ശാസ്താംകോട്ട സി.ഡി.എസിന് കുടുംബശ്രീ ജില്ല പുരസ്കാരം
text_fieldsകൊല്ലം: കുടുംബശ്രീ മിഷൻ ത്രിതല സംവിധാനം, ജില്ല-സംസ്ഥാന തലങ്ങളിൽ വിവിധ മേഖലകളിലായി മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്കുള്ള പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ലയിൽ ശാസ്താംകോട്ട സി.ഡി.എസിനാണ് പുരസ്കാരം. സി.ഡി.എസ് തനത് സംയോജന പ്രവർത്തനം, കാർഷികം - മൃഗസംരക്ഷണം, കാർഷികേതരം എന്നീ മേഖലകളിലാണ് ശാസ്താംകോട്ടയുടെ മിന്നും നേട്ടം. മികച്ച സി.ഡി.എസ്-സാമൂഹിക വികസനത്തിനുള്ള പുരസ്കാരം കടക്കൽ സി.ഡി.എസ് നേടി.
മികച്ച രീതിയിലുള്ള പ്രവർത്തനം കാഴ്ചവെച്ച് ജില്ലയിലെ മികച്ച അയൽക്കൂട്ടം പുരസ്കാരത്തിന് അർഹയായത് ശാസ്താംകോട്ട ബ്ലോക്കിലെ മൈനാഗപ്പള്ളി സി.ഡി.എസിൽ അഫിലിയേഷൻ നേടിയ ഉഷസ് അയൽക്കൂട്ടമാണ്. മികച്ച എ.ഡി.എസ് വിഭാഗത്തിൽ എട്ട് എ.ഡി.എസുകളെ പിന്നിലാക്കി മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച ഓച്ചിറ ബ്ലോക്കിലെ കൊറ്റമ്പള്ളി എ.ഡി.എസാണ് ഒന്നാംസ്ഥാനത്ത്. മികച്ച ബഡ്സ്/ ബി.ആർ.സി സ്ഥാപനം വിഭാഗത്തിൽ ഇട്ടിവ ബഡ്സ് സ്ഥാപനങ്ങൾ വേറിട്ട പ്രവർത്തനത്തിന്റെ മികവിൽ ഒന്നാംസ്ഥാനം നേടി. മികച്ച ജി.ആർ.സിയായി കടക്കൽ ജി.ആർ.സിയെ തെരഞ്ഞെടുത്തു.
ജില്ലയിലെ മികച്ച സംരംഭകയായി കൊട്ടാരക്കര ബ്ലോക്ക് കരീപ്ര സി.ഡി.എസിലെ ഗായത്രി ഫുഡ് പ്രോഡക്ട്സിനെയും, മികച്ച സംരംഭ ഗ്രൂപ്പായി ചടയമംഗലം ബ്ലോക്ക് ഇട്ടിവ സി.ഡി.എസിലെ പ്രതീക്ഷ ഫ്ലോർ മില്ലിനെയും, മികച്ച ഓക്സിലറി സംരംഭ ഗ്രൂപ്പായി ശാസ്താംകോട്ട ബ്ലോക്ക് മൈനാഗപ്പള്ളി സി.ഡി.എസിന്റെ കീഴിലുള്ള നോവ ക്രാഫ്റ്റിനെയും തെരഞ്ഞെടുത്തു. ജില്ലതല ജേതാക്കൾ സംസ്ഥാനതലത്തിൽ മത്സരിക്കും.
കുടുംബശ്രീ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ അയൽക്കൂട്ടം, എ.ഡി.എസ്, സംരംഭക, സംരംഭ ഗ്രൂപ്പ് കൂടാതെ തനത് സംയോജന പ്രവർത്തനങ്ങൾ, സാമൂഹിക വികസനം- ജെൻഡർ, കാർഷികം- മൃഗസംരക്ഷണം, കർഷികേതര ഉപജീവനം എന്നീ നാല് വിഭാഗങ്ങളിലായി സി.ഡി.എസ്, ബഡ്സ് സ്ഥാപനം, ജി.ആർ.സി (ജെൻഡർ റിസോഴ്സ് സെന്റർ), ഓക്സിലറി സംരംഭ ഗ്രൂപ്പ് എന്നിങ്ങനെ 11 വിഭാഗങ്ങളിൽ ജില്ലതല അവാർഡ് ഫലപ്രഖ്യാപനം കുടുംബശ്രീ ജില്ല മിഷൻ നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.