ചുമരുകൾ റെഡി; നാട്ടിലെങ്ങും തെരഞ്ഞെടുപ്പ് മൂഡ്
text_fieldsകോർപറേഷനിലെ അതിർത്തി പങ്കിടുന്ന ഡിവിഷനുകളിലെ യു.ഡി.എഫ് സ്ഥാനാർഥികളായ തങ്കശേരി വാർഡിലെ ഉദയാ
സുകുമാരനും തിരുമുല്ലവാരം വാർഡിലെ ഉദയ തുളസീധരനും വേണ്ടി ഒരേ മതിലിൽ ചുവരെഴുത്ത് നടത്തുന്നു
കൊല്ലം: തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നില്ലെങ്കിലും നാട് തെരഞ്ഞെടുപ്പ് മൂഡിലേക്ക്. കോർപറേഷൻ മുതൽ പഞ്ചായത്ത് വരെയായി സ്ഥാനാർഥി പ്രഖ്യാപനം തുടങ്ങിവെച്ച് പോരാട്ടക്കളത്തിൽ യു.ഡി.എഫ് മുൻകൈ നേടിക്കഴിഞ്ഞു. മറുവശത്ത് പ്രധാന എതിരാളികളായ എൽ.ഡി.എഫ്, ബി.ജെ.പി പാളയങ്ങളിൽ കളം നിരീക്ഷിച്ച് പോരാളികളുമായി രംഗത്തിറങ്ങാനുള്ള ചർച്ചകൾ പൊടിപൊടിക്കുകയാണ്.
ചുവരെഴുത്തുകളും ഒരറ്റത്ത് പ്രചാരണരംഗവും സജീവമാകുകയാണ്. കോർപറേഷനിൽ കോൺഗ്രസ് രണ്ട് ദിവസം മുമ്പ് 13 സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് ചുവടുപിടിച്ച് ആർ.എസ്.പി വ്യാഴാഴ്ച 10 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു. ഇതോടെ കോർപറേഷൻ മത്സരരംഗം ചൂടുപിടിച്ചു തുടങ്ങി. ഒരു ഡിവിഷനിലെ സ്ഥാനാർഥിയെ മാത്രം പ്രഖ്യാപിക്കാൻ ബാക്കിയിരിക്കെ, ഒരു ആർ.എസ്.പി കൗൺസിലർക്ക് മാത്രമാണ് വീണ്ടും മത്സരിക്കാൻ അവസരം ലഭിച്ചത്. നിലവിലെ ഭരണസമിതിയിൽ ഉപതെരഞ്ഞെടുപ്പിലൂടെ കൗൺസിലറായ ദീപു ഗംഗാധരന് ആണ് മൂന്നാം ഡിവിഷനായ മീനത്തുചേരിയിൽ വീണ്ടും മത്സരിക്കാൻ നറുക്കുവീണത്. മറ്റാർക്കും തുടർച്ച ലഭിച്ചിട്ടില്ല.
രണ്ടാം ഡിവിഷനായ ശക്തികുളങ്ങരയിൽ രേഖ ഉണ്ണി, അഞ്ചാലുംമൂട്(10) അഡ്വ.എം.എസ്. ഗോപകുമാർ, മതിലിൽ(12) എൽ. സെബാസ്റ്റ്യൻ, ആശ്രാമം(15) ജി. മണികണ്ഠൻ, മങ്ങാട്(21) ബി. ജലജ, ചാത്തിനാംകുളം എസ്. ശിവകുമാർ, പള്ളിമുക്ക്(29) ഷൈമ, ഇരവിപുരം(40) ലിജി മോഹൻ, കന്നിമേൽ(56) തച്ചേഴത്ത് വേണുഗോപാൽ എന്നിവരെയാണ് ആർ.എസ്.പി രംഗത്ത് ഇറക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി കോർപറേഷനിൽ വിവിധ ഡിവിഷനുകളിൽ ചുമരെഴുത്തും പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു. എന്നാൽ, സ്ഥാനാർഥി നിർണയം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾ ഉയരുന്നതിന്‍റെ മുറുമുറുപ്പും തുടങ്ങിക്കഴിഞ്ഞു. പണിയെടുക്കുന്നവരെ തഴയുന്നുവെന്ന പരാതിയാണ് ഉയരുന്നത്. ഇതിന്‍റെ ബാക്കിയായി തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കെതിരെ പരസ്യപ്രതികരണം നടത്തിയ അമ്മൻനട സിദ്ധാർഥനെ പുറത്താക്കുകയും ചെയ്തു.
സീറ്റുകൾ വെച്ചുമാറുന്ന വിഷയത്തിൽ യു.ഡി.എഫിനുള്ളിൽ ചർച്ചകൾ തുടരുന്നതേയുള്ളു. ഇതിലും കരടുകൾ വീഴുന്നുവെന്ന് വിലയിരുത്തിയാണ് എതിർപക്ഷം കരുക്കൾ നീക്കുന്നത്. യു.ഡി.എഫ് മുതിർന്ന നേതാവായ എ.കെ. ഹഫീസിനെ കോർപറേഷൻ മേയർ സ്ഥാനാർഥിയായി രംഗത്ത് ഇറക്കിയതോടെ എൽ.ഡി.എഫും കരുത്തരെ തന്നെ കളത്തിൽ ഇറക്കാനുള്ള ഒരുക്കമാണ് നടത്തുന്നത്. എക്സ്. ഏണസ്റ്റ് പോലുള്ള പ്രമുഖരാണ് മേയർ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നത്.
പഞ്ചായത്ത് മേഖലകളിലും സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. അവിടെയും യു.ഡി.എഫ് ആണ് പ്രഖ്യാപനത്തിൽ മുന്നിൽ. തഴവ പഞ്ചായത്തിൽ മുഴുവൻ വാർഡിലും യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം, റിബൽ പ്രശ്നങ്ങൾ പലയിടങ്ങളും ഉയർന്നുവരുന്നത് പരിഹരിക്കാനുള്ള ഓട്ടത്തിലാണ് പ്രാദേശിക നേതൃത്വങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

