ചേര്‍ത്തലയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടം; ഫോറന്‍സിക് പരിശോധന നടത്തി
text_fieldsജൈനമ്മ
ഏറ്റുമാനൂര്‍: ചേർത്തലയിൽ കണ്ടെത്തിയ ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്ന്‍ മാത്യുവിന്റേതെന്ന് (55) സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് പരിശോധന നടത്തി. ചേർത്തല പള്ളിപ്പുറത്ത് കഴിഞ്ഞ ദിവസം ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള വസ്തു കച്ചവടക്കാരൻ സെബാസ്റ്റ്യന്റെ വീട്ടില്‍നിന്നാണ് കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ഇയാളുടെ സഹായിയായ ഓട്ടോറിക്ഷ ഡ്രൈവറും കസ്റ്റഡിയിലുണ്ട്. ഡി.എൻ.എ പരിശോധനക്കുള്ള സാമ്പിളുകളും അന്വേഷണസംഘം ശേഖരിച്ചു. 2024 ഡിസംബര്‍ 23നാണ് ജൈനമ്മ എന്ന ജെയ്ൻ മാത്യുവിനെ കാണാതാകുന്നത്. അവരുടേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കണ്ടെത്തിയ അസ്ഥിക്കഷണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയാണ് പരിശോധിച്ചത്. അവശിഷ്ടങ്ങൾ ജൈനമ്മയുടേതാണോയെന്ന് ഉറപ്പിക്കാനാണ് സഹോദരൻ സാവിയോ, സഹോദരി ആൻസി എന്നിവരുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചത്.
ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള സ്ഥലമുടമ സെബാസ്റ്റ്യനെ കോട്ടയത്തെ ക്രൈംബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്തുവരുകയാണ്. ജൈനമ്മയുടെ ഫോണ്‍ ഇയാൾ ഉപയോഗിച്ചതടക്കം നിർണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചേർത്തല പള്ളിപ്പുറത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെ സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തിയത് കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
എന്നാല്‍, ഇയാൾ ഇതുവരെയും കുറ്റസമ്മതം നടത്തിയിട്ടില്ലെന്നാണ് വിവരം. 65കാരനായ ഇയാളുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചോദ്യംചെയ്യലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഡി.എൻ.എ ഫലം ലഭിച്ച ശേഷം മാത്രമേ മരിച്ചതാരാണെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. സെബാസ്റ്റ്യൻ 2006ലെ ചേര്‍ത്തല കടക്കരപ്പള്ളി ബിന്ദു പത്മനാഭൻ തിരോധാന കേസിലും പ്രതിയാണ്. ഈ കേസ് അന്വേഷിക്കുന്ന സംഘവും കോട്ടയം ക്രൈംബ്രാഞ്ചില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്.
നിർണായകമായത് ഫോൺ
കാണാതായ ജൈനമ്മയുടെ ഫോണ്‍ കസ്റ്റഡിയിലുള്ള സെബാസ്റ്റ്യൻ കൃത്യമായ ഇടവേളകളില്‍ ഓണ്‍ ആക്കിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഏറ്റവും ഒടുവില്‍ ഈരാറ്റുപേട്ടയിലെ കടയില്‍ ഇയാള്‍ മൊബൈല്‍ ചാർജ് ചെയ്യാൻ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് കിട്ടി. കൂടാതെ സ്വർണം പണയപ്പെടുത്തിയ രേഖകളും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരുവർഷത്തില്‍ താഴെ മാത്രം പഴക്കമുള്ള മൃതദേഹമാണിതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അതിനാല്‍ മരിച്ചത് ജൈനമ്മയാണെന്ന നിഗമനത്തിലാണ് പൊലീസ്.
പാലായില്‍ ധ്യാനത്തിന് പോകുകയാണെന്ന് പറഞ്ഞാണ് ജൈനമ്മ വീട്ടില്‍നിന്ന് പോകുന്നത്. കാണാതായി നാല് ദിവസമായപ്പോഴാണ് ഭര്‍ത്താവ് അപ്പച്ചനും സഹോദരന് സാവിയോ മാണിയും പൊലീസില്‍ പരാതി നല്‍കുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് തുടര്‍ന്ന് കോട്ടയം ക്രൈംബ്രാഞ്ച് യൂനിറ്റ് അന്വേഷിച്ചുവരുകയായിരുന്നു. അതിനിടെയാണ് ജൈനമ്മയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ സെബാസ്റ്റ്യന്റെ വീടിന്റെ പരിസരത്തുനിന്നാണെന്ന് കണ്ടെത്തിയത്. ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും വീണ്ടെടുത്ത് പരിശോധിച്ചശേഷമാണ് സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

