കല്ലറ പൊലീസ് സ്റ്റേഷൻ ഇനി ഏറ്റുമാനൂർ കോടതി പരിധിയിൽ
text_fieldsഏറ്റുമാനൂർ: കല്ലറ പൊലീസ് സ്റ്റേഷനിലെ കേസുകൾ വെള്ളിയാഴ്ച മുതൽ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി ഒന്നിൽ പരിഗണിക്കണമെന്ന ഹൈകോടതി ഉത്തരവ് ഏറ്റുമാനൂർ ബാർ അസോസിയേഷൻ സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് ബാർ അസോസിയേഷൻ ഹൈകോടതിയിൽ നിവേദനം നൽകിയിരുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിൽ വരുന്ന ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ കേസുകൾ അടുത്തിടെ കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതേതുടർന്ന് 200ഓളം വരുന്ന ഏറ്റുമാനൂരിലെ അഭിഭാഷകരും അവരുടെ ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. കേസുകളുടെ എണ്ണം 1400ലും താഴെയായി. ഇതേ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
പുതിയതായി സ്ഥാപിച്ച കല്ലറ പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയിലുള്ള പ്രാദേശിക പ്രദേശങ്ങൾ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ അധികാര പരിധിയിലേക്ക് കൂട്ടിച്ചേർക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് ഹൈകോടതി ഉത്തരവ് നൽകിരുന്നു. ഇത് വെള്ളിയാഴ്ച മുതൽ നിലവിൽ വരും.
നിലവിൽ ഏറ്റുമാനൂർ, കിടങ്ങൂർ, കല്ലറ പൊലീസ് സ്റ്റേഷനുകളും ഏറ്റുമാനൂർ റേഞ്ച് എക്സൈസ് ഓഫിസ്, കുറവിലങ്ങാട് (കിടങ്ങൂർ പഞ്ചായത്തിന്റെ പരിധിയിലുള്ള പ്രദേശം) എക്സൈസ്, എൻഫോഴ്സ്മെന്റ് ആൻഡ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എന്നിവ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ പരിധിയിൽ വരുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഏറ്റുമാനൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സിബി വെട്ടൂർ, വൈസ് പ്രസിഡന്റ് അഡ്വ. ജെസ്സി മോൾ ജോസഫ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ധന്യ ഭാസ്കരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

