കാർബൺ ആഗിരണത്തിന് റബർ കൃഷി; ആഗോള ശ്രദ്ധ നേടി പഠനം
text_fieldsഅരുവിത്തുറ സെൻറ് ജോർജ് കോളജ് ബോട്ടണി വിഭാഗം വിദ്യാർഥികളുടെ ഗവേഷണഫലങ്ങൾ അടങ്ങിയ പുസ്തകത്തിന്റെ കോപ്പി പുതുപ്പള്ളി റബർ ഗവേഷണകേന്ദ്രത്തിലെ ട്രെയിനിങ് വിഭാഗം ഡയറക്ടർ ഡോ എച്ച്. പ്രീത വർമക്ക് കൈമാറുന്നു
ഈരാറ്റുപേട്ട: റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട് അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർഥികൾ നടത്തിയ പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു.
അധ്യാപകനായ ഡോ. അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക്, അതുല്യ ഷാജി, അമൃത കൃഷ്ണ, അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ജില്ലയിലെ വിവിധ തോട്ടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ഉയർന്ന തോതിൽ ആഗിരണം ചെയ്യാനുള്ള റബർ തോട്ടങ്ങളുടെ ശേഷി തെളിയിക്കപ്പെട്ടിരുന്നു.
റബർ കർഷകർക്ക് ഭാവിയിൽ കാർബൺ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാൻ ഇത് അവസരം ഒരുക്കുമെന്ന് പഠനം പറയുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്നു നടത്തിയ പഠനഫലങ്ങൾ, നെതർലൻഡിലെ പ്രശസ്ത പ്രസാധകരായ എൽസെവിയർ പ്രസിദ്ധീകരിച്ച ‘സുസ്ഥിര വികസനത്തിലേക്ക് കാർബൺ നിർമാർജന പദ്ധതികളുടെയും കാർബൺ ന്യൂട്രൽ മാർഗങ്ങളുടെയും സാധ്യതകൾ’ എന്ന പുസ്തകത്തിൽ അധ്യായമായി ചേർത്തു.
അമേരിക്കയിലെ കാൻസാസ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ എമിററ്റസ് പ്രഫസർ ഡോ. ലാറി എറിക്സൺ, ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലെ എമിരിറ്റസ് പ്രഫസർ ഡോ. എം.എൻ.വി. പ്രസാദ് തുടങ്ങിയവർ എഡിറ്റർമാരായി പ്രസിദ്ധികരിച്ച പുസ്തകം ശാസ്ത്ര ഗവേഷണലോകത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു.
പുസ്തകത്തിന്റെ കോപ്പി കോട്ടയം പുതുപ്പള്ളിയിലുള്ള റബർ ഗവേഷണ കേന്ദ്രത്തിലെ പരിശീലന വിഭാഗം ഡയറക്ടർ ഡോ. എച്ച്. പ്രിയ വർമ ഏറ്റുവാങ്ങി. ഗവേഷണ നേട്ടത്തെ കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

