ബി.ജെ.പിയുടെ പാത പിന്തുടർന്ന് സംഘടനസംവിധാനം വിപുലമാക്കി ബി.ഡി.ജെ.എസ്
text_fieldsകോട്ടയം: സംസ്ഥാനത്ത് ബി.ജെ.പി നടപ്പാക്കിയ ജില്ല കമ്മിറ്റി വിപുലീകരണം മാതൃകയാക്കി എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസും. ബി.ജെ.പി ജില്ല കമ്മിറ്റികളുടെ എണ്ണം മുപ്പതാക്കി മാറ്റിയുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.
അതിന് സമാനമായ നിലയിലാണ് ബി.ഡി.ജെ.എസും അവരുടെ സംഘടന സംവിധാനത്തിൽ മാറ്റംവരുത്തിയത്. ആലപ്പുഴ, എറണാകുളം, തൃശൂർ, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ല കമ്മിറ്റികളെ വിഭജിച്ചാണ് പ്രവർത്തനം കൂടുതൽ വ്യാപകമാക്കുന്നത്. ചിലയിടങ്ങളിലെ ജില്ല കമ്മിറ്റികളെ മൂന്നായും മറ്റ് ചിലയിടങ്ങളിൽ രണ്ടായുമാണ് വിഭജിച്ചത്. മറ്റ് ജില്ലകളിലെ കമ്മിറ്റികൾ ഒന്നായി തുടരും. പാർട്ടിക്ക് സ്വാധീനമുള്ള ജില്ലകളിലാണ് സംഘടനാസംവിധാനം വിപുലമാക്കിയത്. 14 ജില്ലയിലായി 23 ജില്ല കമ്മിറ്റികളാകും ബി.ഡി.ജെ.എസിന് ഇനിയുണ്ടാകുക.
തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ മൂന്ന് വീതവും കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ല കമ്മിറ്റികളെ രണ്ടായുമായാണ് വിഭജിച്ചത്. ബി.ഡി.ജെ.എസിന് വ്യക്തമായ സ്വാധീനമുള്ള ആറ് ജില്ലയിലാണ് ജില്ല കമ്മിറ്റികളെ ഇത്തരത്തിൽ വിഭജിച്ചത്. സംഘടനാപ്രവർത്തനം കൂടുതൽ സുതാര്യവും ഊർജ്ജസലവുമായി നടപ്പാക്കാനാണ് ഈ സംവിധാനം കൊണ്ടുവന്നതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
പുതുതായി രൂപവത്കരിച്ച ജില്ല കമ്മിറ്റികൾക്കായി പ്രസിഡന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. ഓരോ ജില്ല കമ്മിറ്റിക്കും സംസ്ഥാന നേതാക്കളുടെ ചുമതലയും ലഭ്യമാക്കിയിട്ടുണ്ട്. അതിന് ആനുപാതികമായി മറ്റ് ഭാരവാഹികളെയും നിയോഗിക്കും.
ബി.ജെ.പിയും പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസും ജില്ല കമ്മിറ്റികളുടെ എണ്ണംകൂട്ടിയ സാഹചര്യത്തിൽ അതിനനുസരിച്ച് എൻ.ഡി.എ മുന്നണി സംവിധാനത്തിലും മാറ്റംവരും. എൻ.ഡി.എ ജില്ല കമ്മിറ്റികളുടെ എണ്ണത്തിലും മാറ്റമുണ്ടാകും.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സ്വാധീനമുള്ള ജില്ലകളിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനും മത്സരിക്കാനുമാണ് ബി.ഡി.ജെ.എസ് തീരുമാനം. കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വ്യക്തമായ സ്വാധീനമുള്ള ഇടങ്ങളുടെ പട്ടികയും പാർട്ടി തയാറാക്കിയിട്ടുണ്ട്.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ബി.ജെ.പി പലയിടങ്ങളിലും സ്വാധീനം ചെലുത്താൻ കഴിയുന്ന ശക്തിയായി മാറിയെന്നും അവരുടെ പിന്തുണയോടെ കൂടുതൽ സീറ്റുകളിൽ വിജയിക്കാനാകുമെന്നാണ് ബി.ഡി.ജെ.എസിന്റെ പ്രതീക്ഷ. എൻ.ഡി.എ ഘടകകക്ഷികളായിരുന്ന പലരും മുന്നണി വിട്ടിട്ടും പാർട്ടി ബി.ജെ.പിക്കൊപ്പം നിലകൊള്ളുകയാണെന്നും അതിനാൽ അർഹിക്കുന്ന സീറ്റുകൾ ഇക്കുറി ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും ബി.ഡി.ജെ.എസ് വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

