യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ
text_fieldsഅശ്വിൻ സുരേന്ദ്രൻ
ഏറ്റുമാനൂർ: യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു. നാല്പത്തിമല തടത്തിൽ വീട്ടിൽ അശ്വിൻ സുരേന്ദ്രനെയാണ് (23) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞൊങ്ങിണിക്കവല സ്വദേശിയായ യുവാവിനെ ഇയാൾ അസഭ്യംപറയുകയും ആക്രമിക്കുകയും അരയിൽ കരുതിയ കത്തി ഉപയോഗിച്ച് യുവാവിന്റെ കഴുത്തിന് വെട്ടാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇത് തടഞ്ഞ യുവാവിന്റെ കൈയിൽ മുറിവേറ്റു. ഇവർ കഴിഞ്ഞ ഓണത്തിന് ഞൊങ്ങിണി കവല ഭാഗത്ത് നടന്ന ഗാനമേളക്കിടെ ബഹളമുണ്ടാക്കുകയും യുവാവ് ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനുള്ള വിരോധം മൂലമാണ് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുക്കുകയും എസ്.എച്ച്.ഒ ഷോജോ വർഗീസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

