അട്ടിമറിക്കുമോ കുന്നത്തൂർ...
text_fieldsശാസ്താംകോട്ട : ജില്ലയിലെ ഏക സംവരണ മണ്ഡലമായ കുന്നത്തൂരിന്റെ ഉയിര് ഇത്തവണ ആർക്കൊപ്പമാണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കയർ -കശുവണ്ടി- കർഷകത്തൊഴിലാളികളും ദലിത്-പിന്നാക്ക വിഭാഗങ്ങളും ഏറെ അധിവസിക്കുന്ന കുന്നത്തൂരിൽ ഇത്തവണ വികസനമാണ് ചർച്ച ചെയ്യപ്പെടുന്നത്. ആർ.എസ്.പി സ്ഥാനാർഥിയായും പിന്നെ സ്വന്തം പാർട്ടിയായ ആർ.എസ്.പി ലെനിനിസ്റ്റായും കാൽ നൂറ്റാണ്ടായി മണ്ഡലം കൈയ്യിൽ വെച്ചിരിക്കുന്ന കോവൂർ കുഞ്ഞുമോനെ മാറ്റി പരീക്ഷിക്കാൻ ധൈര്യം ഇല്ലാത്ത ഇടതുപക്ഷം ഇക്കുറിയും അദ്ദേഹത്തിന് തന്നെയാണ് നറുക്ക് നൽകിയിരിക്കുന്നത്. പിടിച്ചെടുക്കാൻ യു.ഡി.എഫും എൻ.ഡി.എയും അരയും തലയും മുറുക്കി രംഗത്തുണ്ട്.
കോവൂർ കുഞ്ഞുമോനെതിരെ യു.ഡി.എഫിനായി ആർ.എസ്.പിയിലെ ഉല്ലാസ് കോവൂരും എൻ.ഡി.എക്കുവേണ്ടി ബി.ജെ.പിയുടെ രാജി പ്രസാദും മത്സരിക്കുമ്പോൾ 2021ലെ മത്സരത്തിന്റെ തനിയാവർത്തനമാണ് 2026ലും നടക്കുന്നത്. ഇതിൽ കോവൂർ കുഞ്ഞുമോനും ഉല്ലാസ് കോവൂരും അടുത്ത ബന്ധുക്കളാണ് എന്ന പ്രത്യേകതയും ഉണ്ട്.
1965 വരെ അടൂർ ദ്വയാംഗ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കുന്നത്തൂർ 1967ൽ ആണ് ഏകാംഗ മണ്ഡലവും സംവരണ മണ്ഡലവുമായത്. മണ്ഡലം രൂപവത്കൃതമായശേഷം 1982ൽ യു.ഡി.എഫ് സ്ഥാനാർഥി കോട്ടക്കുഴി സുകുമാരൻ ഒരുതവണ ജയിച്ചതൊഴിച്ചാൽ മറ്റ് എല്ലാ തവണയും എൽ.ഡി.എഫ് ആണ് ഇവിടെ ജയിച്ചുവരുന്നത്. അതുകൊണ്ടുതന്നെ കുന്നത്തൂർ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട എന്നാണ് അറിയപ്പെടുന്നത്.
എൽ.ഡി.എഫിൽ ആർ.എസ്.പിയാണ് മണ്ഡലത്തിൽ സ്ഥിരമായി മത്സരിക്കുന്നത്. കല്ലട നാരായണൻ, ടി. നാണു മാസ്റ്റർ, കോവൂർ കുഞ്ഞുമോൻ എന്നിവരാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തവർ. ഇതിൽ 2001 മുതൽ 5 തവണയായി കുഞ്ഞുമോൻ നിയമസഭാംഗമാണ്. ആർ.എസ്.പി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ ചേർന്നപ്പോൾ കോവൂർ കുഞ്ഞുമോനും യു.ഡി.എഫിന്റെ ഭാഗമായി. എന്നാൽ, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ആർ.എസ്.പി (ലെനിനിസ്റ്റ്) എന്ന പാർട്ടി രൂപവത്കരിച്ച് എൽ.ഡി.എഫിന്റെ ഭാഗമാവുകയായിരുന്നു. നിലവിൽ കുന്നത്തൂർ, ശാസ്താംകോട്ട, പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി, പവിത്രേശ്വരം, കിഴക്കേ കല്ലട, മൺട്രോതുരുത്ത് എന്നീ 10 പഞ്ചായത്തുകളാണ് മണ്ഡലത്തിന്റെ ഭാഗമായുള്ളത്. കുന്നത്തൂരിന്റെ ഭാഗമായിരുന്ന തഴവ ഗ്രാമ പഞ്ചായത്തിനെ കരുനാഗപ്പള്ളി മണ്ഡലത്തോട് ചേർത്തും കുണ്ടറ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കിഴക്കേ കല്ലടയും മൺട്രോതുരുത്തും നെടുവത്തുർ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പവിത്രേശ്വരവും കുന്നത്തൂരിനോടൊപ്പം ചേർത്തുമാണ് നിലവിലെ മണ്ഡലം പുനഃക്രമീകരണം നടത്തിയത്.
