ഇനി കോൺഗ്രസിൽ; ബിൻസി സെബാസ്റ്റ്യൻ ചെയർപേഴ്സൻ സ്ഥാനം രാജിവെച്ചു
text_fieldsബിൻസി സെബാസ്റ്റ്യൻ
കോട്ടയം: ബിൻസി സെബാസ്റ്റ്യൻ നഗരസഭ അധ്യക്ഷസ്ഥാനം രാജിവെച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര ആയി മത്സരിച്ചു ജയിച്ച ബിൻസി ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിനെ തുടർന്നാണ് രാജി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നപ്പോൾതന്നെ സ്വാഭാവികമായി സ്ഥാനം നഷ്ടപ്പെട്ടെങ്കിലും രാജിയിലൂടെ പിന്നീടുണ്ടാകുന്ന കൂറുമാറ്റ വിഷയങ്ങൾ ഒഴിവാക്കാനാവും. 53ാംവാർഡിലാണ് മത്സരിക്കുന്നത്. ഗാന്ധിനഗർ സൗത്തിൽ (വാർഡ് 52)നിന്നാണ് 2020ൽ മത്സരിച്ചത്. കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്ന ഷോബി ലൂക്കോസിന്റെ ഭാര്യയാണ്.
വിദേശത്ത് നഴ്സായിരുന്നു. വാർഡ് വനിതസംവരണമായതോടെ മത്സരിക്കാൻ ബിൻസി താൽപര്യം പ്രകടിപ്പിച്ചു. എന്നാൽ ഇതിന് അംഗീകാരം നൽകാതെ കോൺഗ്രസ് മറ്റൊരു സ്ഥാനാർഥിയെ നിർത്തി. തുടർന്ന് വിമതയായാണ് മത്സരിച്ചത്.
കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി തോൽക്കുകയും ബിൻസി ജയിക്കുകയും ചെയ്തതോടെ കോൺഗ്രസ് ബിൻസിയുടെ വഴിയിലേക്കു വന്നു. ഒടുവിൽ അഞ്ചുവർഷം ചെയർപേഴ്സനുമായി.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ബിൻസി വാർഡിൽ സജീവമായി പ്രചാരണരംഗത്തുണ്ട്. ഭർത്താവ് ഷോബി ലൂക്കോസും മത്സരിക്കുമെന്ന് വാർത്തകളുണ്ടെങ്കിലും ഒരാൾക്കേ സീറ്റ് നൽകൂ എന്നാണ് കോൺഗ്രസ് നിലപാട് എന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

