പത്തനാപുരം താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാര്‍ ക്ഷാമം; 24 മണിക്കൂര്‍ സേവനം നിലച്ചു
text_fieldsrepresentational image
പത്തനാപുരം: ഡോക്ടർമാരില്ല, പത്തനാപുരം താലൂക്കാശുപത്രിയിലെ 24 മണിക്കൂർ ചികിത്സ സൗകര്യം നിലച്ചു. 11 ഡോക്ടർമാരാണ് താലൂക്കാശുപത്രിയിൽ ആകെയുള്ളത്. ഇതിൽ രണ്ടുപേരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റി.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മറ്റൊരാൾ അവധിയിലാണ്. ഇതിനിടെ നാല് ഡോക്ടർമാർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതോടെ അവരും അവധിയിൽ പ്രവേശിച്ചു. ഇതോടെ രണ്ടുമാസം മുമ്പ് ആരംഭിച്ച 24 മണിക്കൂർ സേവനം ആശുപത്രിയിൽ നിലച്ചിരിക്കുകയാണ്.
കിഴക്കൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ദിവസേന നൂറുകണക്കിനാളുകളാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. നിരവധി പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒടുവിലാണ് 24 മണിക്കൂർ സേവനം ആരംഭിക്കുകയും 11 ഡോക്ടർമാരെ നിയമിക്കുകയും ചെയ്തത്.
കൂടുതല്‍ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ ആരോഗ്യവകുപ്പിന് നിവേദനം നൽകിയിരുന്നു. കഴിഞ്ഞദിവസം പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണയും സംഘടിപ്പിച്ചിരുന്നു.
ഇതിനിടെ കൊല്ലം ജില്ല പ്രോഗ്രാം ഓഫിസര്‍ ഡോ. ദേവ കിരണ്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ മനസ്സിലാക്കുകയും ചെയ്തു. രണ്ട് ഡോക്ടർമാരെക്കൂടി പുതുതായി നിയമിക്കാമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഡോക്ടർമാരിൽ മൂന്നുപേർ കഴിഞ്ഞ ദിവസം തിരികെ ജോലിയിലേക്ക് പ്രവേശിച്ചു. എന്നിട്ടും 24 മണിക്കൂർ സേവനം ആശുപത്രിയിൽ പുനരാരംഭിച്ചില്ല.
വെള്ളം തെറ്റി, ആവണിപ്പാറ, മുള്ളുമല തുടങ്ങിയ ആദിവാസി ഊരുകളില്‍നിന്ന് നാഗമല, എസ്.എഫ്.സി.കെ എസ്റ്റേറ്റുകളിലെ തൊഴിലാളികൾ അടക്കം നിരവധിപേരാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. ജീവനക്കാരുടെ ക്ഷാമം പ്രവർത്തനത്തെ ഏറെ ബാധിക്കുന്നുണ്ട്.