പെൻഷൻ ഫണ്ട് തട്ടിപ്പ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
text_fieldsകോട്ടയം: നഗരസഭയിൽനിന്ന് പെൻഷൻഫണ്ട് തട്ടിപ്പിലൂടെ 2.39 കോടി രൂപ തട്ടിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം നഗരസഭയിലെ മുൻ ക്ലർക്കായിരുന്ന കൊല്ലം സ്വദേശി അഖിൽ സി. വർഗീസിന്റെ ജാമ്യാപേക്ഷയാണ് കോട്ടയം വിജിലൻസ് കോടതി തള്ളിയത്.
തട്ടിപ്പ് കണ്ടെത്തിയശേഷം പ്രതി ഒരുവർഷത്തോളം ഒളിവിൽ കഴിഞ്ഞെന്നും വിജിലൻസിന്റെ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലായതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ആ സാഹചര്യത്തിൽ അഖിലിന് ജാമ്യം അനുവദിച്ചാൽ അത് കേസിനെ ബാധിക്കുമെന്ന വിജിലൻസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
മരിച്ചവരുടെ പെൻഷൻ അക്കൗണ്ടിലേക്ക് മുമ്പും ഫണ്ട് പോയിരുന്നുവെന്നും ഇത് മറയാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നുമാണ് അഖിൽ മൊഴി നൽകിയതെന്നാണ് വിവരം. അഖിലിന്റെ ഈ മൊഴി മുമ്പും സമാന തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന സംശയം ബാക്കിയാക്കുകയാണ്. വർഷങ്ങളോളം അമ്മയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന വിശദീകരണവും പ്രതി നൽകിയിട്ടുണ്ട്. അഖിൽ ഒറ്റക്കാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്.
തട്ടിപ്പ് നടന്ന കാലയളവിൽ പെൻഷൻ ഫണ്ട് വിഭാഗം കൈകാര്യംചെയ്ത സെക്രട്ടറിമാർ ഉൾപ്പെടെ ഇരുപതോളം ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ഇവർക്കെതിരെ കൃത്യവിലോപക്കുറ്റം ചുമത്തുമെന്നാണ് സൂചന. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് കോടതിയിൽ ഹാജരായി. വിജിലൻസ് സി.ഐ ബി. മഹേഷ് പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണവും തെളിവെടുപ്പും നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