സമകാലിക രാഷ്ട്രീയത്തോടൊപ്പം കുന്നത്തൂരിന്റെ വികസനമാണ് ഇവിടെ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ശാസ്താംകോട്ട കായൽ സംരക്ഷണം, താലൂക്ക് ആശുപത്രി വികസനം, മൈനാഗപ്പള്ളി മേൽപ്പാല നിർമാണം, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസനം, പൈപ്പ് റോഡ് വികസനം, കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർഥ്യമാകാത്തത്, വിവിധ പാലങ്ങളുടെ നിർമാണം, സർക്കാർ മേഖലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ഇല്ലാത്തത്, റോഡുകളുടെ തകർച്ച, യാത്രാക്ലേശം തുടങ്ങിയവ തെരഞ്ഞെടുപ്പ് ചർച്ചകളിലെ ചിലത് മാത്രം.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം, മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ 6 പഞ്ചായത്തുകളിൽ ലഭിച്ച ഭരണം, എൽ.ഡി.എഫിന്റെ കെട്ടുറപ്പ്, കോവൂർ കുഞ്ഞുമോൻ എം.എൽ.എ എന്ന നിലയിൽ കഴിഞ്ഞ 25 വർഷമായി സ്ഥാപിച്ച വ്യക്തിബന്ധങ്ങൾ തുടങ്ങിയവ ഇത്തവണയും തങ്ങൾക്ക് അനുകൂലമാകുമെന്ന് എൽ.ഡി.എഫ് കരുതുന്നു.
2 തവണ പരാജയപ്പെട്ടിട്ടും മണ്ഡലത്തിൽ നിറഞ്ഞ് പ്രവർത്തിച്ചത്, സ്ഥാനാർത്ഥിത്വം നേരത്തേതന്നെ പ്രഖ്യാപിച്ചത്, 2016ൽ എൽ.ഡി.എഫ്ന് ലഭിച്ച 20000ൽ അധികം ഭൂരിപക്ഷം 2021ൽ 2700 ആയി കുറക്കാൻ സാധിച്ചത്, ഇത്തവണ എങ്കിലും മണ്ഡലം തിരിച്ചുപിടിക്കണമെന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസം തുടങ്ങിയവ തങ്ങൾക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ് ക്യാമ്പ് വിശ്വസിക്കുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ച വലിയ മുന്നേറ്റം, ചിട്ടയായ പ്രവർത്തനം, വികസനത്തിനുവേണ്ടിയുള്ള വോട്ട് അഭ്യർഥന, മണ്ഡലം നേരിടുന്ന വിവിധ പ്രശനങ്ങൾക്കുള്ള പരിഹാര ഉറപ്പുകൾ തുടങ്ങിയവ തങ്ങൾക്ക് അനുകൂലമാകുമെന്ന് എൻ.ഡി.എയും കരുതുന്നു.
വോട്ടു നില 2021
കോവൂർ കുഞ്ഞുമോൻ(എൽ.ഡി.എഫ് - ആർ. എസ്. പി (ലെനിനിസ്റ്റ്) -69436
ഉല്ലാസ് കോവൂർ (യു.ഡി.എഫ് -ആർ.എസ്. പി ) -66646
രാജി പ്രസാദ് ( ബി. ജെ. പി )- 21760
ഭൂരിപക്ഷം -2790
വോട്ടുനില 2016
കോവൂർ കുഞ്ഞുമോൻ-75725
ഉല്ലാസ് കോവൂർ-55196
തഴവ സഹദേവൻ(ബി.ഡി.ജെ.എസ്)-21742
കോവൂർ കുഞ്ഞുമോൻ-
2001 മുതൽ കുന്നത്തൂർ എം.എൽ.എ, ആർ.എസ്. പി (ലെനിനിസ്റ്റ്) സ്ഥാപക നേതാവ്, കുന്നത്തൂരിൽ ആറാം അങ്കം, അവിവാഹിതൻ.
ഉല്ലാസ് കോവൂർ
മാധ്യമ- സിനിമ പ്രവർത്തകൻ, നാടൻപാട്ട് കലാകാരൻ, ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്, കുന്നത്തൂരിൽ മൂന്നാം അങ്കം.
രാജി പ്രസാദ്
ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ല പ്രസിഡന്റ്. 2016ൽ ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലും 2020ൽ ജില്ല പഞ്ചായത്തിലേക്കും മത്സരിച്ചു. 2005-’10 കാലഘട്ടത്തിൽ ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. യുവമോർച്ചയുടെയും ബി.ജെ.പിയുടെയും ജില്ല- സംസ്ഥാന നേതൃപദവികൾ വഹിച്ചു. കുന്നത്തൂരിൽ രണ്ടാം അങ്കം. നോർത്ത് മൈനാഗപള്ളി സ്വദേശി.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

