മദ്യപിച്ചത് ചോദ്യം ചെയ്ത ദമ്പതികൾക്കുനേരെ ആക്രമണം: മൂന്നുപേർ അറസ്റ്റിൽ
text_fieldsഏറ്റുമാനൂർ: മുറുക്കാൻ കടയുടെ മുൻവശം ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് മധ്യവയസ്കനെയും ഭാര്യയെയും ആക്രമിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പേരൂർ ചെറുവാണ്ടൂർ പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജോളി സ്റ്റീഫൻ (52), പേരൂർ മന്നാമല തൈപ്പറമ്പിൽ വീട്ടിൽ സിയാദ് (26), പേരൂർ ചെറ്റയിൽ കവല ഭാഗത്ത് മാന്തോട്ടത്തിൽ വിവേക് (30) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ കോണിക്കൽ ഷാപ്പുംപടി ഭാഗത്ത് പ്രവർത്തിക്കുന്ന മുറുക്കാൻ കട നടത്തുന്ന മധ്യവയസ്കനെയും ഭാര്യയെയുമാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്. രാത്രി ഈ കടയുടെ മുൻവശത്ത് ഇരുന്ന് പ്രതികൾ മദ്യപിച്ചതിനെ മധ്യവയസ്കന്റെ ഭാര്യ ചോദ്യം ചെയ്തതിനെത്തുടർന്ന് ഇവർ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് മധ്യവയസ്കനെയും ഭാര്യയെയും മർദിക്കുകയായിരുന്നു. തുടർന്ന്, മുറുക്കാൻ കട സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് ഇവരെ പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ സാഗർ എം.പി, സി.പി.ഒ മനോജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജോളി സ്റ്റീഫന് ഏറ്റുമാനൂർ സ്റ്റേഷനിലും സിയാദിന് ഏറ്റുമാനൂർ, ഈരാറ്റുപേട്ട സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

