ്ങൾ കുട്ടനു വേണ്ടി കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്നു. മാസങ്ങൾക്കു മുമ്പ് വീണ്ടും കുട്ടൻ ഊർജസ്വലനായി രംഗത്തെത്തിയിരുന്നു. ഞായറാഴ്ച രാത്രിയുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.
ആകസ്മികമായിട്ടാണ് കേരളത്തില്‍ ജോലിക്കെത്തുന്ന തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നത് ചന്ദ്രശേഖരന്‍നായരുടെ ശ്രദ്ധയില്‍പെട്ടത്.
നാട്ടിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് പോലും വാങ്ങാതെയാണ് തൊഴിലാളികള്‍ കുടുംബത്തോടൊപ്പം കേരളത്തിലേക്കൊഴുകിയിരുന്നത്. അച്ഛനോടും അമ്മയോടും ഒപ്പം പിന്നെ ജോലിസ്ഥലത്തും മറ്റും അലഞ്ഞുതിരിയേണ്ടി വരുന്ന പിഞ്ചുകുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നു.
പതിയെ ഇവരില്‍ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാവുകയും മറ്റ് ക്രിമിനല്‍ പശ്ചാത്തലത്തിലേക്കു മാറുകയും ചെയ്യുന്നു. ജില്ലയിലെ വിവിധ സ്കൂളുകളിലായി ചേർത്തുപഠിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍, യൂനിഫോം, ഫീസ് തുടങ്ങിയവ ഉള്‍പ്പെടെ വിദ്യാഭ്യാസത്തിനുള്ള സകല ചെലവുകളും ഇദ്ദേഹം തന്നെ കണ്ടെത്തി.
അടിയ്ക്കടി സ്കൂളിലെത്തി അധ്യാപകരുമായി കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതികള്‍ വിലയിരുത്തുവാനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കല്ലറ, കാണക്കാരി, ഏറ്റുമാനൂര്‍, കോതനല്ലൂര്‍, ചങ്ങനാശ്ശേരി, പായിപ്പാട് എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് ഇപ്പോള്‍ ഏറെയും കുട്ടികള്‍ പഠിക്കുന്നത്.
ഇവരില്‍ കൂടുതലും ബംഗാളികളും ബിഹാറികളുമാണ്. യു.പി, ബംഗാള്‍, ബിഹാര്‍, ഒഡിഷ, മുംബൈ തുടങ്ങി വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ 15 വര്‍ഷത്തോളം ജോലി ചെയ്ത സമയത്തുണ്ടായ അനുഭവങ്ങളാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെയും അവരുടെ മക്കളുടെയും കാര്യത്തില്‍ ഇത്ര ശ്രദ്ധാലുവാകുവാന് ചന്ദ്രശേഖരന്‍നായര്‍ക്ക് പ്രചോദനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

