വയോധികൻ കുത്തേറ്റ് മരിച്ചത് മദ്യപർ തമ്മിലെ ഏറ്റുമുട്ടലിൽ
text_fieldsഅറസ്റ്റിലായ ഗിരീഷ്
ഏറ്റുമാനൂർ: ഇടവേളക്കുശേഷം ലഹരിസംഘങ്ങളുടെ താവളമായി ഏറ്റുമാനൂർ മാറുന്നു. ഇവർ തമ്മിൽ സംഘർഷങ്ങളും പതിവാണ്. മഹാദേവക്ഷേത്രം ദേവസ്വം കംഫർട്ട് സ്റ്റേഷനു സമീപം സംഘട്ടനത്തിൽ കുത്തേറ്റ വയോധികന് മരിച്ച സംഭവത്തിലും മദ്യമാണ് വില്ലൻ.
കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ സംഘട്ടനത്തില്‍ കുത്തേറ്റ കുമ്മനം സ്വദേശി ഹരീന്ദ്രൻ (ഹരി -65) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയ കേസിൽ ഇടുക്കി പന്നിമറ്റം വെള്ളിയാമറ്റം ഇളംദേശം കാഞ്ഞിരംകുഴിയിൽ കെ.എസ്. ഗിരീഷിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു.
ക്ഷേത്രമുറ്റത്ത് അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഹരിയും ഗിരീഷും മദ്യപാനത്തെതുടർന്നുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. വയറ്റിൽ കുത്തേറ്റ ഹരിയെ ഏറ്റുമാനൂർ എസ്.ഐ ടി.എ. റെനീഷിെൻറ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയോടെയായിരുന്നു ഹരി മരിച്ചത്.
ആശാരിപ്പണിക്കാരനായ ഗിരീഷ് വർഷങ്ങളായി വീടുവിട്ട് നടക്കുകയായിരുന്നു. കുമ്മനം സ്വദേശി ആണെങ്കിലും ഏറ്റുമാനൂർ ക്ഷേത്രപരിസരം കേന്ദ്രീകരിച്ചാണ് ഹരി ജീവിച്ചിരുന്നത്.